26 April Friday

ജിയോ ടാഗും വേതന കുടിശ്ശികയും ; തൊഴിലുറപ്പിൽ പ്രതിസന്ധി: 
റിപ്പോർട്ട്‌ കൈമാറി

ആർ ഹേമലതUpdated: Tuesday Jul 5, 2022


കൊച്ചി
ജിയോ ടാഗും വേതനകുടിശ്ശികയും തൊഴിലുറപ്പുതൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്‌. ജില്ലയിലെ തൊഴിലുറപ്പുതൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമിച്ച ഓംബുഡ്‌സ്‌മാൻ എംഡി വർഗീസ്‌ ചീഫ്‌ സെക്രട്ടറിക്ക്‌ കൈമാറിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യങ്ങളുള്ളത്‌. മുൻകൂർ പണംമുടക്കി ചെയ്ത ജോലികളിൽ ജില്ലയിൽ ഏകദേശം 6000 തൊഴിലുറപ്പുതൊഴിലാളികൾക്ക്‌ ഒമ്പതുമാസത്തെ കുടിശ്ശികയായി കേന്ദ്രസർക്കാൻ നൽകാനുള്ളത്‌ 12.22 കോടി രൂപയാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. 

തൊഴിലുറപ്പുതൊഴിലാളികളുടെ ഹാജർ ജിയോ ടാഗിലൂടെ വേണമെന്ന്‌ കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. ഇത്‌ സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഉൾപ്രദേശങ്ങളിൽ ജോലി ചെയ്യുമ്പോൾ ഇന്റർനെറ്റ്‌ സംവിധാനങ്ങളുടെ അപര്യാപ്‌തതയും പ്രശ്‌നമാണ്‌. രാവിലെ 9.15നുമുമ്പ്‌ ജോലിക്കെത്തിയവരുടെ ഫോട്ടോ സഹിതം അപ്‌ലോഡ്‌ ചെയ്യണം. ഇത്‌ പലപ്പോഴും പ്രായോഗികമല്ല. 9.15നുശേഷമാണ്‌ അപ്‌ലോഡ്‌ ചെയ്യുന്നതെങ്കിൽ 311 രൂപ വേതനവും നഷ്‌ടമാകും. സ്‌മാർട്ട്‌ ഫോൺ വാങ്ങാനും ഇന്റർനെറ്റ്‌ റീചാർജ്‌ ചെയ്യാനും സാമ്പത്തികമായി ബുദ്ധിമുട്ട്‌ നേരിടുന്നവരുണ്ട്‌.

  തൊഴിലുറപ്പ്‌ പദ്ധതി അനുവദിക്കുന്നത്‌ 60–-40 അനുപാതത്തിലാണ്‌. 60 ശതമാനം കായികാധ്വാനവും 40 ശതമാനം മെറ്റീരിയൽ ജോലികളും. ആട്ടിൻകൂടും പശുത്തൊഴുത്തും മാലിന്യക്കുഴിയുമെല്ലാം നിർമിക്കാൻ ഇവർ മുൻകൂർ പണംമുടക്കി മെറ്റീരിയലുകൾ വാങ്ങും.  തുടർവർഷങ്ങളിൽ പദ്ധതി സമർപ്പിക്കുന്നതിൽനിന്ന്‌ തൊഴിലാളികൾ പിന്മാറുന്നതിന്‌ ഫണ്ട്‌ കുടിശ്ശിക കാരണമാകുമെന്ന്‌ എൻആർഇജി വർക്കേഴ്‌സ്‌ യൂണയിൻ ജില്ലാ പ്രസിഡന്റ്‌ ബീന ബാബുരാജ്‌ പറഞ്ഞു. തൊഴിലുറപ്പ്‌ തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ അജൻഡയാണ്‌ ജിയോ ടാഗ്‌ പോലെയുള്ള നിർബന്ധിത ഹാജർ നടപ്പാക്കലിലൂടെ പുറത്തുവരുന്നതെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top