27 April Saturday

തുറന്ന ചർച്ചയ്‌ക്ക് സർക്കാർ ; വെട്ടിലായി പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


തിരുവനന്തപുരം  
അനാവശ്യകാര്യങ്ങൾ അടിയന്തര പ്രശ്‌നങ്ങളായി ഉന്നയിച്ച്‌ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം പ്രതിപക്ഷത്തിനു തിരിച്ചടിയാകുന്നു. നിസ്സാര പ്രശ്‌നങ്ങളെ ഊതിപ്പെരുപ്പിച്ച്‌ കൊണ്ടുവരുന്ന അടിയന്തര പ്രമേയങ്ങൾപോലും ചർച്ചചെയ്യുന്നതിലൂടെ സർക്കാർ പ്രതിപക്ഷത്തിന്റെ കൈയടിയും നേടുന്നു.

എ കെ ജി സെന്ററിനുനേരെ നടന്ന ബോംബ്‌ ആക്രമണത്തിലെ പൊലീസ്‌ അന്വേഷണമായിരുന്നു തിങ്കളാഴ്‌ച പ്രതിപക്ഷം അടിയന്തര പ്രമേയമാക്കിയത്‌. ഇത്‌ സർക്കാർ നിരസിക്കുമെന്നും അതിലൂടെ ബഹളം സൃഷ്ടിക്കാമെന്നുമുള്ള പ്രതിപക്ഷ പ്രതീക്ഷ സർക്കാർ തല്ലിക്കെടുത്തി. രണ്ടുമണിക്കൂർ ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറായതോടെ പ്രതിപക്ഷ മോഹം പൊളിഞ്ഞു.  പ്രതിപക്ഷ അംഗങ്ങൾക്കുതന്നെ സർക്കാരിനെ ഇതിന്റെ പേരിൽ അഭിനന്ദിക്കേണ്ടിവന്നു. ചർച്ചയും മുഖ്യമന്ത്രിയുടെ മറുപടിയും കഴിഞ്ഞപ്പോൾ അവർക്ക്‌  നിരാശ മാത്രം.

ഇരുപത്തെട്ടിന്‌ സ്വർണക്കടത്തുകാരിയുടെ ആരോപണങ്ങളെ അടിയന്തര പ്രമേയമാക്കി അവതരിപ്പിച്ചപ്പോഴും സർക്കാർ തടഞ്ഞില്ല. ചർച്ച കഴിഞ്ഞപ്പോൾ, ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന പതിവ്‌ പല്ലവിയിൽമാത്രം പ്രതിപക്ഷ രോദനം അവസാനിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അതിക്രമവുമായി ബന്ധപ്പെട്ട്‌ 27നു നൽകിയ അടിയന്തര പ്രമേയത്തിലാകട്ടെ ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറായിട്ടും പ്രതിപക്ഷം നോട്ടീസ്‌ അവതരിപ്പിക്കാതെ ഒളിച്ചോടി. കഴിഞ്ഞ സഭാസമ്മേളനത്തിൽ കെ–- റെയിലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സർക്കാർ ചർച്ചയ്‌ക്കെടുത്തിരുന്നു. പുകമറയില്ലാതെ, പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ വ്യക്തത വരുത്തിപ്പോകാമെന്ന നിലപാടാണ്‌ സർക്കാരിന്റേത്‌.

പ്രതിപക്ഷം 
ഇറങ്ങിപ്പോയി
അടിയന്തര പ്രമേയം നിയമസഭ ചർച്ചചെയ്‌ത്‌ തള്ളിയതോടെ പ്രതിപക്ഷം സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി. എ കെ ജി സെന്ററിനുനേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാത്തത് സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പി സി വിഷ്‌ണുനാഥാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌.

ശൂന്യവേളയിൽ സ്‌പീക്കർ എം ബി രാജേഷ്‌ നോട്ടീസ് പരിഗണിച്ചപ്പോൾ, ചർച്ച ചെയ്യാമെന്ന സർക്കാർ നിലപാട്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടർന്ന്‌ പകൽ ഒന്നിന്‌ ചർച്ചയ്‌ക്ക്‌ തുടക്കമിട്ട വിഷ്‌ണുനാഥ്‌, കോൺഗ്രസാണ്‌ അക്രമത്തിനു പിന്നിലെന്ന്‌ സിപിഐ എം നേതാക്കൾ പ്രചരിപ്പിച്ചതായി ആരോപിച്ചു. ഭരണപക്ഷത്തുനിന്ന്‌ എം എം മണി, കടകംപള്ളി സുരേന്ദ്രൻ, കെ വി സുമേഷ്‌, പി എസ്‌ സുപാൽ, എൻ ജയരാജ്,  കോവൂർ കുഞ്ഞുമോൻ എന്നിവരും പ്രതിപക്ഷത്തുനിന്ന്‌ വി ഡി സതീശൻ, ‌റോജി എം ജോൺ, കെ പി എ മജീദ്, കെ കെ രമ, അനൂപ് ജേക്കബ് എന്നിവരും സംസാരിച്ചു.

സംഭവത്തിൽ വലിയ ആസൂത്രണവും ഗൂഢാലോചനയും നടന്നതായി ചർച്ചയ്‌ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. അതിൽ പങ്കാളികളായവരെ പുറത്തുകൊണ്ടുവരുന്ന അന്വേഷണമാണ്‌ പൊലീസ്‌ നടത്തുന്നതെന്നും പ്രതികളെയെല്ലാം പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന്‌ വിഷ്‌ണുനാഥിന്റെ ആവശ്യപ്രകാരം പ്രമേയം വോട്ടിനിട്ടു. ശബ്ദവോട്ടിൽ പ്രമേയം തള്ളി. തുടർന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്‌ പ്രഹസനം. തങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങൾക്കെല്ലാം മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന പതിവ്‌ ആരോപണവും പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top