27 April Saturday

ധൈഷണികതയും ജനകീയതയും 
ഒത്തുചേർന്ന നേതാവ്‌: എം മുകുന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022


കണ്ണൂർ
ധൈഷണികതയും ജനകീയതയും ഒത്തിണങ്ങിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ നോവലിസ്‌റ്റ്‌ എം മുകുന്ദൻ പറഞ്ഞു. വായിച്ചും ചിന്തിച്ചുമുള്ള ആഴം ഉള്ളിലുണ്ടായിരുന്നു. ഒപ്പം ഇ കെ നായനാരെപ്പോലെ ജനകീയനുമായിരുന്നു. കോടിയേരിക്ക്‌ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല വായനക്കാരനായിരുന്നു കോടിയേരി. പൊതുപ്രവർത്തന തിരക്കിനിടയിൽ പലർക്കും വായിക്കാൻ സമയം കിട്ടാറില്ല. അദ്ദേഹം അതിൽനിന്ന്‌ വ്യത്യസ്‌തനായിരുന്നു. സാഹിത്യകാരന്റെ സ്വാതന്ത്ര്യത്തെ മാനിച്ചിരുന്നു. സാഹിത്യത്തിലെ നീതിബോധവും മാനവികതയും തിരിച്ചറിയാനുള്ള കഴിവും കോടിയേരിക്കുണ്ടായിരുന്നു.

മയ്യഴിക്ക്‌ തൊട്ടടുത്താണ്‌ കോടിയേരി ഗ്രാമം.  ഭൂമിശാസ്‌ത്രപരമായി മാത്രമല്ല, പ്രത്യയശാസ്‌ത്രപരമായും അയൽക്കാരനാണ്‌. പ്രത്യയശാസ്‌ത്രത്തിൽ കൂടെ നടക്കുന്നവരാണ്‌ ഞങ്ങൾ. വിദ്യാർഥി രാഷ്‌ട്രീയപ്രവർത്തകനായത്‌ മുതലുള്ള ബന്ധമാണ്‌. കോടിയേരി എന്ന ഗ്രാമം കോടിയേരിയിലൂടെയാണ്‌ ലോകത്തോളം വളർന്നത്‌. നല്ലൊരു സുഹൃത്തിനെ, സഹോദരനെയാണ്‌ നഷ്‌ടപ്പെട്ടത്‌. കോടിയേരിയുടെ സാന്നിധ്യം ആവശ്യമുള്ള സന്ദർഭത്തിലാണ്‌ അദ്ദേഹം വിടപറയുന്നതെന്നും എം മുകുന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top