27 April Saturday

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ‘സെഞ്ച്വറി’ തിളക്കത്തിന്‌ എൽഡിഎഫ്‌ 
, സഹതാപമിറക്കാൻ യുഡിഎഫ്‌

പ്രത്യേക ലേഖകൻUpdated: Wednesday May 4, 2022


തിരുവനന്തപുരം
തിങ്കളാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതോടെ തൃക്കാക്കരയിൽ രാഷ്‌ട്രീയക്കളം ചൂടുപിടിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിലുള്ള ‘സെഞ്ച്വറി’തിളക്കം സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നേടുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. ‘വികസനത്തിന്‌ ഒപ്പം മതനിരപേക്ഷ രാഷ്‌ട്രീയ’മാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. യുഡിഎഫിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം തുറന്നുകാട്ടാനുള്ള നല്ല അവസരമായും ഉപതെരഞ്ഞെടുപ്പിനെ കാണുന്നു. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്നാണ്‌ മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അവകാശ വാദം. എന്നാൽ, പൊന്നാപുരം കോട്ട ഇടിച്ചുനിരത്തുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇപി ജയരാജൻ  തിരിച്ചടിച്ചിട്ടുണ്ട്‌. എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളുമായി ഏറെ മുന്നോട്ടുപോയതിന്റെ  ആത്മവിശ്വാസവും ഇ പിയുടെവാക്കിലുണ്ട്‌.

മണ്ഡലം രൂപീകൃതമായശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തുടർച്ചയായി വിജയിച്ചെങ്കിലും ഇപ്പോൾ പരിമിതികളേറെയാണ്‌. അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ പെട്ടെന്ന്‌ സ്ഥാനാർഥിയാക്കിയതും ഇതേ കാരണത്താലാണ്‌. സ്ഥാനാർഥി മോഹികളുടെ അപസ്വരത്തിന്‌ തടയിടുകയാണ്‌ ലക്ഷ്യം. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും നടത്തിയ ആസൂത്രിത നീക്കമാണിത്‌. പരമ്പരാഗതമായി എ ഗ്രൂപ്പിന്‌ നീക്കിവച്ച സീറ്റാണ്‌ തൃക്കാക്കര. ഉമ വന്നാൽ മറ്റുള്ളവർ പിൻവാങ്ങുമെന്നാണ്‌ കോൺഗ്രസ്‌ വിലയിരുത്തൽ. ഉമ മത്സരിക്കുന്നത്‌ ഗുണം ചെയ്യില്ലെന്നും സാമുദായിക പരിഗണനകൂടി കണക്കിലെടുക്കണമെന്നും മുൻ എംഎൽഎ ഡൊമനിക്‌ പ്രസന്റേഷൻ ചൊവ്വ രാവിലെ അഭിപ്രായപ്പെട്ടിരുന്നു. മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജയിൻ തുടങ്ങിയവരും സ്ഥാനാർഥിയാകാൻ രംഗത്തുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന്‌ നേതൃത്വത്തിൽ വന്ന കെ സുധാകരനും വി ഡി സതീശനും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ നിർണായകമാണ്‌. ഇവിടം നഷ്‌ടമായാൽ ഇരുവരുടെയും നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും. പുനഃസംഘടനാ തർക്കവും അംഗത്വ വിതരണത്തിലെ അനിശ്ചിതത്വവും ചേരിതിരിവ്‌ രൂക്ഷമാക്കിയ സാഹചര്യത്തിൽ യുഡിഎഫിന്‌ ഉപതെരഞ്ഞെടുപ്പ്‌ അഗ്‌നിപരീക്ഷയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top