27 April Saturday

പട്ടികവിഭാഗത്തിന്‌ സർക്കാർ സഹായം ; മികച്ച സ്ഥാപനങ്ങളിൽ ഉന്നത പഠനം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


തിരുവനന്തപുരം
മികച്ച സ്ഥാപനങ്ങളിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന എല്ലാ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കും സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും വിദേശങ്ങളിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനായിരിക്കും സഹായം.

ഇതര സംസ്ഥാനങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം നേടിയ പട്ടികവിഭാഗ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് വരുമാനപരിധി കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. തുടർന്ന്‌ കേരളം പ്രത്യേക തുക വകയിരുത്തി സ്‌കോളർഷിപ്‌ ഉറപ്പാക്കുന്നു. കേന്ദ്ര സർക്കാരിന്റെ- പോസ്റ്റ് മെട്രിക് സ്കോളർഷിപ്‌ ലഭിക്കാത്ത പട്ടികവിഭാഗ വിദ്യാർഥികൾക്ക്  സംസ്ഥാന സർക്കാർ ബജറ്റിൽ പ്രത്യേകമായി തുക വകയിരുത്തി സ്‌കോളർഷിപ്‌ നൽകുന്നു. കേന്ദ്ര സർക്കാർ നിർദേശത്തെതുടർന്ന്‌ ഈ സ്കോളർഷിപ്പിന്റെ ബജറ്റ്‌ ശീർഷകങ്ങൾ പബ്ലിക് ഫണ്ട് മോണിറ്ററിങ്‌ സിസ്റ്റവുമായി ബന്ധിപ്പിച്ചു. ഇതിലെ സാങ്കേതികമായ പ്രയാസങ്ങൾ സ്‌കോളർഷിപ്‌ വിതരണം തടസ്സപ്പെടുത്തി. അത്‌ പരിഹരിച്ച് വിതരണം പുനരാരംഭിച്ചു.

ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ഈ സാമ്പത്തികവർഷം സ്‌കോളർഷിപ്‌ വിതരണത്തിന്‌ 10 കോടി രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. തുകയിൽനിന്ന്‌ എല്ലാ വിദ്യാർഥികളുടെയും 2021–- 22 വരെ സ്കോളർഷിപ്‌ വിതരണം ചെയ്യുന്നു. ഇതുവരെ 5.51 കോടി രൂപയുടെ ബില്ലുകൾ സമർപ്പിച്ചിട്ടുണ്ട്. 3.5 കോടി രൂപയുടെ ബില്ലുകൾ തുക വിതരണത്തിനായി ജില്ലാ ഓഫീസുകളിൽ തയ്യാറായിട്ടുണ്ട്. അതും ഉടൻ നൽകും. പുതുതലമുറ, സിഎ, കമ്പനി സെക്രട്ടറി കോഴ്സുകൾക്കും ഐഐഎം, ഐഐടി, എൻഐഎഫ്‌ടി തുടങ്ങിയ ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലെ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന പട്ടികവിഭാഗ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്‌ ഉറപ്പാക്കാൻ സമഗ്ര ഉത്തരവ് ഇറക്കിയതായും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top