07 May Tuesday

കർഷകർക്കെതിരെ പെപ‌്സി നൽകിയ കേസ‌് പിൻവലിക്കണം: കേരള കര്‍ഷകസംഘം

വെബ് ഡെസ്‌ക്‌Updated: Wednesday May 1, 2019


തിരുവനന്തപുരം
ബഹുരാഷ്ട്ര കമ്പനിയായ പെപ്സി കോടിക്കണക്കിന് രൂപ നഷ‌്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർക്കെതിരെ  കോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലൈയ്സ് ചിപ്സ് നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന ഉരുളൻകിഴങ്ങ് കൃഷിചെയ്യാൻ തങ്ങൾക്കു മാത്രമാണ് അവകാശമെന്നു കാണിച്ചാണ‌് പെപ്സി കർഷകർക്കെതിരെ കേസ് ഫയൽചെയ്തിരിക്കുന്നത്.

സസ്യവകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള 2001 ലെ നിയമപ്രകാരം (പിപിവി ആൻഡ‌്  എഫ്ആർ ആക്ട് 2001) വിത്ത് സംരക്ഷിക്കാനും സൂക്ഷിക്കാനും വിതയ്ക്കുവാനും പുനരുപയോഗിക്കുവാനും  വിള വിൽക്കുവാനും കൈമാറ്റം ചെയ്യുവാനുമുള്ള അധികാരം കർഷകർക്കുണ്ട്. ബ്രാന്റ് ഇനം വിത്ത് വിപണിയിലേക്കെത്തിടാത്തോളം കാലം ഈ അവകാശം കർഷകനിൽ നിക്ഷിപ്തമാണ്. അതിനുവേണ്ടി പിപിവി ആൻഡ‌് എഫ്ആർ അതോറിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

എന്നാൽ പെപ്സി ആവശ്യപ്പെടുന്നത് പെപ്സി രജിസ്റ്റർ ചെയ്ത ഇനം വിത്ത് (ഉരുളൻകിഴങ്ങ്) കർഷകർ കൃഷിചെയ്യാതിരിക്കുക, അല്ലെങ്കിൽ പെപ്സിയിൽ കർഷകർ രജിസ്റ്റർ ചെയ്ത് വിത്ത് വാങ്ങി കൃഷിചെയ്യുക, ഉൽപ്പാദിപ്പിച്ച ഉൽപ്പന്നം പെപ്സി കമ്പനിക്ക് മാത്രം നൽകുകയും ചെയ്യുക എന്നാണ്.  ഈ ഉപാധികളോടെ കർഷകരെ വേണമെങ്കിൽ കേസിൽ നിന്ന് ഒഴിവാക്കാം എന്നാണ് പെപ്സി കമ്പനി പറയുന്നത്. അതിനർഥം കർഷകരെ കമ്പനിയുടെ ആശ്രിതരാക്കിമാറ്റുക എന്നതാണ്. അത് ഒരിക്കലും അംഗീകരിക്കാൻ കർഷകർക്ക്  കഴിയില്ല. കോടിക്കണക്കിന് രൂപയുടെ ചിപ്സ് ഉൾപ്പെടെയുള്ള ഉരുളൻകിഴങ്ങ്  ഉൽപ്പന്നങ്ങളാണ് കേരളത്തിൽ പെപ്സി വിറ്റഴിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ഔഷധവിളയയ മഞ്ഞൾ, ആര്യവേപ്പ്, ഏലം, ഏത്തക്ക (നേന്ത്രപ്പഴം) തുടങ്ങിയവയും ബഹുരാഷ്ട്രകമ്പനികൾ പേറ്റൻഡ് ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ മഞ്ഞൾകൃഷി ഉൾപ്പെടെയുള്ള ഔഷധവിളകൾക്കും അത് കൃഷിചെയ്യുന്ന കർഷകർക്ക് നേരെയും കേസുമായി അവർ വരുമെന്ന കാര്യത്തിൽ തർക്കമില്ല. ഗുജറാത്തിലെ ഉരുളൻകിഴങ്ങ് കൃഷിക്കാർ നേരിടുന്ന കോർപ്പറേറ്റ് ഭീഷണി ഇന്ത്യയിലെ ഏത് കൃഷിക്കാരനും നാളെ അനുഭവിക്കേണ്ടി വരും. നവഉദാരവൽക്കരണത്തിന്റെ ബലിയാടുകളാക്കി കർഷകരെ മാറ്റുന്ന ഈ നയത്തെ എന്ത് വിലകൊടുത്തും ചെറുത്ത് തോൽപ്പിക്കണം. അതിനുവേണ്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായി വിത്ത് ഇനങ്ങളുടെ അവകാശം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നിയമം ഇല്ലായ്മ ചെയ്താൽ മാത്രമേ ഇന്ത്യയിലെ കൃഷിയും കൃഷിക്കാരും രക്ഷപ്പെടുകയുള്ളൂ. 

അമേരിക്കൻ കോർപ്പറേറ്റ് ഭീമനായ പെപ്സിക്കെതിരെ കർഷക സമൂഹത്തിൽ പ്രചാരണ പ്രതിരോധം സംഘടിപ്പിക്കാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്നും കർഷകസംഘം സംസ്ഥാന വർക്കിങ‌് കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ അധ്യക്ഷനായി. സെക്രട്ടറി കെ വി രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top