27 April Saturday
കോവിഡ്‌

സുരക്ഷാ മുൻകരുതലില്ലാതെ സ്വകാര്യ ആശുപത്രികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020
കാസർകോട‌്
കോവിഡ‌് മരണവും വ്യാപനവും കൂടിവരുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലില്ലാതെ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ. ഇതര രോഗങ്ങൾക്ക‌് ചികിത്സ തേടിയെത്തുന്നവർ കടുത്ത ആശങ്കയിലാണ‌്. കോവിഡ‌് രോഗലക്ഷണങ്ങളോടെ എത്തുന്നവരെയും സാധാരണ പനിബാധിതരെ പോലെയാണ്‌ പരിചരിക്കുന്നത‌്. അഡ‌്മിറ്റ‌് ചെയ‌്ത‌് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രോഗം മൂർഛിക്കുമ്പോൾ സർക്കാർ ആശുപത്രികളിലേക്ക‌് മാറ്റാനുള്ള നിർദേശമാണ‌് ഡോക്ടർമാർ നൽകുന്നതെന്ന ആക്ഷേപവും ശക്തമാണ‌്. അപ്പോഴും കോവിഡിന‌് സാധ്യതയുണ്ടെന്ന കാര്യം രോഗിയെയോ ബന്ധുക്കളെയോ അറിയിക്കാൻ  ഇവർ തയ്യാറാകുന്നില്ല. 
ജില്ലയിൽ കോവിഡ‌് ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ രണ്ടുപേരാണ‌് ഒരാഴ‌്ചക്കുള്ളിൽ മരിച്ചത‌്. അണങ്കൂർ സ്വദേശിയായ സ‌്ത്രീ രോഗം മൂർഛിച്ച ശേഷം ഡോക്ടറുടെ നിർദേശാനുസരണം പരിയാരത്തേക്ക‌് മാറ്റിയ ശേഷമാണ‌് മരിച്ചത‌്. താളിപ്പടുപ്പ‌് സ്വദേശിയായ ബീഡി കരാറുകാരൻ കാസർകോട‌് ജനാർദന ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ‌് മരിച്ചത‌്. ഇത്തരത്തിൽ സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളിൽ കോവിഡ‌് ലക്ഷണങ്ങളുള്ളവരെ മുൻകരുതലില്ലാതെ പരിപാലിക്കേണ്ട അവസ്ഥയിലാണ‌് നേഴ‌്സുമാരുള്ളത‌്. ആശുപത്രി മാനേജ‌്മെന്റിന്റെയും ഡോക്ടറുടെയും പണത്തിനോടുള്ള ആർത്തി ഇത്തരം ആശുപത്രികളെ കോവിഡ‌് വ്യാപന കേന്ദ്രമാക്കി മാറ്റിയേക്കും. കാസർകോട‌് നഗരത്തിലെ ചില ആശുപത്രികൾ കോവിഡാണെന്ന‌് ഡോക്ടർക്ക‌് ബോധ്യമുണ്ടായിട്ടും ജീവനക്കാരിൽനിന്നും മറച്ചുവച്ച‌് കിടിത്തിചികിത്സിക്കുന്നതായും ആക്ഷേപമുണ്ട‌്.
ചികിത്സ തേടിയെത്തിയ രോഗിക്ക‌് പിന്നീട‌് കോവിഡ‌് സ്ഥിരീകരിച്ചതിന്റെ പേരിൽ അടച്ചിട്ട ആശുപത്രികളും ജില്ലയിലുണ്ട‌്. ഇവിടങ്ങളിലെ ഡോക്ടർമാരും നേഴ‌്സുമാരും ഉൾപ്പെടെയുള്ളവർ 14 ദിവസം നിരീക്ഷണത്തിൽ പോയി. പിസിആർ ടെസ‌്റ്റ‌് നടത്തി കോവിഡ‌് ബാധിച്ചിട്ടില്ലെന്ന‌് ഉറപ്പുവരുത്തിയാണ്‌ ജോലിയിൽ തിരികെ പ്രവേശിച്ചത‌്. ആശുപത്രി പൂർണമായും അണുവിമുക്തമാക്കണമെന്നും സർക്കാർ നിർദേശിക്കുന്നുണ്ട‌്. 
എന്നാൽ ചികിത്സിച്ച രോഗി കോവിഡ‌് ബാധിച്ച‌് മരിച്ചിട്ടും ഈ ആശുപത്രികളിൽ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാർ, നേഴ‌്സുമാർ ഉൾപ്പെടെയുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടില്ല. നിയമനടപടികളിൽനിന്ന‌് ഒഴിവാകാനായി ചുരുക്കം ചിലരെ  മാത്രമാണ‌് നിരീക്ഷണത്തിലാക്കിയിട്ടുള്ളത‌്. രോഗിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി മുഴുവൻപേരെയും നിരീക്ഷണത്തിലാക്കണമെന്നും ആശുപത്രി അടച്ചിട്ട‌് അണുവിമുക്തമാക്കണമെന്നും ആരോഗ്യവകുപ്പ‌് നിർദേശം നൽകിയെങ്കിലും ഇവയൊന്നും പാലിക്കാതെയാണ‌് ഈ സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നത‌്. ഇവിടങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയേറെയുമാണ‌്. 
നിരീക്ഷണത്തിൽപോകാതെ ജോലിയിൽ തുടരുന്ന ഡോക്ടർമാരും നേഴ‌്സുമാരും ഉൾപ്പെടെയുള്ളവരിലും വൈറസിന്റെ സാന്നിധ്യമുണ്ടായേക്കാം. ഈ സാഹചര്യത്തിൽ ഈ ആശുപത്രികളിലെത്തുന്ന മറ്റ‌് രോഗികൾക്ക‌് കോവിഡ‌് പിടിപെടാനുള്ള സാധ്യതയുമേറെയാണ‌്. സാമ്പത്തിക നേട്ടം മാത്രം മുൻനിർത്തി ജനങ്ങളുടെ ജീവന‌് സുരക്ഷയൊരുക്കാതെ പ്രവർത്തിക്കുന്ന ഇത്തരം ആശുപത്രികൾക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top