27 April Saturday

അതിജീവിക്കണം 
കുമ്മായ വ്യവസായത്തിനും

സുരേഷ്‌ മടിക്കൈUpdated: Monday Nov 28, 2022

നീലേശ്വരം നെടുങ്കണ്ടത്തെ ലക്ഷ്മി ലൈം ഇൻഡസ്ട്രീസ്

നീലേശ്വരം
ഒരുകാലത്ത് പ്രതാപത്തോടെ ആകാശം മുട്ടെ പുക തുപ്പുന്ന ചൂളക്കുഴലുമായി തലയെടുപ്പോടെനിന്ന കുമ്മായ കമ്പനികൾ  തകർച്ചയെ നേരിടുകയാണിപ്പോൾ.  10-30 പേർ ജോലിചെയ്‌ത കമ്പനികളിൽ പലതും അടച്ചുപൂട്ടി.  ബാക്കിയുള്ളവ നിലനിൽപ്പിനായി പാടുപെടുന്നു. ഇതിലൊന്നാണ് നീലേശ്വരത്തെ 75 വർഷം പഴക്കമുള്ള  നെടുങ്കണ്ടയിലെ ലക്ഷ്മി ലൈം ഇൻഡസ്ട്രീസ്. 
പടന്നക്കാട്, നമ്പ്യാർക്കാൽ, തോട്ടം, കച്ചേരിക്കടവ് എന്നിവിടങ്ങളിലായി ഒമ്പത്‌ കുമ്മായ കമ്പനികൾ നീലേശ്വരത്തുതന്നെയുണ്ടായിരുന്നു. എന്നാൽ അവശേഷിക്കുന്നത് നെടുങ്കണ്ടയിലെ ലക്ഷ്മി ലൈം ഇൻഡസ്ട്രീസ് മാത്രമാണെന്ന് കമ്പനി നടത്തുന്ന കടിഞ്ഞിമൂലയിലെ കെ വി അമ്പാടി പറയുന്നു. അസംസ്കൃത സാധനങ്ങളുടെ വില വർധനയും കുമ്മായത്തിന് മതിയായ വില ലഭിക്കാത്തതുമാണ് പല കമ്പനികളും പൂട്ടിപ്പോകാൻ കാരണമായത്. ഒരു ടൺ കക്കയ്ക്ക് 1000 എന്നത് ഇന്ന് 6000 രൂപയായി. ചിരട്ടക്കരിയുടെ വില നൂറ് രൂപയിൽനിന്ന് മൂവായിരം രൂപയിലേക്ക് ഉയർന്നു. തൊഴിലാളികളുടെ കൂലിയിലും വൻ വർധനയുണ്ടായി . എന്നാൽ കുമ്മായത്തിന് 13 രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ അഞ്ച് ശതമാനം ജിഎസ്ടി കൂടി ചുമത്തിയതോടെ പല കമ്പനികളുടേയും  അടിത്തറയിളകി. 
കുമ്മായം  പ്രധാനമായും ഉപയോഗിക്കുന്നത് കാർഷിക മേഖലയിൽ മാത്രമാണ്. കൃഷിഭവൻ വഴി ഓർഡറുകൾ ലഭിക്കുന്നതിനാൽ ചെറിയ തോതിൽ പിടിച്ചുനിൽക്കുന്നു. ദേശീയപാതയോരത്തായതിനാൽ നീലേശ്വരത്തെ കമ്പനിക്ക്‌ വിപണനസാധ്യത കൂടുതലാണ്. ഏഴ് തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top