11 May Saturday

സഞ്ചാരികളെ സ്വീകരിക്കാൻ 
യാത്രാശ്രീയും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

പരിശീലനം നേടിയ 
യാത്രാശ്രീ അംഗങ്ങൾ

കാസർകോട്‌

ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ യാത്രാശ്രീ എത്തും. റെയിൽവേ സ്‌റ്റേഷനിലും വിമാനത്താവളങ്ങളിലും ഇവർ കാത്തിരിക്കും. സഞ്ചാരികൾക്കൊപ്പം ഗൈഡായി ടൂറിസം കേന്ദ്രങ്ങളിൽ ഒപ്പം പോകും.
താമസ സൗകര്യവും ഭക്ഷണവും ലോഡ്‌ജും റെസ്‌റ്റോറന്റുകളുമായി ബന്ധിപ്പിച്ച്‌ ഒരുക്കും. യാത്ര സൗകര്യവുമൊരുക്കും. സഞ്ചാരികൾ മടങ്ങിപോകുന്നതുവരെ സഹായികളായി ഇവരുണ്ടാകും. 
കുടുംബശ്രീ ജില്ലാ മിഷൻ ബേക്കൽ റിസോർട്ട്‌ ഡവലപ്പ്‌മെന്റ്‌ കോർപറേഷന്റെ സഹകരണത്തോടെയാണ്‌ സ്‌ത്രീകൾക്കായി ടൂർ ഓപ്പറേറ്റർ സംരംഭം ആരംഭിച്ചത്‌. തദ്ദേശീയ ടൂറിസം ഉപജീവനമാർഗമാക്കി സ്‌ത്രീ ശാക്തീകരണമാണ്‌ ലക്ഷ്യം. ഇതുവഴി ഗ്രാമങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ ഉയർത്തി കൊണ്ടുവരും. പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രമെന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക്‌ ഇത്‌ ഊർജം  പകരും. കുടുംബശ്രീ സംഘടനാ സംവിധാനവും സംരംഭങ്ങളും പ്രദേശിക സാമ്പത്തിക വിസന മാതൃകകളും അറിയാനെത്തുന്നവർക്കും യാത്രാശ്രീ വഴിയൊരുക്കും.    
സംസ്ഥാനത്ത് ആദ്യമായാണ്‌ കാസർകോട് കുടുംബശ്രീ ജില്ലാ മിഷന്റെ ടൂർ ഓപ്പറേഷൻ കമ്പനിയായ യാത്രാ ശ്രീ. തെരഞ്ഞെടുക്കപ്പെട്ട 20 പേർക്ക്  രണ്ട്‌ഘട്ടങ്ങളിലായി വിദഗ്‌ധ പരിശീലനം നൽകി. കാസർകോടിന്റെ തനത് രുചികൾ, ഉത്സവാഘോഷങ്ങൾ,  ജൈവ വൈവിധ്യങ്ങൾ എന്നിവ  സഞ്ചാരികൾക്ക് പരിചയപ്പെടുത്തും. വിനോദ സഞ്ചാരികളിലെ ആദ്യസംഘം ജൂലൈയിൽ എത്തുമെന്നാണ്‌ പ്രതീക്ഷ. കാഞ്ഞങ്ങാടോ പള്ളിക്കരയിലോ ഓഫീസ്‌ തുടങ്ങുമെന്നും ബുക്കിങ്ങിന്‌ ഓൺലൈൻ സംവിധാനമൊരുക്കുമെന്നും ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top