09 May Thursday

ഓർമകൾക്ക്‌ ചെക്ക്‌; 
പാത കുതിക്കട്ടെ

പി വിജിൻദാസ്‌Updated: Wednesday Jan 26, 2022

ചെറുവത്തൂർ കൊവ്വലിൽ ദേശീയപാതയിൽ പ്രവർത്തിക്കുന്ന ആർടിഒ ചെക്ക്‌ പോസ്‌റ്റ്‌

ചെറുവത്തൂർ
ദേശീയ പാത ആറുവരിയാകുന്നതോടെ ചെറുവത്തൂരിലെ ഗതാഗത വകുപ്പിന്റെ ചെക്ക് പോസ്റ്റ്‌ ഓർമയാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിൽ ചെക്ക് പോസ്റ്റായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിച്ചുമാറ്റണം. അതോടെ ചെക്ക് പോസ്റ്റിന്റെ പ്രവർത്തനത്തിന്  പകരം സംവിധാനം ഇല്ലാതാകും.  
പാത വികസനം വന്നാൽ ചെറുവത്തൂരിൽ ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട്‌ അധികൃതർ ഗതാഗത കമീഷണർക്ക് നൽകിയിട്ടുണ്ട്. ചെറുവത്തൂരിലെ ചെക്ക് പോസ്റ്റ് പാണത്തൂരിലേക്കോ ജാൽസൂരിലേക്കോ മാറ്റണമെന്നും ദേശീയപാതാ അധികൃതരുടെ അലൈൻമെന്റിൽ വ്യക്തത വരുത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞു. 
സംസ്ഥാന പാതയിലൂടെ ജാൽസൂർ വഴിയും പാണത്തൂർ വഴിയും നികുതി വെട്ടിച്ച് നിരവധി വാഹനങ്ങൾ കേരളത്തിലെത്തുന്നുണ്ട്.  ഈ പാതയിൽ ചെക്ക് പോസ്റ്റുവരുന്നതോടെ ഇതിന്  അറുതിയാകും. പുതിയ ദേശീയപാത വന്നാൽ പാതയുടെ മധ്യ ഭാഗത്ത് ചെക്ക് പോസ്റ്റ് അനുവദിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. ഇതിന് പുറമേ ജില്ലാ അതിർത്തിയായ മഞ്ചേശ്വരത്ത് ചെക്ക് പോസ്റ്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറുവത്തൂരിൽ ചെക്ക് പോസ്റ്റിന് അനുമതി ലഭിക്കാൻ സാധ്യതയില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കുറഞ്ഞതോടെ ചെറുവത്തൂരിലെ ചെക്കുപോസ്റ്റിലെ വരുമാനം കുറഞ്ഞിട്ടുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top