27 April Saturday
മുളിയാർ പ്ലാന്റേഷൻ സമരം

8 പേർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ എസ്റ്റേറ്റിൽ 38ാം ദിവസം സമരത്തിലുള്ള തൊഴിലാളികൾ

മുള്ളേരിയ 
പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ എസ്റ്റേറ്റിൽ സമരത്തിന്‌ പിന്തുണ നൽകിയതിന് 8 സ്ഥിരം തൊഴിലാളികളെ മാനേജർ സസ്‌പെന്റ് ചെയ്തു. ജോലി നിഷേധിച്ചതിനെതിരെ 38 ദിവസമായി ഇവിടെ സമരം നടക്കുന്നുണ്ട്‌. ഇതിനെ പിന്തുണച്ചതിനാണ്‌ സസ്‌പെൻഷൻ.
 കശുവണ്ടി തോട്ടത്തിൽ ജോലി ചെയ്യാനായി നിയമിച്ച തൊഴിലാളികളെ റബർ തോട്ടം ആരംഭിച്ചപ്പോൾ അതിലേക്ക് മാറ്റിയിരുരുന്നു. ടാപ്പിങ്‌ ഉൾപ്പടെയുള്ള ജോലി ഇവർ ചെയ്യുന്നുണ്ട്‌. എന്നാൽ അനാരോഗ്യമുള്ളവർക്കും  പ്രായാധിക്യവുമുള്ള തൊഴിലാളികൾക്കും അതിരാവിലെ ജോലി ചെയ്യാൻ കഴിയാത്ത പ്രശ്നം വന്നപ്പോൾ തൊഴിലാളി യൂണിയനുകൾ മാനേജുമെന്റുമായി ചർച്ച നടത്തി. ഇത്‌ പരിഗണിച്ചില്ലെന്ന് മാത്രമല്ല; മറ്റു ജോലി നൽകാനും തയ്യാറായില്ല. തുടർന്ന് ജോലിയിൽ തിരിച്ചെടുക്കണമെന്നും ജോലിയും ശമ്പളവും നിഷേധിക്കുന്ന തൊഴിൽ വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു,- ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് സമരം ആരംഭിച്ചു. ഈ സമരം 38 ദിവസം പിന്നിട്ടപ്പോൾ പിന്തുണയുമായി കൂടുതൽ തൊഴിലാളികളെത്തിയതാണ് മാനേജരുടെ പ്രകോപനത്തിന് കാരണം. 
തൊഴിൽ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കാസർകോട് പിസികെ എസ്റ്റേറ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. 
സമരം ശക്തമാക്കാൻ 
തൊഴിലാളികൾ
മാനേജരുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾ സമരം ചെയ്ത് തിരുത്തിക്കുമെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും സമരമുന്നണി പ്രവർത്തകർ അറിയിച്ചു. 
ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും. സസ്‌പെൻഡ് ചെയ്ത് തൊഴിലാളികളെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും സിഐടിയു-, ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകളുടെ സമരമുന്നണി അറിയിച്ചു.
  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top