26 April Friday

പൂടംകല്ലിൽ വൈകരുത്‌ പ്രസവചികിത്സ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
രാജപുരം
പ്രസവ ചികിത്സാകേന്ദ്രം തയ്യാറായെങ്കിലും ഇനി വേണ്ടത് ഡോക്ടർമാരും  ജീവനക്കാരും. പൂടംങ്കല്ല് വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള  എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടും ചികിത്സ തുടങ്ങാനുള്ള നടപടി കടലാസിലാണ്‌. 
എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി 6.5 കോടി രൂപ ചെലവിൽ പൂടംങ്കല്ല് താലൂക്ക് ആശുപത്രിക്കായി നിർമിച്ച മൂന്ന്‌ നില കെട്ടിടത്തിന്റെ മുകളിലെനിലയിലാണ് പ്രസവ ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. ശസ്‌ത്രക്രിയക്കുള്ള  തിയറ്റർ, ഐസിയു, കുട്ടികളെ ചികിത്സിക്കാനുള്ള കേന്ദ്രം, ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള  ഐപി വിഭാഗവും പ്രത്യേക ബ്ലോക്കും ഒപിയും  പ്രത്യേകമുണ്ട്‌.
 ഇതെല്ലാമുണ്ടായിട്ടും  ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അനസ്‌തേഷ്യ ഡോക്ടർ, ആവശ്യമായ സ്റ്റാഫ് നേഴ്‌സ് തസ്തിക സൃഷ്ടിച്ചിട്ടില്ല.  ഇത്‌ പ്രസവകേന്ദ്രത്തിന്‌ തടസ്സമാകുന്നു. ലക്ഷങ്ങൾ മുടങ്ങി വാങ്ങിവച്ച ഇലക്ട്രിക്കൽ ഉപകരണങ്ങൾ നശിക്കുന്നതിനുമുമ്പ് പ്രവർത്തനം തുടങ്ങാൻ കഴിയണം. പനത്തടി, കള്ളാർ, കോടോം-–-ബേളൂർ, ബളാൽ, കിനാനൂർ–-കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ് ഏളേരി എന്നീ ഏഴ് പഞ്ചായത്തുകളിലെയും കാസർകോട് താലൂക്കിലെ കുറ്റിക്കോൽ, ബഡകം പഞ്ചായത്തിലെയും ജനങ്ങൾ ചികിത്സ തേടിയെത്തുന്നത് അധികവും പൂടംകല്ല് താലൂക്ക് ആശുപത്രിയിലാണ്.  
 യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആവശ്യത്തിന് ജീവനക്കാരും ഡോക്ടർമാരും ഇല്ലാതെ ഏറെ പ്രയാസത്തിലായെങ്കിലും  എൽഡിഎഫ് വന്നതോടെ ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടർമാരെയും നിയമിച്ചു. തുടർന്ന് 24 മണിക്കൂറും ഡോക്ടർമാരുടെ സേവനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തി.  രണ്ട്‌വർഷം മുമ്പ് താലൂക്ക് ആശുപത്രിയായി ഉയർത്തി. ആദിവാസി വിഭാഗങ്ങൾ ഏറെതാമസിക്കുന്ന മലയോരത്തെ ഏക സർക്കാർ ആശുപത്രിയാണിത്‌.   
ദിവസേന നൂറുകണക്കിന് രോഗികൾ വന്നുപോകുന്നുണ്ട്. പ്രസവചികിത്സയില്ലാത്തതിനാൽ പലരും കിലോമീറ്റർ യാത്രചെയ്‌ത്‌ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മലയോരത്ത് പ്രസവ ചികിത്സാസൗകര്യം ഇല്ലാത്തതിനെ തുടർന്ന് ദൂരസ്ഥലത്തുനിന്നും കാഞ്ഞങ്ങാട്ടെത്തുമ്പോഴേക്കും വാഹനത്തിൽ പ്രസവിച്ച സംഭവം വരെ നിരവധിയാണ്‌.
പൂടംകല്ല് താലൂക്ക് ആശുപത്രിൽ പ്രസവചികിത്സ തുടങ്ങാനുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും പൂർത്തിയായിട്ടുണ്ട്‌.  ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാനുള്ള ഇടപെടൽ നടത്തിയിട്ടുണ്ട്. പ്രസവചികിത്സ അധികം വൈകാതെ തുടങ്ങാൻ  കഴിയുമെന്നാണ് പ്രതീക്ഷ. ഗൈനക്കോളജിസ്റ്റ് ഡോക്ടർമാരുടെ കുറവ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പരിഹാരമുണ്ടാകും. 
എം ലക്ഷ്മി (പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
പ്രസവ ചികിത്സ തുടങ്ങാനുള്ള സൗകര്യങ്ങൾ എല്ലാം ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട്‌ വർഷമായി പ്രസവചികിത്സക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള പണി നടക്കുന്നു. ഇപ്പോൾ അതുപൂർത്തിയായിട്ടുണ്ട്. ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാനുള്ള   പുതിയ തസ്തികക്കാവശ്യമായ  റിപ്പോർട്ട് ആരോഗ്യവകുപ്പിന് നൽകിയിട്ടുണ്ട്.
ഡോ. സി സുകു (താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ)
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മലയോര മേഖലയിലെ ഏക ചികിത്സാകേന്ദ്രവും  താലൂക്ക് ആശുപത്രിയുമായ  പൂടംകല്ലിൽ പ്രസവ ചികിത്സാ കേന്ദ്രം തുടങ്ങേണ്ടത്‌ അത്യാവശ്യമാണ്.  കർണാടക അതിർത്തി പ്രദേശങ്ങിൽനിന്നുപോലും നിരവധി പേരാണ്‌ ആശുപത്രിയെ ആശ്രയിക്കുന്നത്. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചാലേ   പ്രസവചികിത്സാ കേന്ദ്രം തുടങ്ങാൻ കഴിയൂ.
അഡ്വ. ബി മോഹൻകുമാർ (ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ)
ആദിവാസി ജനങ്ങൾ ഏറെ തിങ്ങിപാർക്കുന്ന പരപ്പ ബ്ലോക്ക് പരിധിയിലെ താലൂക്ക് ആശുപത്രിൽ അടിയന്തരമായി പ്രസവചികിത്സാകേന്ദ്രം തുടങ്ങാനുള്ള നടപടി തുടങ്ങണം. നിത്യവും നൂറ് കണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. കോടികൾ ചെലവഴിച്ച്‌  ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും തസ്തികയില്ലാത്തതിനാൽ ആവശ്യമുള്ള ഡോക്ടർമാരെ നിയമിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി തസ്തിക സൃഷ്ടിക്കാൻ  തീരുമാനമുണ്ടാകണം.
സി കുഞ്ഞിക്കണ്ണൻ (എകെഎസ് ജില്ലാ പ്രസിഡന്റ്)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top