26 April Friday
കെെയടിക്കൂ...

നെല്ലിയരയിൽ 10 വീടുകൾ കൈമാറി

പി കെ രമേശൻUpdated: Sunday Oct 24, 2021

നെല്ലിയര കോളനിയിൽ സർക്കാർ നിർമിച്ച 10 വീടുകളുടെ താക്കോൽ ഇ ചന്ദ്രശേഖരൻ എംഎൽഎ കൈമാറുന്നു

ബിരിക്കുളം
ഒന്നല്ല 10 വീടുകളാണ് നിമിഷനേരം കൊണ്ട് കാറ്റിൽ തകർന്നത്. 10 വീടിനും പകരം വീട് നിർമിച്ച് സർക്കാർ അവരുടെ കണ്ണീരൊപ്പി. 2019 ലെ ലോകസഭ തെരഞ്ഞെടുപ്പ് ദിവസം വൈകിട്ടാണ്‌ വീശിയടിച്ച കാറ്റിൽ  കിനാനൂർ - കരിന്തളം പഞ്ചായത്തിലെ നെല്ലിയര കോളനിയിലെ 10 വീട്‌ തകർന്നത്‌. 
 എല്ലാം നഷ്ടപ്പെട്ട കുട്ടികളടക്കം 65 ഓളം വരുന്ന കോളനിനിലാസികളെ പഞ്ചായത്തും റവന്യു അധികൃതരും ചേർന്ന് പരപ്പയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പിന്നീട് ദുരിതാശ്വാസ പ്രവർത്തനങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു.  
അന്നത്തെ എം പി  പി  കരുണാകരൻ, മന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവരുടെ സഹകരണത്തോടെ സിപിഐ എം ഏരിയാ സെക്രട്ടറിയായിരുന്ന ടി കെ രവി, പഞ്ചായത്ത്‌  പ്രസിഡന്റ് എ വിധുബാല എന്നിവർ നടത്തിയ നിരന്തര ഇടപെടലുകളാണ്‌ കോളനിയുടെ നവീകരണത്തിന് വേഗതയേറിയത്‌. എല്ലാ കുടുംബങ്ങൾക്കും ഒന്നിച്ചു താമസിക്കാൻ പറ്റാവുന്ന കെട്ടിടം  കോളനിയിൽ തന്നെ അടിയന്തിരമായി  നിർമിച്ചു. ഇതിനി കമ്യൂണിറ്റി ഹാളാകും. 
വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് പട്ടയം ഇല്ലായിരുന്നു. അവർക്ക് അടിയന്തിരമായി പട്ടയവും നൽകി.  ആറ് ലക്ഷം രൂപ വീതം ചെലവഴിച്ചാണ്‌ വീട്‌ പൂർത്തിയാക്കിയത്‌. 
 ഇ ചന്ദ്രശേഖരൻ എംഎൽഎ താക്കോൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി വി ചന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി എച്ച് അബ്ദുൾ നാസർ, കെ വി അജിത്ത് കുമാർ, ഷൈജമ്മ ബെന്നി, പഞ്ചായത്ത് അംഗങ്ങളായ വി സന്ധ്യ, കെ വി ബാബു, ഉമേശൻ വേളൂർ, ഊരുമൂപ്പത്തി ശ്രീജ കൃഷ്ണൻ എന്നിവർ സംസാരിച്ചു. 
ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും പ്രമോട്ടർ വി നാരായണൻ നന്ദിയും പറഞ്ഞു. 
പട്ടയവും വീടും കുടിവെള്ളവും വൈദ്യുതിയും അതിവേഗത്തിലാണ്‌ സർക്കാർ ഏർപ്പാടാക്കിയത്‌.  കമ്യുണിറ്റി ഹാൾ വരെയുള്ള റോഡ് ടാർ ചെയ്യണമെന്നാണ്‌ ഞങ്ങളുടെ ആവശ്യം
ശ്രീജ കൃഷ്ണൻ, ഊരു മൂപ്പത്തി
 
കാറ്റിൽ വീടുകൾ പൂർണമായും തകർന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നവർക്ക്‌  കൈത്താങ്ങായത്‌ ഈ സർക്കാരാണ്‌. ആരും പ്രതീക്ഷിക്കാത്ത പുന:രധിവാസമാണ് സർക്കാർ നടപ്പാക്കിയത്. 
സന്ധ്യാ രാജൻ, പഞ്ചായത്തംഗം
 
 എല്ലാം കാറ്റെടുത്തപ്പോൾ ശൂന്യമായ മണ്ണിൽ നിന്ന് കോരിച്ചൊരിയുന്ന മഴയത്ത് ഞങ്ങളെ ഏറ്റെടുക്കുകയായിരുന്നു സർക്കാർ. ഇവിടെ നല്ലൊരു കളിക്കളമാണ്‌ ഇനി വേണ്ടത്‌. 
നെല്ലിയര ഗിരീഷ്, പൊതുപ്രവർത്തകൻ
 
 പഞ്ചായത്തും വിവിധ സംഘടനകളും റവന്യു സംവിധാനങ്ങളും എല്ലാം അവരവരുടെ ഉത്തരവാദിത്വം നിറവേറ്റി. ഏറെ അഭിമാനകരമായ രീതിയിലാണ് പട്ടികവർഗ വികന വകുപ്പ് മുഖേന പുന:രധിവാസം സാധ്യമാക്കിയത്‌. 
കെ വി വിജയൻ
സിപിഐ എം ബ്രാഞ്ച് സെക്രട്ടറി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top