05 May Sunday

കുടിവെള്ളം ഇനി കിട്ടാക്കനിയാവില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി യാഥാർഥ്യമാക്കുന്ന പുതിയ കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണശാല നിർമിക്കുന്ന വരിക്കുളം കരക്കയടുക്കത്തെ സ്ഥലം

പെർളടുക്കം
അജാനൂർ, പള്ളിക്കര, ഉദുമ, പുല്ലൂർ പെരിയ പഞ്ചായത്തുകളിലും ബേഡഡുക്ക പഞ്ചായത്തിലേയും കൊളത്തൂർ വില്ലേജിലുമുള്ളവരുടെയും ദാഹമകറ്റാൻ കുടിവെള്ളപദ്ധതിയൊരുങ്ങുന്നു.  ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി വീടുകളിൽ  ശുദ്ധജല ടാപ്പ് കണക്ഷൻ നൽകുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം  ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്‌ച പെർളടുക്കത്ത് നിർവഹിക്കും.  പകൽ 11ന് നടക്കുന്ന ചടങ്ങിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനാകും. 
ജലജീവൻ മിഷൻ പദ്ധതിയിൽ കേന്ദ്ര–- കേരള സർക്കാരുകൾ തുല്യവിഹിതം ഉൾപ്പെടുത്തി 268. 82 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. നിലവിൽ ഉദുമ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിൽ ബേക്കൽ റിസോർട്സ് ആൻഡ് ഡെവലപ്പ്മെന്റ് കോർപറേഷന്റെ കുടിവെള്ളവിതരണമുണ്ടെങ്കിലും  എല്ലാ പ്രദേശങ്ങളിലും ലഭ്യമല്ല. പുല്ലൂർ പെരിയ പഞ്ചായത്തിലും ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ വില്ലേജിലും നിലവിൽ കുടിവെള്ള പദ്ധതികളില്ല. 
പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇവിടങ്ങളിൽ കുടിവെള്ളം ലഭ്യമാകും.  25044 വീടുകളിലേക്കാണ്  കുടിവെള്ളകണക്‌ഷൻ നൽകുക. കഴിഞ്ഞ ഫെബ്രുവരി 23നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. പയസ്വിനിപ്പുഴയുടെ പെർളടുക്കം അരമനപ്പടിയിൽ പമ്പ് ഹൗസ് സ്ഥാപിച്ച് വെള്ളം ശേഖരിക്കും. 25 ദശലക്ഷം ലിറ്ററിന്റെ ജല ശുദ്ധീകരണശാല വരിക്കുളം കരക്കയടുക്കത്ത് സ്ഥാപിക്കും. പുല്ലൂർ പെരിയ പഞ്ചായത്തിലെ വില്ലാരംപതി, കൈക്കോട്ട്കുന്ന്, അജാനൂരിലെ കുന്നുപാറ, പള്ളിക്കരയിലെ ചെറുക്കപ്പാറ, ചെരുമ്പ എന്നീവിടങ്ങളിൽ ഉപരിതല ടാങ്കുകൾ നിർമിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി എഴോളം കരാറുകാരെ പ്രവൃത്തി ഏൽപ്പിച്ചു. 2024 മാർച്ചിൽ  പദ്ധതി പൂർത്തീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top