05 May Sunday

നാടിന്റെ ദാഹമകറ്റാൻ 
വൻപദ്ധതികൾ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

 

ചെറുവത്തൂർ

തൃക്കരിപ്പൂർ മണ്ഡലത്തിലെ തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന, ചെറുവത്തൂർ, പിലിക്കോട് എന്നീ പഞ്ചായത്തുകളിൽ  കുടിവെള്ളം ലഭ്യമാക്കാൻ സമഗ്ര പദ്ധതി ഒരുങ്ങുന്നു. എല്ലാ ഗ്രാമീണവീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി കേന്ദ്ര,- സംസ്ഥാന സർക്കാറിന്റെ  ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.  221.99 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ 20,305 കുടുംബങ്ങൾക്കാണ്‌  കുടിവെള്ളമെത്തിക്കുക. അഞ്ച്  പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ പ്രവൃത്തി 24ന്‌ പകൽ മൂന്നിന് കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ  ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാനം ചെയ്യും.

 

പദ്ധതി നടത്തിപ്പ് 
നാല് പാക്കേജിലൂടെ 

നാല് പാക്കേജുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക. ശുദ്ധീകരണശാല, പമ്പിങ്, പമ്പ്സെറ്റ്, ട്രാൻസ്ഫോമർ  എന്നിവയാണ് ഒന്നാം പാക്കേജിൽ. പാക്കേജ് രണ്ടിൽ  മെയിൻ ഗ്രാവിറ്റി ലൈൻ, നെടുമ്പയിലെ 10 ലക്ഷം ലിറ്റർ ടാങ്ക്, പിലിക്കോട് പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിലെ വിതരണ ശൃംഖല, കണക്ഷൻ പൈപ്പുകൾ എന്നിവ  ഉൾപ്പെടും. നെടുമ്പ മുതൽ ചെറുവത്തൂർ വരെയുള്ള ഗ്രാവിറ്റി ലൈൻ, ചെറുവത്തൂർ വീരമലയിലുള്ള 15 ലക്ഷം ലിറ്റർ ടാങ്ക്, പഞ്ചായത്തിലെ മുഴുവൻ വിതരണ ശൃംഖല കണക്ഷനുകൾ എന്നിവയാണ് പാക്കേജ് മൂന്നിൽ  ഉൾപ്പെടുന്നത്. പാക്കേജ് നാലിൽ പുത്തിലോട്ടുമലയിലെ 50 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമാണം, പിലിക്കോട് പഞ്ചായത്തിലെ ബാക്കിയുള്ള വിതരണശൃഖല, കണക്ഷനുകൾ, തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ്, പഞ്ചായത്തുകളിലെ മുഴുവൻ വിതരണ ശൃംഖല, കണക്ഷനുകൾ എന്നിവയാണുള്ളത്‌. 

 

നഗരസഭയിലും  വരും 
കുടിവെള്ള പദ്ധതി 

കയ്യൂർ ചീമേനി പഞ്ചായത്തിൽ 5,920 കുടുംബങ്ങൾക്കുള്ള 55.45 കോടി രൂപയുടേയും, വെസ്റ്റ് എളേരി പഞ്ചായത്തിൽ 6,754 കുടുംബങ്ങൾക്കുള്ള 35.44 കോടി രൂപയുടേയും, ഈസ്റ്റ് എളേരി പഞ്ചായത്തിൽ 3,157 കുടുംബങ്ങൾക്കുള്ള 33.74 കോടി രൂപയുടേയും പദ്ധതികളാണ്‌  പുരോഗമിക്കുകയാണ്. പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ 346.62 കോടി രൂപ ചെലവിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി 36,136 കുടുബങ്ങൾക്ക് ശുദ്ധജലം ലഭിക്കും. ജലജീവൻ മിഷൻ പദ്ധതിയിൽ നഗരസഭ ഉൾപ്പെടാത്തതിനാൽ നീലേശ്വരം നഗരസഭയിൽ പ്രത്യേക കുടിവെള്ളവിതരണ പദ്ധതി തയ്യാറാക്കി വരികയാണെന്ന് എം രാജഗോപാലൻ എംഎൽഎ പറഞ്ഞു.

 

ചിത്താരി പുഴയ്ക്ക് കുറുകെ റഗുലേറ്റർ വരും

കാസർകോട്‌

പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിൽ കുടിവെള്ളത്തിനും കാർഷികജലസേചനത്തിനുമായി നിർമ്മിക്കുന്ന  ചിത്താരി റെഗുലേറ്റർ നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന്  മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ചിത്താരി പാലത്തിനു സമീപമാണ്‌  ചടങ്ങ്‌.  കോവളം–- -ബേക്കൽ ദേശീയ ജലപാതയുടെ ഭാഗമായ ചിത്താരി റഗുലേറ്റർ, നബാർഡിൽനിന്ന് 33.28 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ചിത്താരിപ്പുഴക്ക് കുറുകെ റഗുലേറ്റർ നിലവിൽ വന്നാൽ ഉപ്പുവെള്ളം പ്രതിരോധിക്കാനാവും.  

 

കാത്തിരിപ്പിന് വിരാമം 

ചിത്താരി റഗുലേറ്റർ കം ബ്രിഡ്ജ് ഉപയോഗശൂന്യമായിട്ട് 30വർഷത്തിലധികമായി. മെക്കാനിക്കൽ ഷട്ടറുകൾ എല്ലാം നശിച്ച് ഉപ്പ് വെള്ളം കയറി. പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലെ കിഴക്കേക്കര, പൂച്ചക്കാട്, ദാവൂദ് മൊഹല്ല, മുക്കൂട്, ചിത്താരി പ്രദേശങ്ങളിലെ ഏക്കർ കണക്കിന് കൃഷി ഭൂമിയാണ് കൃഷി ചെയ്യാനാവാതെ തരിശായി കിടക്കുന്നത്. ഇത് പരിഹരിക്കുന്നതിനാണ്  പുതിയ റെഗുലേറ്റർ നിർമ്മിക്കുന്നത്. കൂടാതെ കോവളം-ബേക്കൽ ദേശീയ ജലപാതയുടെ ഭാഗമായതിനാൽ നാവിഗേഷൻ ലോക്കോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  

 

പ്രയോജനം 865 
ഗുണഭോക്താക്കൾക്ക്  

ചിത്താരി റഗുലേറ്റർ നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്റെ 270 മീറ്റർ മുകൾ ഭാഗത്തായാണ് നിർമ്മിക്കുന്നത്.   1095 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടുകയും ഏകദേശം 865 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top