05 May Sunday

അറിയുമോ നിങ്ങളിവരെ; അറിയണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

പാലപ്പൂവൻ ആമ

കാസർകോട്‌
ജില്ലാ പഞ്ചായത്ത്‌ കാസർകോട്‌ ജില്ലയുടെ തനത്‌ ജന്തുവിനെയും പക്ഷിയെയും ചെടിയെയും വൃക്ഷത്തെയും പ്രഖ്യാപിച്ചത്‌ വ്യാപക ചർച്ചയായി. 
വിദേശത്തുനിന്നുപോലും ഈ പരിസ്ഥിതി ഇടപെടലിന്റെ പേരിൽ ജില്ലാ പഞ്ചായത്തിന്‌ അഭിനന്ദനങ്ങൾ ലഭിക്കുകയാണ്‌. യുഎൻ ദുരന്ത നിവാരണ സമിതി തലവൻ മുരളി തുമ്മാരുകുടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം വിവരിച്ചത്‌ വൈറലുമായി.
പയസ്വിനിപ്പുഴയിൽ കാണുന്ന പാലപ്പൂവൻ ആമ, ജില്ലയിൽ മാത്രം അപൂർവമായി കൂടുകൂട്ടുന്ന വെള്ളവയറൻ കടൽപ്പരുന്ത്‌, ജില്ലക്ക്‌ പേരുവരാൻ വരെ കാരണമായ കാഞ്ഞിര മരം, അപൂർവയിനമായ പെരിയ പോളത്താളി എന്നിവയാണ്‌ ജില്ലയുടെ സ്വന്തം ഇനമായി പ്രഖ്യാപിച്ചത്‌. 
ജൈവ വൈവിധ്യ ബോർഡിന്റെ ഇടപെടലും ഇതിൽ നിർണായകമായി.
പാലപ്പൂവൻ ആമ
(ശാസ്‌ത്ര നാമം: Pelochelys cantorii gray)
മൃദുലമായ പുറംതോടുള്ള ഭീമനാമയാണിത്‌. ഇന്ത്യയിൽ തന്നെ അപൂർവയിനം. വംശനാശ ജീവികളുടെ ചുവന്ന പട്ടികയിൽ ഉൾപ്പെട്ട ശുദ്ധജല ആമ, പയസ്വിനിപ്പുഴയിൽ നെയ്യംകയത്താണ്‌ കണ്ടെത്തിയത്‌. 2019 മെയിൽ നെയ്യംകയത്ത്‌ വെള്ളം താഴ്‌ന്നതോടെ മീനുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതുപഠിക്കാനെത്തിയ ആമ ഗവേഷക ആരുഷി ജയിനാണ്‌ ഇവിടത്തെ പാലപ്പൂവൻ ആമയെ തിരിച്ചറിഞ്ഞത്‌. ഒരുമീറ്റർ ദൂരവും ക്വിന്റൽ ഭാരവുമുള്ള ഇവ അപൂർവമാമായേ പുറത്തിറങ്ങൂ. ഇവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധന്യം തിരിച്ചറിഞ്ഞ്‌ വനംവകുപ്പും അരിയിൽ പ്രാദേശിക വനം സംരക്ഷണസമിതിയും പ്രത്യേക പദ്ധതി തയ്യാറാക്കി. പാണ്ടിക്കണ്ടത്ത്‌ ഇതിന്റെ പ്രജനന കേന്ദ്രവുമൊരുക്കി. 35 മുട്ടകൾ കണ്ടെത്തി 29 എണ്ണം വിരിയിച്ചിറക്കി. 
ബാവിക്കര ഡാമിന്റെ ഷട്ടർ തുറക്കുമ്പോൾ വെള്ളത്തിന്‌ അടിയിലെത്തുന്ന മീൻപിടുത്ത വലകളും ചൂണ്ടകളും ഇവയുടെ നിലനിൽപ്പിന്‌ ഏറെ ഭീഷണിയാണെന്ന്‌ പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വെള്ളവയറൻ കടൽപ്പരുന്ത്‌
(ശാസ്‌ത്ര നാമം: Haliaeetus leucogaster)
വന്യജീവി സംരക്ഷണനിയമത്തിലെ ഒന്നാം പട്ടികയിലുൾപ്പെടുന്ന പക്ഷിയാണിത്‌. വടക്കൻ കേരളത്തിൽ മാഹി മുതൽ മഞ്ചേശ്വരം വരെ 150 കിലോമീറ്റർ ദൂരത്തുമാത്രമാണ്‌ ഈ പക്ഷിയുള്ളത്‌. തീരദേശത്തും കാവുകളിലും 30 മീറ്റർ ഉയരത്തിലാണ്‌ ഇവ കൂടുകൂട്ടുക. കടൽപ്പാമ്പ്‌, മീനുകൾ, ആമ, ചെറിയ പക്ഷികൾ എന്നിവയെ ഭക്ഷിക്കും. മുൻപിടുത്തക്കാർ കമലപ്പരുന്ത്‌ എന്നാണ്‌ വിളിക്കുന്നത്‌. ഇവയുടെ 15 കൂടുകൾ കാസർകോട്‌ ജില്ലയിലും അഞ്ചണ്ണം കണ്ണൂർ ജില്ലയിലും പക്ഷിനിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്‌. ചുള്ളിക്കമ്പിൽ കൊട്ടയുടെ രൂപത്തിലാണ്‌ നിർമാണം. ഒരേകൂടുതന്നെ പിന്നെയും ഉപയോഗിക്കും. വലിയ മരങ്ങളും കാവുകളും ഇല്ലാതാകുന്നത്‌ ഇവയുടെ പ്രജനനത്തെ ബാധിക്കുന്നുണ്ട്‌. 
കാഞ്ഞിരം
(ശാസ്‌ത്രനാമം: Strychnos nux- vomica)
 ചെങ്കൽ പാറകളിൽ സാധാരണമായി കാണുന്ന മരം. കാലി മേയ്ക്കുന്നവരുടെ ആരാധനാമൂർത്തിയായ കാലിച്ചാൻ തെയ്യം അധിവസിക്കുന്നത്‌ ഈ മരത്തിലാണെന്നാണ്‌ വിശ്വാസം.  കാഞ്ഞിരം അടിസ്ഥാനമായ നിരവധി കാവുകൾ ജില്ലയിലുണ്ട്‌. 
വിഷച്ചെടിയായ ഇവയിൽ Strychnine എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ട്‌. മികച്ച ഔഷധവുമാണ്‌.  കാഞ്ഞിരം എന്നർഥമുള്ള ‘കാസം' എന്ന വാക്കിൽ നിന്നാണ് കാസർകോട്‌ എന്ന സ്ഥലനാമം ഉണ്ടായത്.  75 വർഷം മുമ്പുള്ള റവന്യു രേഖകളിൽ കാസർകോട്‌ അറിയപ്പെട്ടിരുന്നത്‌ കാഞ്ഞിരോട്, കാത്തിരങ്ങാട് എന്നിങ്ങനെയാണ്‌.
പെരിയ പോളത്താളി  
(ശാസ്ത്രനാമം: Crinum malabaricum)
 ഉത്തര മലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്നുൽഭവിക്കുന്ന അരുവികളിൽ മാത്രം കാണപ്പെടുന്ന അപൂർവ സസ്യമാണ് പെരിയ പോളത്താളി. മനോഹരമായ പൂക്കളോടുകൂടിയ ഇവയെ ആദ്യമായി കണ്ടെത്തിയത്  പെരിയയിലാണ്. 2012ൽ മഹാരാഷ്ട്രയിലെ കോലാപ്പൂർ സർവകലാശാലയിലെ ഗവേഷകരാണ്  ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഉള്ളിയുടേതിന് സമാനമായ കാണ്ഡം പൂർണമായും മണ്ണിനടിയിലാണ്. രണ്ടു മുതൽ നാലു മീറ്റർ വരെ നീളമുള്ള നാടയുടെ ആകൃതിയുള്ള ചെടിയുടെ ഇലകളാണ്  പുഷ്പികൾക്കിടയിലെ ഏറ്റവും നീളം കൂടിയ ഇലകൾ. ഇവ വെള്ളപ്പരപ്പിൽ ഓളങ്ങൾ തീർക്കുന്നത് മനോഹരമായ കാഴ്‌ചയാണ്. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന പൂങ്കുലകളിൽ ആറ്‌ മുതൽ 13 വരെ പൂക്കളുണ്ടാകും. ചുവപ്പു കലർന്ന വെളുപ്പു നിറത്തിലുള്ള, സുഗന്ധപൂരിതമായ ഇവയുടെ പൂക്കൾ ഓണക്കാലത്ത് പൂക്കളത്തിന്‌ ഉപയോഗിക്കാറുണ്ട്‌. 
അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽപ്പെടുന്ന ഈ സസ്യത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ്‌ നാച്വർ  മുന്നിട്ടിറങ്ങിയിട്ടുണ്ട്‌. ലോകത്തിലെ നിരവധി  സസ്യശാസ്ത്ര ഗവേഷകർ ഈ സസ്യത്തെക്കുറിച്ചുള്ള തുടർ ഗവേഷണങ്ങൾക്കായി പെരിയയിൽ എത്തുന്നുണ്ട്‌. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top