05 May Sunday
150 കുടുംബങ്ങൾക്ക്‌ ഉപജീവന പദ്ധതികൾ

ചേർത്തുനിർത്താൻ
കുടുംബശ്രീ

സ്വന്തം ലേഖകൻUpdated: Saturday Oct 21, 2023

കാസർകോട്‌

അതിദരിദ്രരായ കുടുംബങ്ങളെ ചേർത്തുനിർത്താൻ കുടുംബശ്രീയുടെ 'ഉജ്ജീവനം'പദ്ധതി. അതിദരിദ്രരായ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും മോചിപ്പിച്ച് മുഖ്യധാരയിലേക്കെത്തിക്കാൻ കുടുംബശ്രീ ഉജ്ജീവനം ക്യാമ്പയിൻ നടത്തും. 
അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള കുടുംബങ്ങൾക്ക് ഉപജീവനം ഒരുക്കുന്നതാണ് പദ്ധതി. ജില്ലയിൽ കണ്ടെത്തിയ ആകെ 2763 കുടുംബങ്ങളിൽ 150 ഓളം കുടുംബങ്ങൾക്കാണ് ഉപജീവന പദ്ധതികൾ ആവശ്യമായിട്ടുള്ളത്. മംഗൽപാടിയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള പഞ്ചായത്ത്.
ജില്ലാ കുടുംബശ്രീ മിഷൻ നിയോഗിക്കുന്ന വിദഗ്ദ്ധടീം മുഴവൻ വീടുകളും സന്ദർശിക്കും. ഗുണഭോക്താവിന്റെ ഉപജീവന സാധ്യതകൾ, ഉപയോഗപ്പെടുത്താവുന്ന പദ്ധതികൾ, ആവശ്യമായ പിന്തുണ എന്നിവ മനസ്സിലാക്കി മൊബൈൽ ആപ്പിൽ രേഖപ്പെടുത്തും. ഉപജീവന പ്രവർത്തനങ്ങളുടെ പട്ടിക തദ്ദേശ സ്ഥാപനതല ക്യാമ്പയിൻ സംഘം തയ്യാറാക്കും. ഇതിൽ അടിയന്തര പിന്തുണ ആവശ്യമുള്ളവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ, പരിശീലനം ആവശ്യമുള്ളവർ എന്നിങ്ങനെ വേർതിരിച്ച് നവംബർ 15നകം ജില്ലാതല സംഘത്തിന് സമർപ്പിക്കും. 
ആവശ്യമായ എല്ലാ ഗുണഭോക്താക്കൾക്കും കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് ടീം വഴി പരിശീലനവും ലഭ്യമാക്കും. 
ഒക്ടോബർ 25ന് തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പെയിന്റെ ഉദ്ഘാടനത്തോടെ  ജില്ലയിലും പ്രവർത്തങ്ങൾ ആരംഭിക്കും.  100 ദിവസത്തിനുള്ളിൽ സുസ്ഥിരമായ ഉപജീവന മാർഗത്തിലേക്ക് ഇവരെ എത്തിക്കുക എന്നതാണ് ലക്ഷ്യം.  
നവംബർ ഒന്നുമുതൽ പ്രവർത്തനങ്ങൾ ആരംഭിച്ച് 2024 ഫെബ്രുവരി ആദ്യം അവസാനിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top