26 April Friday

പിക്‌ചർ അഭീ ഭീ 
ബാക്കിഹെ ഭായ്‌...

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

പി പി കുഞ്ഞികൃഷ്‌ണനും അഡ്വ. ഷുക്കൂറും

ചെറുവത്തൂർ
‘ആകെ കൺഫ്യൂഷനായല്ലോ... ഇതു നമ്മളെ മാഷല്ലേ... അല്ല നമ്മളെ പഞ്ചായത്ത്‌ മെമ്പറാ...’ അവസാനം കൂട്ടത്തിലൊരു രസികൻ പറഞ്ഞു; ‘അല്ലടാ ഇത്‌ സിനിമയിലെ ജഡ്‌ജിയാ...’ എന്നാൽ സിനിമ കണ്ടിറങ്ങിയവർ ഒന്നായി പറഞ്ഞു കഥയും കാഴ്‌ചയും ഇനിയും കാണാനിരിക്കുന്നതേയുള്ളൂവെന്ന്‌. 
കാസർകോടിന്റെ തനതുഭാഷ പറഞ്ഞ്‌ സിനിമയിൽ ജഡ്‌ജിയുടെ വേഷം അഭിനയിച്ച്‌ താരമായ തടിയൻ കൊവ്വലിലെ റിട്ട. അധ്യാപകൻ പി പി കുഞ്ഞികൃഷ്‌ണൻ സിനിമാ സ്‌ക്രീനിൽ നിറഞ്ഞു നിന്നപ്പോൾ ആരാധകർ നടത്തിയ പ്രതികരണമാണിത്‌. ഉദിനൂർ എയുപി സ്‌കൂളിൽ മൂന്നര പതിറ്റാണ്ട്‌ അധ്യാപകനായി ജോലി ചെയ്‌ത ഇദ്ദേഹത്തിന്‌ നിരവധി ശിഷ്യന്മാരുണ്ട്‌. വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കാണുന്നത്‌ ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന സിനിമയിൽ ജഡ്‌ജിയായിട്ട്‌. നാട്ടുകാർക്ക്‌ അദ്ദേഹം മാഷാണ്‌. ഒപ്പം പഞ്ചായത്തംഗവും. 
സിനിമ കണ്ടതല്ലാതെ അവസരം കിട്ടുമെന്ന്‌ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന്‌ ഈ അധ്യാപകൻ പറയും.  സിനിമാ ഓഡിഷന്‌ നിർബന്ധിച്ചത്‌  നടൻ ഉണ്ണിരാജ്‌ ചെറുവത്തൂരാണ്‌. അവസരം ലഭിച്ചപ്പോൾ പിന്നൊന്നും നോക്കിയില്ല. തനത്‌ ശൈലിയിൽ വെച്ച്‌ കാച്ചി. സിനിമ റിലീസായി ജനം ഏറ്റെടുത്തപ്പോൾ മാഷിന്റെ മനസും സന്തോഷത്താൽ റിലീസായി. ഇപ്പോൾ അവസരങ്ങൾ തേടിയെത്തുകയാണ്‌. സുരാജിന്റെ അടുത്ത പടത്തിനുള്ള തയാറെടുപ്പ്‌ നടത്തുമ്പോൾ, ബെസ്‌റ്റ്‌ ആക്ടർ എന്ന സിനിമയിൽ മമ്മൂക്കാ പറഞ്ഞതുപോലെ  ഈ ഹിന്ദി അധ്യാപകനോട്‌ നമുക്കും പറയാം; പിക്‌ചർ അഭീ ഭീ ബാക്കി ഹെ ഭായ്‌..
കോടതി പോലെ സിനിമയും
പലരേയും പരീക്ഷിച്ചിട്ടാണ്‌ സംവിധായകൻ ഞങ്ങളിലെത്തിയത്‌. 7000  ത്തോളം പേരെ ഒഡീഷന്‌ വിളിച്ച്‌ 3500 ത്തോളം പേരെ തെരഞ്ഞെടുത്തു. ഇതിന്‌ പുറത്താണ്‌ എന്നെ തെരഞ്ഞെടുത്തത്‌. ഹൊസ്‌ദുർഗ്‌ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ രാജ്‌മോഹൻ വക്കീൽ നിർബന്ധിച്ചിട്ടാണ്‌ സിനിമയുടെ ഭാഗമാകുന്നത്‌. 10 ദിവസം റിഹേഴ്‌സിലിൽ പങ്കെടുത്തു. പിന്നീടായിരുന്നു ചിത്രീകരണം–- ഒറിജിനൽ ഷൂക്കൂർ വക്കീൽ സിനിമയിലെത്തിയ കഥ തുടർന്നു. 
സിനിമ കണ്ട്‌  മുൻ ജില്ലാ ജഡ്‌ജിമാർ ഉൾപ്പെടെയുള്ളവർ വിളിച്ചു. കോടതിയിൽ എന്താണൊ അതാണ്‌ സിനിമയിൽ കണ്ടതെന്നും അവർ പറഞ്ഞു. ഫ്‌ളോ പോകലും ദേഷ്യം പിടിക്കലും കോടതിയിലുമുള്ളതാണ്‌. കോടതിയിലുള്ള സ്വാഭാവിക പെരുമാറ്റം തന്നെയാണ്‌ സിനിമയിലുമുള്ളത്‌.  സംഭാഷണം കഴിഞ്ഞുള്ള മുഖഭാവങ്ങൾ സിനിമയുടെ പ്രത്യേകതയാണ്‌.  ഇതിന്‌ സംവിധായകനും ക്യാമറമാനും പ്രാധാന്യം നൽകുന്നു. 
താൻ നടത്തുന്ന കേസുകളിലെ കക്ഷികൾക്ക്‌ വലിയ ബേജറാണ്‌ ഇപ്പോൾ. കേസ്‌ വിട്ട്‌ സിനിമയിലേക്ക്‌ പോയേക്കുമെന്ന ഭയമാണവർക്ക്‌. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ നിന്ന്‌ ഒരു കക്ഷി വിളിച്ച്‌ പറഞ്ഞു. വക്കീലെ 17 നാണ്‌ കേസ്‌. നിങ്ങൊ ഹാജരാകുവല്ലോ. സാധാരണ വക്കീലാണ്‌ തിയതി ഓർമിപ്പിക്കാറ്‌. അഭിഭാഷക ജോലിയാണ്‌ മുഖ്യം. ഇതിനിടയിൽ സിനിമയും പരിഗണിക്കും–- ഷൂക്കൂർ വക്കീൽ പറഞ്ഞു. 
കൃഷ്ണൻ വക്കീലും പൊളി...
കാഞ്ഞങ്ങാട്‌
എ വി ബാലകൃഷ്ണൻ എന്ന നാടകക്കാരനെ നാട്ടുകാർക്കെല്ലാം അറിയാം. ‘ന്നാ താൻ കേസുകൊട്‌’ സിനിയിലെ കൃഷ്‌ണൻ വക്കീലിനെ ഇപ്പോൾ ലോകത്തെല്ലാവർക്കും അറിയാം.  
രാമഗിരി കലാകേന്ദ്രം, വേലാശ്വരം വിശ്വഭാരതി, മടിയൻ ജവാൻ തുടങ്ങി ക്ലബുകളിലെ താരമായിരുന്ന ബാലകൃഷ്‌ണൻ ഇപ്പോഴാണ്‌ ശരിക്കും താരമായത്‌. പരസ്യം കണ്ട് ഓഡിഷനിൽ പങ്കെടുത്താണ്‌ സിനിമയിലെത്തിയത്‌. വാണിയംപാറയിലെ രാജേഷ് സംവിധാനം ചെയ്ത മണ്ണിര, ഗോ കൊറോണ, ബിജു 2, പന്നി തുടങ്ങിയ ഹ്രസ്വചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. പെരുന്തി, മോക്ഷം, ഭഗവാൻ കാലുമാറുന്നു, മേടപ്പത്ത് തുടങ്ങി അമ്പതിലധികം നാടകങ്ങളിലും അഭിനയിച്ചു. സിപിഐ എം വാണിയമ്പാറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഇപ്പോൾ അള്ളംകോട ബ്രാഞ്ചംഗമാണ്‌. 
പെരിങ്ങാനത്തെ ലോഹിപ്പോലീസ്‌
മുന്നാട്‌
‘‘എന്റെ പൊന്നുമാളികപ്പുറത്തമ്മമാരെ, നിങ്ങളിങ്ങനെ ഈട ബന്നിറ്റ്‌ ചീത്തവിളിച്ചു, ചീത്ത വിളിച്ചൂന്ന്‌ പറയാണ്ട്‌, എന്താണ്‌ വിളിച്ചൂന്ന്‌ പറയാതെ ഞാനെങ്ങനെ കേസെടുക്കും?’’
സിനിമയിൽ പെരിങ്ങാനം ലോഹിതാക്ഷന്റെ ചിരിയുണർത്തുന്ന ഡയലോഗിലൊന്നാണിത്‌. പരസ്‌പരം ചീത്തവിളിച്ച ജാനകിയേച്ചീം ദേവകീയേച്ചീം, ശബരിമലയ്‌ക്ക്‌ മാലയിട്ടതിനാൽ കേസെടുക്കാൻ പറ്റാതെ വലഞ്ഞുപോയ എസ്‌ഐയാണ്‌ ലോഹിതാക്ഷൻ.
നീണ്ട കാലത്തെ കലാജീവിതത്തിലെ ഹിറ്റ്‌ റോളാണ്‌ സിനിമയിലെ ലോഹിപ്പോലീസ്‌. കാസ്‌റ്റിങ്‌ ഡയറക്ടർ  രാജേഷ്‌ മാധവനും സഹസംവിധായകൻ സുധീഷുമാണ്‌ ലോഹിതാക്ഷനെ സിനിമയിലേക്ക്‌ ക്ഷണിച്ചത്‌. തെരുവുനാടകപ്രവർത്തകൻ, ബാലസംഘത്തിന്റെ വേനൽതുമ്പി പരിശീലകൻ എന്ന നിലയിൽ നാട്ടുകാർക്കാകെ സുപരിചിതനാണ്‌. ആ പരിചയത്തിനിപ്പോൾ താരപരിവേഷം കൂടി കിട്ടി. ‘നാട്ടുപയമ’ എന്ന തെരുവുനാടകത്തിൽ ലോഹിതാക്ഷൻ ചെയ്‌ത ‘കുഞ്ഞമ്മാർ’ എന്ന കഥാപാത്രം ഏറെ പ്രശസ്‌തമാണ്‌. നൂറിലധികം വേദികളിൽ ഈ നാടകം കളിച്ചു. ബാലസംഘം ജില്ലാകമ്മിറ്റിയംഗവും ഹരിതകേരളം മിഷൻ റിസോഴ്‌സ്‌ പേഴ്‌സണുമാണ്‌ പള്ളത്തുങ്കാൽ പെരിങ്ങാനം സ്വദേശിയായ ലോഹിതാക്ഷൻ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top