27 April Saturday

അനന്തപുരത്ത്‌ ബയോഡീസൽ ഫാക്ടറി ഡിസംബറിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

അനന്തപുരം വ്യവസായ പാർക്കിലെ ബയോഡീസൽ ഫാക്ടറി കമ്പനി പ്രതിനിധികൾ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരിയെ സന്ദർശിച്ചപ്പോൾ

കാസർകോട്‌
അനന്തപുരം വ്യവസായ പാർക്കിൽ നിർമാണം തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ബയോഡീസൽ ഫാക്ടറി ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. പാചകത്തിന് ഉപയോഗിച്ച എണ്ണ ബയോഡീസലാക്കി മാറ്റുന്ന ഫാക്ടറി അനന്തപുരം വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കർ സ്ഥലത്താണ് നിർമാണം ആരംഭിച്ചത്‌. 
ആദ്യഘട്ടത്തിൽ മാസം 500 ടൺ  ഉൽപാദന ശേഷിയുള്ള ഫാക്ടറിയിൽ കോടികളുടെ നിക്ഷേപമാണ്‌ ജില്ലയിലെത്തിക്കുക. നൂറോളം പേർക്ക്‌ തൊഴിൽ ലഭ്യമാക്കും. ബ്രീട്ടീഷുകാരനായ കാൾ വില്യംസ് ഫീൽഡറിന്റെ ഉടമസ്ഥതയിലുള്ള ന്യൂട്രൽ ഫ്യൂവൽസും കോഴിക്കോട് സ്വദേശികളായ ഹക്‌സർ, അബ്ദുൾ ഗഫൂർ എന്നിവർ പങ്കാളികളായ ഖത്തർ ആസ്ഥാനമായ എർഗോ ബയോ ഫ്യൂവൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായാണ് ഫാക്ടറി സ്ഥാപിക്കുന്നത്‌. 
      
ഡീസൽ എൻജിനുകളിലും ഉപയോഗിക്കാം
എല്ലാവിധ  ഡീസൽ എൻജിനുകളിലും ഉപയോഗിക്കാവുന്നതാണ്‌ ബയോ ഡീസൽ. 65 രൂപ മുതൽ 70 രൂപ വരെയാണ്‌ വില. എൻജിൻ പ്രവർത്തിപ്പിക്കാൻ 25 ശതമാനം ഡീസലിനൊപ്പം 75 ശതമാനം ബയോഡീസൽ ഉപയോഗിക്കാം.  ഇന്ത്യൻ ഓയിലുമായിട്ട്‌ ഇന്ധനം കൈമാറാൻ കരാറുണ്ടാക്കും. സംസഥാനത്തെ 10 ജില്ലകളിൽ നിന്ന്‌ എണ്ണ ശേഖരണം തുടങ്ങി. കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവ വഴിയും എണ്ണ ശേഖരിക്കും. ഇതുവഴി കൂടുതൽ പേർക്ക്‌ തൊഴിലവവസരമുണ്ടാകും. 
             
സഹായം ഉറപ്പ്‌: കലക്ടർ
വ്യവസായ സംരഭത്തിന് എല്ലാ സഹായങ്ങളും  ഉണ്ടാകുമെന്ന്‌ കലക്ടർ ഭണ്ഡാരി സ്വാഗത്‌ രൺവീർ ചന്ദ്‌ പറഞ്ഞു. അനന്തപുരം വ്യവസായ പാർക്ക്‌ സന്ദർശിച്ച കമ്പനി പ്രതിനിധികൾ കലക്ടറെ കണ്ടു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാറും ഒപ്പമുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top