26 April Friday

വയലാംകുഴിക്ക്‌ 
തൂക്കുപാലംമാത്രം പോര

രാജേഷ്‌ മാങ്ങാട്‌Updated: Sunday May 15, 2022

വയലംകുഴി- ചേരൂർ തൂക്കുപാലം

പെരുമ്പള

വയലാംകുഴി, ചേരൂർ നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് വാഹനങ്ങൾ കടന്നുപോകാൻ ചന്ദ്രഗിരി പുഴയിൽ പാലം നിർമിക്കണമെന്നത്.  ഇരു കരകളിലുള്ളവർക്ക് പുഴ കടക്കണമെങ്കിൽ  ചേരൂർ തുക്കുപാലമാണ് ആശ്രയം. ചെമ്മനാട് പഞ്ചായത്തിലെ വയലാംകുഴി, ചെങ്കള പഞ്ചായത്തിലെ ചേരൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് 19 വർഷം മുമ്പ്‌ 36 ലക്ഷം രൂപ ചെ
ലവഴിച്ച്  നിർമിച്ച തൂക്കുപാലം ഇപ്പോൾ അപകടാവസ്ഥയിലുമാണ്‌. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ചെമ്മനാട്, ചെങ്കള  പഞ്ചായത്തുകളുടെ സഹായത്തോടെയാണ്‌  125 മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുള്ള തൂക്കുപാലം നിർമിച്ചത്‌.  പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ  ദ്രവിച്ചുതുടങ്ങി.  ചേരൂരിൽ നിന്ന് പാലത്തിലേക്ക് കയറുന്ന ഭാഗത്തെ  നടപ്പാതയിൽ വിടവുമുണ്ട്.  വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നടന്നു പോകുമ്പോൾ പാലം ആടുന്നുമുണ്ട്‌. പുഴ തുരുത്ത് കാണാനും ആസ്വദിക്കാനുമായി നിരവധി പേരാണ്‌ ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ തൂക്കുപാലത്തിൽ കയറുന്നത്. ഇതും അപകട ഭീഷണിയുയർത്തുന്നു.
പുതിയ പാലവും റോഡും ആവശ്യം
തൂക്കു പാലത്തിന്റെ കിഴക്ക്  ഭാഗം 250 മീറ്റർ അകലെ റോഡും പാലവും നിർമിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 300 മീറ്റർ നീളം, നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുള്ള പാലവും 7.5 മീറ്റർ റോഡിനുമാണ് പദ്ധതി സമർപ്പിച്ചത്. 30 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  
പാലവും റോഡും വന്നാൽ വയലാംകുഴി, -ചേരൂർ പ്രദേശങ്ങളിലെ  നൂറുകണക്കിന് ജനങ്ങൾക്ക് ഗുണകരമാകും. ചെങ്കള നാലാം മൈലിൽ ദേശീയ പാതയിൽ നിന്ന് ചേരൂർ റോഡ് വഴി നേരിട്ട്‌ ചട്ടഞ്ചാൽ–-- ദേളി റോഡിലേക്ക് എത്താം. നാലുകിലോമീറ്റർ ദൂരം കുറഞ്ഞുകിട്ടും.
ഇ മനോജ് കുമാർ പെരുമ്പള, ചെമ്മനാട് പഞ്ചായത്തംഗം
അറ്റകുറ്റ പണി നടത്താത്തതിനാൽ  തൂക്കുപാലം നശിക്കുകയാണ്‌.  സർവേ  നടപടികൾ പൂർത്തിയായ  ചേരൂർ  പാലം എത്രയും പെട്ടന്ന് യാഥാർഥ്യമാക്കണം 
എ നാരായണൻ നായർ 
വയലാകുഴി, മുൻ പഞ്ചായത്തംഗം
ചേരൂർ എൽപി സ്കൂളിലേക്ക് നിരവധി കുട്ടികളാണ്  അപകടാവസ്ഥയിലായ തൂക്കുപാലത്തിലൂടെ നടന്ന് പോകുന്നത്. ശക്തമായ മഴയും കാറ്റും വന്നാൽ പുഴയുടെ ഇരുകരകളിലുമുള്ളവർക്ക് ആശങ്ക കൂടും.  
സി എ അഹമ്മദ്, വയലാംകുഴി
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top