26 April Friday

കുന്നോളം മികവിൽ കുന്നുമ്മൽ ബാങ്ക്‌

ടി കെ നാരായണൻUpdated: Friday Aug 5, 2022

കോട്ടച്ചേരി സർവീസ്‌ സഹകരണ ബാങ്ക് കെട്ടിടം

കാഞ്ഞങ്ങാട്‌  

സഹകരണമെന്നു കേട്ടാൽ കാഞ്ഞങ്ങാട്ടുകാർക്കത്‌ കോട്ടച്ചേരി സർവീസ്‌ സഹകരണ ബാങ്കെന്ന കുന്നുമ്മൽ ബാങ്കാണ്‌.  അജാനൂർ, ബല്ല ഗ്രാമങ്ങൾ പ്രവർത്തന പരിധിയുള്ള ബാങ്കിൽ 10,249 അംഗങ്ങളുണ്ട്‌. 254 കോടി നിക്ഷേപവും 137 കോടി വായ്‌പയും ബാങ്കിനുണ്ട്‌.
ഹെഡ്‌ ഓഫീസിനുപുറമെ മാണിക്കോത്ത്‌, മാവുങ്കാൽ, ചെമ്മട്ടംവയൽ, നോർത്ത്‌ കോട്ടച്ചേരി, കൊളവയൽ, വെള്ളിക്കോത്ത്‌ ബ്രാഞ്ചുകളും കോട്ടച്ചേരിയിൽ സായാഹ്ന ശാഖയുമുണ്ട്‌. ആംബുലൻസ്‌, റബ്‌കോ ഫർണിച്ചർ ഷോറൂം, നീതി മെഡിക്കൽ സ്‌റ്റോർ, പച്ചക്കറി സ്‌റ്റാൾ എന്നിങ്ങനെ സേവനങ്ങൾ പരന്നുകിടക്കുകയാണ്‌.  മുൻ പ്രസിഡന്റ്‌ കെ  പുരുഷോത്തമന്റെ സ്‌മരണക്കായി സ്ഥാപിച്ച സ്‌മാരക ലൈബ്രറി, സാംസ്‌കാരികരംഗത്തുള്ള  ബാങ്കിന്റെ നിറഞ്ഞ കൈയൊപ്പാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക്‌ ബാങ്ക്‌ 10 ലക്ഷം രൂപയും ജീവനക്കാർ 11.66 ലക്ഷം രൂപയും കൈമാറിയത്‌ സംസ്ഥാനത്തിനാകെ മാതൃകയായി. 
കൃഷിക്കാർക്കായി കഴിഞ്ഞ സാമ്പത്തിക വർഷം 1.96 കോടി രൂപയുടെ  വായ്‌പയാണ്‌ നൽകിയത്‌. രണ്ടുകോടി രൂപ പലിശരഹിത വായ്‌പയും നൽകി. അംഗങ്ങൾക്ക്‌  ക്ഷേമനിധിയും ബാങ്കിന്റെ പ്രത്യേകതയാണ്‌. 70 വയസുകഴിഞ്ഞവർക്ക്‌ പെൻഷൻ കിട്ടുന്ന പദ്ധതിയാണിത്‌.  മരണാനന്തര ചിലവിലേക്കായി 3000 രൂപയും നൽകുന്നുണ്ട്‌. രോഗികൾ,  വായ്‌പയെടുത്ത്‌ മരിച്ചവർ എന്നിവരുടെ കുടുംബത്തിന്‌ ബാങ്കിന്റെ പ്രത്യേക കൈത്താങ്ങുണ്ട്‌.  71 പേർക്ക്‌ 14.35 ലക്ഷം രൂപയും ഇങ്ങനെ നൽകി. സഹകരണ റിസ്‌ക്‌ ഫണ്ടിനത്തിൽ 14 പേർക്കായി 9.59 ലക്ഷം രൂപയും നൽകി.  
കോട്ടച്ചേരി ആസ്ഥാനമായി 1955ലാണ്‌ ബാങ്ക്‌ പ്രവർത്തനം തുടങ്ങിയത്‌. ബാങ്കിങ്‌ രംഗത്തും ഇതര സാമൂഹ്യസേവന രംഗത്തും ഇടപെട്ട്‌  പ്രാഥമിക കാർഷിക വായ്‌പാ സഹകരണമേഖലയിൽ മാതൃകാപരമായി പ്രവർത്തിക്കാൻ സ്ഥാപനത്തിനായി. ജനങ്ങളുടെ ജീവനാഡിയായ സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമമുണ്ട്‌. ഇതിനെതിരായ ജാഗ്രത ഓരോ സഹകാരിയും കാട്ടേണ്ട സമയമാണിത്‌.
കെ വിശ്വനാഥൻ, പ്രസിഡന്റ്‌
പ്രവർത്തനങ്ങളിലെ വൈവിധ്യവൽക്കരണമാണ്‌  കോട്ടച്ചേരി സഹകരണ ബാങ്കിനെ വേറിട്ടു നിർത്തുന്നത്‌. സഹകാരികളുടെയും പൊതുസമൂഹത്തിന്റെയും ക്ഷേമത്തിനാണ്‌  മുൻഗണന. സഹകരണ വകുപ്പും സംസ്ഥാന സർക്കാരും നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളും എറ്റെടുക്കുന്നു. ഇനിയും നൂതന പദ്ധതികൾ  ബാങ്ക്‌  ആവിഷ്‌കരിക്കും.
പി വനജാക്ഷി, സെക്രട്ടറി
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top