27 April Saturday

കോളിയാട് കടവിൽ കോൽപാലം റെഡി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

ചൈത്രവാഹിനി പുഴയിൽ കോളിയാട് കപ്പാത്തി കടവിൽ നാട്ടുകാർ കോൽപാലം നിർമിച്ചപ്പോൾ

ഭീമനടി
സാധരണ തോടുകളിൽ മഴക്കാലത്താണ് നാട്ടുകാർ താല്‍ക്കാലിക പാലം നിർമിക്കുക. എന്നാൽ കുന്നുകൈ കോളിയാട് - കപ്പാത്തി കടവിൽ പാലം നിര്‍മാണം വേനൽക്കാലത്താണ്. ചൈത്രവാഹിനി പുഴയിൽ കോളിയാട് ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്താണ് കോളിയാട് - കപ്പാത്തി കടവ്.
വേനൽകാലത്ത് പുഴയിൽ വെള്ളം കുറയുമ്പോൾ  ഇറങ്ങി കടന്നു പോകാറുണ്ട്. എന്നാൽ പാലായി ഷട്ടർ കം ബ്രിഡ്ജ് വന്നതോടെ വേനൽകാലത്തും വെള്ളം സമൃദ്ധമായി.  മുട്ടിന് താഴെ വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നരയാൾ പൊക്കത്തിലാണ് വെള്ളം. ഇതോടെയാണ് വേനൽ കാലത്ത് മറുകര താണ്ടാൻ ജനങ്ങൾ കോൽപ്പാലം കെട്ടുന്നത്‌. 
 ഇവിടെ ഒരു കമ്പിപ്പാലം എന്ന നാട്ടുകാരുടെ ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. 200മീറ്റർ ദൂരമുള്ള  കുന്നുംകൈ ടൗണിലെത്താൻ രണ്ടര കിലോമീറ്റർ ചുറ്റേണ്ട സ്ഥിതിയാണുള്ളത്‌. കപ്പാത്തി, കല്ലുവളപ്പ്, മുക്കട, കപ്പാത്തിതട്ട്, കോളിയാട്, കുന്നുംകൈ പുഴയോരങ്ങളിലെ ജനങ്ങൾ ഇരുകരകളിലേക്കും നടന്നെത്താൻ ഈ കടവിനെയാണ് ആശ്രയിക്കുന്നത്. 
ഭീമനടി മുക്കട റോഡിനും കുന്നുംകൈ കപ്പാത്തി മുക്കട റോഡിനും സമാന്തരമായി ഒഴുകുന്ന ചൈത്രവാഹിനി പുഴയിലാണ്  കടവ്.  മുക്കട ഭാഗത്തെ ജനങ്ങൾ കുന്നുംകൈ എത്താൻ നാല് കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. എന്നാൽ കോളിയാട് കപ്പാത്തി കടവ് വഴി രണ്ട് കിലോമീറ്റർ ദൂരത്തിൽ എത്താം. 300ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്‌. 
നാട്ടുകാരായ കെ വി ചന്ദ്രൻ, എ കെ തമ്പാൻ, രാജു കുണ്ടത്തിൽ, സതീശൻ കപ്പാത്തി, കെ വിനോദ്, കെ അർജുൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ താൽക്കാലിക പാലം നിർമിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top