26 April Friday
കൈവിടാതിരിക്കാൻ

കോട്ടകെട്ടി കാസർകോട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കാസർകോട്‌
ജില്ലയിൽ കോവിഡ്‌ 19 സമൂഹ വ്യാപനമാകുന്നത്‌ തടയാൻ കോട്ട കെട്ടി ആരോഗ്യവകുപ്പും ജില്ലാ അധികൃതരും പൊലീസും. രാജ്യത്തെ  സുപ്രധാന കോവിഡ്‌ ബാധിത കേന്ദ്രങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കാസർകോടിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. ജില്ലയിൽ രോഗബാധിതരുടെ എണ്ണം 108 ആയി. ഇതിൽ 28 പേർ സമ്പർക്കത്തിലുടെ രോഗം ബാധിച്ചവരാണ്‌. കാര്യങ്ങൾ കൈവിട്ട്‌ പോകാതിരിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ ചൊവ്വാഴ്‌ച മുതൽ ഏർപ്പെടുത്തി.  രോഗികൾ കൂടുതലുള്ള അഞ്ച്‌ പഞ്ചായത്തുകളെയും കാസർകോട്‌ നഗരസഭയെയും  പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധൂർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളിണിവ. ഇവിടെയുള്ളവർ മറ്റിടങ്ങളിൽ പോയി സമ്പർക്കം വഴി രോഗം പടരുന്നത്‌ ഒഴിവാക്കാനാണ്‌ ഇത്‌.    മറ്റിടങ്ങളിൽ അവശ്യസർവീസിനായി ഉറങ്ങുന്നവരുടെ  വാഹനയാത്രക്കും നിയന്ത്രണമുണ്ട്‌. കാറിൽ ഡ്രൈവറെ കൂടാതെ ഒരാളും  ഇരു ചക്രവാഹനങ്ങളിൽ ഒരാളും മാത്രമേ പോകാവൂ. 
രോഗവ്യാപനം തടയാൻ ജില്ലക്ക്‌ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌. കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് സെന്റർ, കേരള കേന്ദ്ര സർവകലാശാല ലാബിൽ കൊറോണ വൈറസ് പരിശോധന ലാബ്‌ എന്നിവ ഇതിന്റെ ഭാഗമാണ്‌.  വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങരുതെന്ന്‌ സ്‌പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ഇത് സഹായകമാണ്. സർക്കാർ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സർക്കാർ നിരീക്ഷണത്തിലുള്ള പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ്  സ്ഥിരീകരിച്ച പ്രദേശങ്ങൾ വരും ദിവസങ്ങളിൽ പൂർണമായും പൊലീസ്‌ നിയന്ത്രണത്തിലായിരിക്കും. ഇവിടങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകില്ല. അവശ്യസാധനങ്ങൾ എത്തിക്കാൻ  ഹോം ഡെലിവറി സംവിധാനം തുടങ്ങാൻ ആലോചിക്കുന്നു. 
നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണം എത്തിക്കും. അവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ ദിവസവും കടയടച്ചതിന് ശേഷം അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top