27 April Saturday

സ്‌മരണയിൽ നിറഞ്ഞ്‌ പാട്യം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

പാട്യം ദിനാചരണത്തിന്റെ ഭാഗമായി കൊട്ടയോടിയിലെ സ്‌മൃതി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുഷ്പാർച്ചന നടത്തുന്നു

കൂത്തുപറമ്പ്‌

അതുല്യനായ സംഘാടകനും ജനഹൃദയം കീഴടക്കിയ കമ്യൂണിസ്‌റ്റ്‌ നേതാവുമായിരുന്ന പാട്യം ഗോപാലന്റെ സ്‌മരണ നാട്‌ പുതുക്കി.  സിപിഐ എം അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയും പ്രഗത്ഭ പാർലമെന്റേറിയനുമായിരുന്ന പാട്യത്തിന്റെ 44ാം ചരമവാർഷിക ദിനം അനുസ്‌മരണയോഗങ്ങൾ സംഘടിപ്പിച്ചും പാർടി ഓഫീസുകൾ അലങ്കരിച്ചും പ്രഭാതഭേരിയോടെ പതാക ഉയർത്തിയുമാണ്‌ ആചരിച്ചത്‌.
പാട്യം കൊട്ടയോടിയിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും ആയിരങ്ങൾ അണിനിരന്ന പ്രകടനവും വളണ്ടിയർമാർച്ചുമുണ്ടായി. പാട്യം സ്‌മാരക മിനിസ്‌റ്റേഡിയത്തിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, വത്സൻ പനോളി, ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, എൻ രമേഷ്‌ബാബു എന്നിവർ സംസാരിച്ചു. 
പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച കവിയൂർ രാജഗോപാലന്റെ ‘പാട്യം ഗോപാലൻ’ പരിഷ്‌കരിച്ച പതിപ്പ്‌ പാട്യം രാജന്‌ നൽകി എം വി ഗോവിന്ദൻ പ്രകാശിപ്പിച്ചു.  എം സി രാഘവൻ സ്വാഗതം പറഞ്ഞു. മത്സരവിജയികൾക്ക്‌ സമ്മാനം നൽകി. തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ നാടകവുമുണ്ടായി. 
സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ  കെ ധനഞ്ജയൻ, കെ ലീല, ഏരിയാ സെക്രട്ടറിമാരായ ടി ബാലൻ, കെ ഇ കുഞ്ഞബ്ദുള്ള, പാട്യം ഗോപാലന്റെ ഭാര്യ പ്രൊഫ. എൻ കെ മൃദുല,  മകൻ ഉല്ലേഖ്‌, സഹോദരങ്ങളായ പാട്യം രാജൻ, സീത എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു. പൂക്കോട്‌ കേന്ദ്രീകരിച്ചാണ്‌ വളണ്ടിയർമാർച്ചും ആയിരങ്ങൾ അണിനിരന്ന ബഹുജനപ്രകടനവും ആരംഭിച്ചത്‌.
അകാലത്തിൽ അന്തരിച്ച മാതൃകാ കമ്യൂണിസ്‌റ്റിന്റെ ഓർമയുടെ തണലിലായിരുന്നു ചരമവാർഷിക ദിനത്തിൽ ജന്മഗ്രാമം. സഖാവിന്റെ സ്‌മരണ ഹൃദയത്തിലേറ്റിയ ജനസഹസ്രങ്ങൾ അണിനിരന്ന ബഹുജനപ്രകടനവും വളണ്ടിയർമാർച്ചും പൂക്കോട്‌ കേന്ദ്രീകരിച്ചാണ്‌ ആരംഭിച്ചത്‌. 44ാമത്‌ ചരമവാർഷിക ദിനത്തെ അനുസ്‌മരിച്ച്‌ ചെമ്പതാകയുമേന്തി 44 ബൈക്കുകൾ അകമ്പടിയായി.  പ്രകടനവും വളണ്ടിയർമാർച്ചും കൊട്ടയോടിയിൽ എത്തുമ്പോഴേക്കും  ജനനിബിഡമായിരുന്നു. ദീപാലങ്കാരമൊരുക്കിയാണ്‌ കൊട്ടയോടി ജനങ്ങളെ വരവേറ്റത്‌.   ആദ്യകാല പ്രവർത്തകരും സ്‌ത്രീകളും കുട്ടികളുമടക്കം നാടാകെ സ്‌മൃതിമണ്ഡപത്തിൽ സ്‌മരണാഞ്ജലിയർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top