26 April Friday
കടലും സൂര്യനും സാക്ഷി

പുതുചരിത്രത്തിലേക്ക്‌ ‘ഭദ്ര’യുടെ ചുവടുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ജില്ലാ പഞ്ചായത്ത് ട്രാന്‍സ്ജെന്റര്‍മാര്‍ക്കായി ആരംഭിച്ച ഭദ്ര ഡാന്‍‌സ് ട്രൂപ്പ് പയ്യാമ്പലം ബീച്ചില്‍‌ അവതരിപ്പിച്ച നൃത്ത സന്ധ്യയിൽനിന്ന്.

കണ്ണൂർ
താളം മുറുകി.. ചുവടുകൾ ചടുലമായി... പയ്യാമ്പലം തീരത്തെ പുൽകുന്ന അസ്‌തമയ സൂര്യനെ സാക്ഷിയാക്കി പ്രണയവും വിരഹവും നിറഞ്ഞ രാധയായും സർവസംഹാരയായ ഭദ്രകാളിയായും അവർ പകർന്നാടി.  ട്രാൻസ്ജെൻഡേഴ്സ് കമ്യൂണിറ്റി കലാസാംസ്കാരിക മേഖലയിൽ ‘ഭദ്ര’യിലൂടെ കുറിച്ചത്‌ പുതുചരിത്രം.   ട്രാൻസ് ജെൻഡേഴ്സിനെ സമൂഹത്തിന്റെ  മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ  ജില്ലാ പഞ്ചായത്ത് ഒരുക്കിയ ട്രാൻസ് ജെൻഡേഴ്സ് ഡാൻസ് ട്രൂപ്പ്‌ ഭദ്രയുടെ  പയ്യാമ്പലം തീരത്തെ  അരങ്ങേറ്റം ആസ്വാദകരുടെ മനംകവർന്ന നൃത്തനിശയായി.  കാഞ്ചി ബാവ, റീമ, കാവ്യ ബിജു, എമി ഷിറോൺ, ശ്യാമിലി ശ്രീജിത്ത് തുടങ്ങി  13 പേരാണ്   സംഘത്തിലുള്ളത്. കൂത്തുപറമ്പ് സ്വദേശികളായ സൂരജ്, അസ്നേഷ് എന്നിവരാണ് പരിശീലകർ.  അരങ്ങേറ്റം തന്നെ വലിയ വിജയമായതിന്റെ  ആത്മവിശ്വാസത്തിൽ  അരങ്ങുകൾ കീഴടക്കാൻ ഒരുങ്ങുകയാണ് ഇവർ. 
കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ട്രാൻസ് നൃത്തസംഘം രൂപീകരിക്കുന്നത്. 2021 – -22, 2022 – -23  വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് സംഘത്തിനായി 2.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പരിശീലനം പൂർത്തിയാക്കി. നൃത്തത്തിന് ആവശ്യമായ വസ്ത്രവും മേക്കപ്പ് സാധനങ്ങളും വാങ്ങി. സമൂഹത്തിൽ അവ​ഗണന നേരിടുന്ന ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തെ ചേർത്തുപിടിക്കാൻ വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. നേരത്തെ ട്രാൻസ് ജെൻഡേഴ്സ് സർവേ നടത്തി. വീട് നിർമിച്ച് നൽകി. സംരംഭങ്ങൾ തുടങ്ങാനും സഹായങ്ങൾ കൈമാറി.  മാതൃകയായ ഒട്ടനവധി പദ്ധതികൾ ഇതിനകം പൂർത്തിയാക്കി. ട്രാൻസ് ജെൻഡേഴ്സിന് സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും നൃത്തസംഘം ഇവർക്ക് മികച്ച ഒരു വരുമാന മാർഗമായി മാറുമെന്നും അതിലുടെ ജീവിതച്ചെലവ് കണ്ടത്താൻ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. 
ജില്ലാ പഞ്ചായത്തും  ജില്ലാ സാമൂഹ്യനീതി വകുപ്പും ചേർന്ന് പയ്യാമ്പലം ബീച്ചിലെ ഓപ്പൺ സ്റ്റേജിൽ ഒരുക്കിയ അരങ്ങേറ്റം നൃത്തസന്ധ്യ 2023 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. യു പി ശോഭ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top