26 April Friday

ഒറ്റയാളുമായി അരങ്ങിന്റെ ഉത്സവം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
ന്യൂമാഹി
സംഗീത നാടക അക്കാദമിയുടെ ഏകപാത്ര നാടകോത്സവം മലയാള കലാഗ്രാമത്തിൽ ആരംഭിച്ചു. തലശേരി ആർട്‌സ്‌ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  അഞ്ചുദിവസം നീളുന്ന നാടകോത്സവം  നാടകകൃത്ത്‌ എൻ ശശിധരൻ ഉദ്‌ഘാടനം ചെയ്‌തു. അക്കാദമി വൈസ്‌ ചെയർമാൻ സേവ്യർ പുൽപാട്ട്‌ അധ്യക്ഷനായി.  
  കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രം സൃഷ്‌ടിക്കുന്നതിൽ നാടകങ്ങൾ വഹിച്ച പങ്ക്‌ ചെറുതല്ലെന്ന്‌ ശശിധരൻ പറഞ്ഞു. പാട്ടബാക്കി നാടകമെഴുതാൻ കെ ദാമോദരനെ പ്രേരിപ്പിച്ചത്‌ ഇ എം എസ്സായിരുന്നു.  നാടക പ്രവർത്തനമെന്നത്‌ ഏറ്റവും വലിയ സർഗാത്മക കൂട്ടായ്‌മയാണെന്നും  അദ്ദേഹം പറഞ്ഞു. വി കെ പ്രഭാകരൻ, ഒ അജിത്‌കുമാർ, ടി ടി വേണുഗോപാലൻ, രാജേന്ദ്രൻ തായാട്ട്‌ എന്നിവർ സംസാരിച്ചു. അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ സ്വാഗതവും ആർ ഐ പ്രശാന്ത്‌ നന്ദിയും പറഞ്ഞു. ദിലീപ്‌ ചിലങ്കയുടെ ‘ഉടൽ’, വിനു ജോസഫിന്റെ ‘ഡോ. വികടൻ’ നാടകങ്ങൾ ആദ്യദിവസം അവതരിപ്പിച്ചു. തിങ്കൾ വൈകിട്ട്‌ 5.30ന്‌ ഓപ്പൺഫോറത്തിൽ സ്‌ത്രീ നാടകവേദിയെക്കുറിച്ച്‌ ഡോ. സിന്ധു കിഴക്കാനിയിൽ സംസാരിക്കും. 6.30ന്‌ പി ഉമാദേവി പയ്യന്നൂരിന്റെ ‘ ഞാൻ ശൂർപ്പണഖ’, 7.30ന്‌ എം അരുണിന്റെ ‘പെരും ആൾ’ എന്നീ നാടകങ്ങൾ. 30ന്‌ രാത്രി സമാപിക്കും.
ഏകപാത്രനാടകം 
10 കേന്ദ്രത്തിൽ
സംസ്ഥാനത്തെ പത്ത്‌ കേന്ദ്രത്തിൽ ഏകപാത്ര നാടകങ്ങൾ അവതരിപ്പിക്കുമെന്ന്‌ അക്കാദമി വൈസ്‌ചെയർമാൻ സേവ്യർ പുൽപാട്ട്‌ പറഞ്ഞു. എട്ടുമുതൽ 14വരെ കാഞ്ഞങ്ങാടാണ്‌ അടുത്ത അവതരണം. കലാകാരന്മാരെ സഹായിക്കാനാണ്‌ 50 പേർക്ക്‌ അവസരം നൽകിയത്‌. 30,000 രൂപ വീതം ഓരോ കലാകാരനും നൽകും. കോവിഡ്‌ പ്രതിസന്ധിയിലായ ഓട്ടൻതുള്ളൽ,  ചാക്യാർകൂത്ത്‌ കലാകാരന്മാരെ ഇതേ നിലയിൽ സഹായിക്കും. 50 പ്രൊഫഷണൽ നാടക സമിതികൾക്ക്‌ നാലുലക്ഷം രൂപവീതം സാമ്പത്തിക സഹായം നൽകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top