27 April Saturday

പുനരുപയോഗിക്കാത്ത 
പ്ലാസ്‌റ്റിക്‌ തടഞ്ഞില്ലെങ്കിൽ നടപടി

സുപ്രിയ സുധാകർUpdated: Tuesday Oct 26, 2021
കണ്ണൂർ
പുനരുപയോഗിക്കാത്ത പ്ലാസ്‌റ്റിക്കുകളുടെ ഉപയോഗം തടയാത്ത തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടി വരുന്നു. മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ചും പൊതുസ്ഥലത്ത്‌ മാലിന്യം തള്ളുന്നവർക്കെതിരായ നടപടിയും ഓരോ മാസവും റിപ്പോർട്ട്‌ നൽകാനും പഞ്ചായത്ത്‌ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്‌. 
മാലിന്യനിർമാർജനം ഫലപ്രദമായി നടപ്പാക്കുന്ന പഞ്ചായത്തുകൾക്ക്‌ ഗ്രേഡിങ്ങുമുണ്ട്‌. പ്രവർത്തനം വിലയിരുത്തി ഗ്രീൻ, ഓറഞ്ച്‌, റെഡ്‌ എന്നിങ്ങനെ തരംതിരിക്കും. മികച്ച പഞ്ചായത്തുകൾ ഗ്രീൻ വിഭാഗത്തിൽപ്പെടും. ഹരിത കർമസേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടക്കുന്ന മാലിന്യശേഖരണത്തിന്‌ ഹരിതകേരളം മിഷൻ  കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്‌.   കലണ്ടർ  നൽകാത്ത  പഞ്ചായത്തുകൾ നവംബർ 15നകം വിതരണം പൂർത്തിയാക്കണം.  അശാസ്‌ത്രീയമായി മാലിന്യനിർമാർജനം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയും പിഴയും സംബന്ധിച്ച നോട്ടീസുകളും ഹരിത കർമസേന  വീടുകളിൽ എത്തിക്കണം. അശാസ്‌ത്രീയമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന്‌ പഞ്ചായത്ത്‌ സ്വീകരിച്ച നടപടികളുടെ വിവരം, മാലിന്യം പിടിച്ചെടുത്തത്‌, പിഴ എന്നിവ സംബന്ധിച്ച വിവരം എല്ലാ മാസവും  നൽകണം.
സംസ്ഥാനത്ത്‌ നിരോധിത പിവിസി ഫ്‌ളക്‌സ്‌, പോളിസ്‌റ്റർ നൈലോൺ, പ്ലാസ്‌റ്റിക്‌ കോട്ടിങ്ങുള്ള തുണി ഹോർഡിങ്ങ്‌സ്‌ ബോർഡുകൾ, ബാനറുകൾ എന്നിവ വീണ്ടും ഉപയോഗിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ നടപടി കർശനമാക്കിയത്‌. പ്ലാസ്‌റ്റിക്‌ ക്യാരിബാഗുകളുടെയും പ്ലാസ്‌റ്റിക്‌ ആവരണമുള്ള ഡിസ്‌പോസിബിൾ വസ്‌തുക്കളുടെയും ഉപയോഗം വർധിച്ചു‌. അറവുമാലിന്യം ഉൾപ്പെടെ വലിച്ചെറിയുന്ന സംഭവങ്ങളിലും നടപടിയെടുക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. 
ഒറ്റത്തവണ ഉപയോഗ പ്ലാസ്‌റ്റിക്‌ നിരോധനം, മാലിന്യം വലിച്ചെറിയൽ, അനധികൃത ബോർഡുകൾ, ഫ്ളക്‌സുകൾ എന്നിവ നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ  നടപടികൾ സ്വീകരിച്ച്‌  റിപ്പോർട്ട്‌ സമർപ്പിക്കണം.  
ഈമാസം  ചെരുപ്പും 
ബാഗും ശേഖരിക്കും
ഒക്ടോബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ക്ലീൻ കേരളാ കമ്പനി ചെരുപ്പും ബാഗും ശേഖരിക്കും. ശേഖരിച്ച മാലിന്യങ്ങൾ കൈമാറുന്നതിനായി ക്ലീൻ കേരളാ കമ്പനി  ജില്ലാ മാനേജരെ 31നുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ രേഖാമൂലം മെയിൽ വഴി  അറിയിക്കണം. നിലവിൽ 65 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ക്ലീൻ കേരളാ കമ്പനിയുമായി മാലിന്യ കൈമാറ്റത്തിന് കരാർ ഉണ്ടാക്കിയിട്ടുണ്ട്‌ .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top