26 April Friday

കണ്ണീർപ്പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

ലഹരി മാഫിയാസംഘം കുത്തിക്കൊലപ്പെടുത്തിയ കെ ഖാലിദ്, പൂവനാഴി ഷെമീർ എന്നിവർക്ക്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാരായി രാജൻ എന്നിവർ അന്ത്യാഭിവാദ്യമർപ്പിക്കുന്നു.

തലശേരി
ലഹരി മാഫിയാസംഘത്തിന്റെ കത്തിമുനയിൽ പിടഞ്ഞുതീർന്നവർക്ക്‌ ജന്മനാട്‌ കണ്ണീരോടെ വിടനൽകി. ലഹരിവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി ജനമനസിൽ ഇനി അവർ ജ്വലിച്ചുനിൽക്കും. സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന്‌ ‘ത്രിവർണ’ ഹൗസിൽ കെ ഖാലിദ്‌ (52), സഹോദരീഭർത്താവും സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷെമീർ (40) എന്നിവർക്ക്‌ കൊടുവള്ളി ആമുക്കപ്പള്ളി ഖബറിടത്തിൽ അന്ത്യനിദ്ര.  
   ഷെമീറിന്റെ മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ഖാലിദിന്റേത്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുമാണ്‌ പോസ്‌റ്റ്‌മോർട്ടംചെയ്‌തത്‌. സിപിഐ എം നേതാക്കളും ബന്ധുക്കളും ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വ്യാഴം വൈകിട്ടോടെ  വിലാപയാത്രയായാണ്‌ ഇല്ലിക്കുന്നിലെത്തിച്ചത്‌. ഇല്ലിക്കുന്ന്‌ ‘ത്രിവർണ’ ഹൗസിലും രണ്ടുപേരുടെയും തറവാടുകളിലും മൃതദേഹങ്ങളെത്തിച്ചപ്പോഴുള്ള രംഗം ഹൃദയഭേദകമായിരുന്നു. വിതുമ്പലടക്കാനാവാതെയാണ്‌ നാട്ടുകാരും പ്രിയപ്പെട്ടവർക്ക്‌ വിട നൽകിയത്‌. 
     ചിറമ്മലിലെ മൈതാനത്ത്‌ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ ചേർന്ന്‌ ചെങ്കൊടി പുതപ്പിച്ചു. വിവിധ രാഷ്‌ട്രീയപാർടി നേതാക്കളും നാട്ടുകാരുമടക്കം ആയിരങ്ങളാണ്‌ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയത്‌. രാത്രിയോടെ ആമുക്കപള്ളിയിൽ ഖബറടക്കി. അനുശോചനയോഗവുമുണ്ടായി. ദുഃഖസൂചകമായി കൊടുവള്ളി, മണ്ണയാട്‌ പ്രദേശങ്ങളിൽ ഹർത്താലാചരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top