27 April Saturday
ആശങ്കയേറുന്നു

ഒറ്റദിവസം 16പേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
കണ്ണൂർ
ജില്ലയിൽ ആശങ്കാകുലമായി വർധിക്കുകയാണ്‌ കോവിഡ്‌ കേസുകൾ. ശനിയാഴ്‌ച മാത്രം 16 പേർക്ക്‌‌ പുതുതായി രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ്‌ ഒറ്റദിവസം ഇത്രയും പേർ‌ കോവിഡ്‌ പോസിറ്റീവാകുന്നത്‌. ഇതിൽ രണ്ട്‌ ആരോഗ്യപ്രവർത്തകരുൾപ്പെടെ നാലുപേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധയെന്നതും സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. ആറുപേർ വീതം വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണെന്ന്‌ ജില്ലാ കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 166 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 
ഈ മാസം ഏഴിന്‌ കരിപ്പൂർ വിമാനത്താവളം വഴി ദുബായിൽനിന്നെത്തിയ പാനൂർ സ്വദേശി അറുപത്തിനാലുകാരൻ, പുഴാതി സ്വദേശി അറുപത്തഞ്ചുകാരൻ, തലശേരി വടക്കുമ്പാട് സ്വദേശി അമ്പത്തഞ്ചുകാരൻ, പിണറായി സ്വദേശി അറുപത്തൊന്നുകാരൻ, 18ന് ഖത്തറിൽനിന്നുള്ള വിമാനത്തിലെത്തിയ ബക്കളം സ്വദേശി ഇരുപത്തൊന്നുകാരി, 20ന്‌ കണ്ണൂർ വിമാനത്താവളം വഴി റിയാദിൽനിന്നെത്തിയ ധർമടം സ്വദേശി അറുപത്തിരണ്ടുകാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയ ആറുപേർ.
ആറിന് ബംഗളൂരുവിൽനിന്നെത്തിയ പെരളശേരി സ്വദേശി നാൽപ്പത്തെട്ടുകാരൻ, മുംബൈയിൽനിന്ന്  ഒമ്പതിനെത്തിയ മേക്കുന്ന് സ്വദേശി ഒമ്പതുകാരി പെൺകുട്ടി, 10ന് എത്തിയ ചെറുവാഞ്ചേരി സ്വദേശി ഒമ്പതുകാരി പെൺകുട്ടി, 18ന് എത്തിയ പന്ന്യന്നൂർ സ്വദേശി അമ്പത്തേഴുകാരി, 14ന് അഹമ്മദാബാദിൽ നിന്നെത്തിയ പാനൂർ സ്വദേശി അറുപത്തേഴുകാരൻ, 18ന് യുപിയിൽ നിന്നെത്തിയ കണിച്ചാർ മണത്തണ സ്വദേശി അറുപത്തഞ്ചുകാരി എന്നിവരാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയവർ.
ചെറുവാഞ്ചേരി സ്വദേശി ഇരുപത്തൊമ്പതുകാരൻ, ധർമടം സ്വദേശി അറുപത്തഞ്ചുകാരൻ, ഉരുവച്ചാൽ സ്വദേശി അമ്പതുകാരി, കൂടാളി സ്വദേശി അമ്പത്തഞ്ചുകാരി എന്നിവർക്കാണ് സമ്പർക്കം മൂലം രോഗബാധ. ഉരുവച്ചാൽ, കൂടാളി സ്വദേശിനികൾ ആരോഗ്യപ്രവർത്തകരാണ്‌. 
നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10,336 ആയി വർധിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 53 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 37 പേരും തലശേരി ജനറൽ ആശുപത്രിയിൽ 21 പേരും ജില്ലാ ആശുപത്രിയിൽ 19 പേരുമുണ്ട്‌. വീടുകളിൽ 10,206 പേർ.
ഇതുവരെ ജില്ലയിൽനിന്നും 5445 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5287 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 5010 ഉം നെഗറ്റീവാണ്. 158 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top