19 May Sunday
ചെറുകുന്ന്‌ തറ കുടുംബാരോഗ്യ കേന്ദ്രം

സഫലമാക്കും, ആരോഗ്യമുള്ള 
ജനതയെന്ന സ്വപ്‌നം

സി പ്രകാശൻUpdated: Monday Oct 23, 2023
 
 
കണ്ണപുരം
അരനൂറ്റാണ്ടിലേറെക്കാലമായി ആരോഗ്യ പരിരക്ഷാ രംഗത്ത്  കർമനിരതമായി തലയെടുപ്പോടെ നിൽക്കുന്ന ചരിത്രമാണ്‌ ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ പറയാനുള്ളത്‌. ഗവ. ഡിസ്പെൻസറിയായി പ്രവർത്തനമാരംഭിച്ച് പ്രൈമറി ഹെൽത്ത് സെന്ററായും കുടുംബാരോഗ്യ കേന്ദ്രമായും ഉയരുമ്പോൾ ചികിത്സാരീതികളും അതിനൂതന സംവിധാനത്തിലേക്കുകയർത്തിയാണ്‌ ഈ ആതുരാലയം സമൂഹത്തിന് പരിരക്ഷയൊരുക്കുന്നത്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ക്യാൻസർ മുൻകൂട്ടി കണ്ടെത്താനുള്ള സൗകര്യമുൾപ്പടെ ഇവിടെയുണ്ട്‌.
ഡിസ്പെൻസറിയായി പ്രവർത്തിക്കുന്ന ഘട്ടത്തിൽത്തന്നെ  1992ൽ പ്രസവവാർഡും ഓപ്പറേഷൻ തിയറ്ററിനും വിപുലമായ സൗകര്യമൊരുക്കി. 2011 ൽ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് പ്രൈമറി ഹെൽത്ത് സെന്ററിന്റെ കെട്ടിടനിർമാണം പൂർത്തിയായി. 2020ലാണ് ഇന്നത്തെ നിലയിലേക്ക് ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കിയത്. ക്യാൻസർ  കണ്ടെത്തുന്നതിനുള്ള പരിശോധന എല്ലാ ആഴ്ചയും നടത്താറുണ്ട്.  സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഏർലി ഡിറ്റക്ഷൻ സെന്റർ അപൂർവമാണ്.  തുടക്കത്തിൽത്തന്നെയുള്ള രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയും രോഗമുക്തിക്ക്‌ വഴിയൊരുക്കുകയുമാണ് ലക്ഷ്യം.സ്തന–- - ഗർഭാശയഗള ക്യാൻസർ രോഗനിർണയത്തിന്‌ പ്രത്യേക സംവിധാനമുണ്ട്.  
ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് എല്ലാ പ്രവൃത്തി ദിവസവും ബോധവൽക്കരണവും നടക്കുന്നുണ്ട്‌. സാന്ത്വന പരിചരണത്തിന് ആറ് ദിവസവും ഗൃഹസന്ദർശനമുണ്ട്. ഇസിജി, ഫാർമസി, മൈനർ സർജറി, അത്യാഹിത വിഭാഗം, ഒപി ,നിരീക്ഷണമുറി, സ്ത്രീ സൗഹൃദ ഏരിയ, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, പാർക്കിങ് ഏരിയ എന്നിവയുൾപ്പടെ വിപുലമായ സൗകര്യമുണ്ട്. ജനറൽ ഒപി യോടൊപ്പം ദന്തൽ ഒപിയും പ്രവർത്തിക്കുന്നു. ജനറൽ അഡ്മിനിസ്‌ട്രേഷൻ, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി  രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, രോഗീസൗഹൃദം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ- ശിശു ആരോഗ്യം, ജീവിത ശൈലീ രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്‌പ്പ് സേവനങ്ങൾ തുടങ്ങിയവയും കൃത്യതയോടെയുണ്ട്.എല്ലാ ആഴ്ചയും ആരോഗ്യമേള ഒരുക്കാറുണ്ട്. ഓരോ ആഴ്ചയും ഓരോ രോഗമാണ് മേളയിൽ പരിശോധിക്കുക.  കണ്ണപുരം ഇടക്കേപ്പുറം, കീഴറ എന്നിവിടങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററും പ്രവർത്തിക്കുന്നു. 
കണ്ണപുരം പഞ്ചായത്തിന്റെ അധീനതയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാണ് ഒപി പ്രവർത്തിക്കുന്നത്. പ്രതിമാസം ഏതാണ്ട് ഒമ്പതിനായിരത്തോളം പേർ ഇവിടെ ചികിത്സ തേടിയെത്തുന്നു.  കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻക്യുഎഎസ്) അംഗീകാരവും ആശുപത്രിക്ക്‌ ലഭിച്ചിട്ടുണ്ട്.  89 ശതമാനം മാർക്കാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്.  മൂന്ന് വർഷത്തേക്കാണ് അംഗീകാരം. രണ്ട് ലക്ഷം രൂപ വീതമാണ് ഓരോ വർഷവും ലഭിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top