26 April Friday

രാഷ്‌ട്രീയമാറ്റത്തിന്റെ ദിശാസൂചിക

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
കണ്ണൂർ
ചരിത്രം ഉറങ്ങുകയല്ല, എന്നും ഉണർന്നുനിൽക്കുന്ന പ്രദേശമാണ്‌ തില്ലങ്കേരി. നാൽപ്പതുകളിൽ കർഷക പോരാളികൾ സ്വന്തം ഹൃദയരക്തംകൊണ്ട്‌ ചുവപ്പിച്ച വിപ്ലവമണ്ണ്‌. ഇന്നും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ഉറച്ച സ്വാധീനകേന്ദ്രം. എന്നാൽ, തില്ലങ്കേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്റെ രാഷ്‌ട്രീയഘടന വ്യത്യസ്‌തമാണ്‌. കഴിഞ്ഞ ഉമ്മൻചാണ്ടി ഭരണം യുഡിഎഫിന്‌ ജയിക്കാൻ പാകത്തിൽ രൂപപ്പെടുത്തിയ മണ്ഡലം. ഇവിടെ ആധികാരിക  ഭൂരിപക്ഷത്തോടെ വെന്നിക്കൊടി നാട്ടാൻ കഴിയുന്നതിന്റെ പ്രസക്തി വലുതാണ്‌. മലയോര ജനതയുടെ മനസ്സ്‌ വായിക്കാവുന്ന വ്യക്തമായ ചൂണ്ടുപലകയാണ്‌ യഥാർഥത്തിൽ തില്ലങ്കേരിയിലെ എൽഡിഎഫ്‌ ജയം.
   തില്ലങ്കേരി, ആറളം പഞ്ചായത്തുകൾ പൂർണമായും മുഴക്കുന്ന്‌ പഞ്ചായത്തിലെ ഏഴും അയ്യങ്കുന്നിലെ മൂന്നും പായത്തെ രണ്ടും വാർഡുകളും ഉൾപ്പെട്ടതാണ് തില്ലങ്കേരി ജില്ലാ പഞ്ചായത്ത്‌  ഡിവിഷൻ. ആകെ 42 വാർഡുകൾ. നേരത്തെ ഇവയിൽ ഭൂരിഭാഗവും യുഡിഎഫ്‌ പക്ഷത്തായിരുന്നു. സ്വാഭാവികമായി ജില്ലാ പഞ്ചായത്ത്‌ മണ്ഡലവും യുഡിഎഫിനൊപ്പംനിന്നു. ഇത്തവണ രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചന തദ്ദേശ തെരഞ്ഞെടുപ്പിൽ  പ്രകടമായിരുന്നു. അയ്യങ്കുന്ന്‌ ഒഴികെ മറ്റ്‌ നാല്‌ പഞ്ചായത്തുകളിലും എൽഡിഎഫ്‌ ഭരണം.  42ൽ 27 വാർഡുകളിലും എൽഡിഎഫ്‌ സാരഥികൾ. ഇതിന്റെ കൂടുതൽ മിഴിവാർന്ന വിജയമാണ്‌ ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ദൃശ്യമായത്‌.
ആകെ പോൾ ചെയ്‌ത 32,580 വോട്ടിൽ 57.35 ശതമാനവും നേടിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. ബിനോയ്‌ കുര്യന്റെ വിജയം. യുഡിഎഫ്‌ സ്ഥാനാർഥി ലിൻഡ ജെയിംസിന്‌ 35.93 ശതമാനംമാത്രം. ബിജെപി ജില്ലാ സെക്രട്ടറികൂടിയായ എൻഡിഎ സ്ഥാനാർഥിയുടെ പ്രകടനം  തീർത്തും പരിഹാസ്യമായി. കേവലം 4.09 ശതമാനം വോട്ടാണ്‌  ലഭിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 285 വോട്ട്‌ ഭൂരിപക്ഷത്തിൽ‌ യുഡിഎഫ്‌ സ്ഥാനാർഥിയെ തെരഞ്ഞെടുത്ത ജനങ്ങൾ ഇക്കുറി ഇരുകൈയും നീട്ടി എൽഡിഎഫിനെ സ്വീകരിച്ചു. ഭൂരിപക്ഷം 6980 വോട്ട്‌. 
യുഡിഎഫും ബിജെപിയും അവരുടെ മാധ്യമങ്ങളും ചേർന്ന്‌ നടത്തുന്ന സംഘടിത നുണപ്രചാരണങ്ങളെയും കെട്ടുക്കഥകളെയും തള്ളി മലയോര ജനത ശരിയുടെയും സത്യത്തിന്റെയും പക്ഷത്ത്‌ നിലയുറപ്പിക്കുകയാണ്‌. നാടിനെ സർവതലസ്‌പർശിയായ വികസനത്തിലേക്ക് നയിക്കുന്ന, ഏതു പ്രതിസന്ധിയിലും തങ്ങളെ ചേർത്തുനിർത്തുന്ന ഒരു സർക്കാരിനോടും മുന്നണിയോടുമുള്ള സ്‌നേഹവായ്‌പ്‌ ഇവിടെ തൊട്ടറിയാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top