26 April Friday

തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പ്‌ 64.45 ശതമാനം പോളിങ്

സ്വന്തം ലേഖകൻUpdated: Friday Jan 22, 2021
ഇരിട്ടി
ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ 64.45 ശതമാനം  പോളിങ്. തില്ലങ്കേരി പഞ്ചായത്തിലാണ് ഉയർന്ന പോളിങ്. ഇവിടെ 73.92 ശതമാനം പേർ വോട്ട് ചെയ്തു. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്നിൽ പോളിങ്‌ കുത്തനെ കുറഞ്ഞു. 51.18 ശതമാനം. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷവും അയ്യങ്കുന്ന് കോൺഗ്രസിൽ കലാപം കനത്തു.   കോൺഗ്രസ് സ്വാധീന മേഖലകളിൽ പൊതുവിൽ മരവിപ്പിലാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
കനത്ത പൊലീസ‌് സുരക്ഷയിൽ  രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ‌് തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. പാലപ്പുഴ സ്‌കൂളിൽ ഒരു ബൂത്തിൽ വോട്ടെടുപ്പിന് മുമ്പ്‌ വോട്ടിങ് യന്ത്രം  തകരാറിലായി.‌ പകരം മെഷീനെത്തിച്ച‌് വോട്ടെടുപ്പാരംഭിച്ചു. 
തില്ലങ്കേരി, മുഴക്കുന്ന‌്,  ആറളം, അയ്യങ്കുന്ന‌്, പായം പഞ്ചായത്തുകളിലെ 42 വാർഡുകളിലായി 64  ബൂത്തുകളിലാണ‌് വോട്ടെടുപ്പ‌് ക്രമീകരിച്ചത‌്.   300 പൊലീസുകാർ സുരക്ഷയൊരുക്കി.  
മാവോയിസ‌്റ്റ‌് സാന്നിധ്യം സംശയിക്കുന്നതിനാൽ  ചതിരൂർ അങ്കണവാടി, പരിപ്പുതോട് നവജീവൻ മാതൃകാ ഗ്രാമം കെട്ടിടം,  ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കുന്ന് അങ്കണവാടി, എടപ്പുഴ സെന്റ് ജോസഫ്‌സ് എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പോളിങ്ങിന‌് മുമ്പ‌് ബൂത്തുകൾ  പരിശോധിച്ചു. ഇവിടെ തോക്കേന്തിയ ആന്റി നക്‌സൽ ഫോഴ്സ‌്  സുരക്ഷയൊരുക്കി. 19 ഗ്രൂപ്പ് പട്രോളിങ് യൂണിറ്റുകളും എട്ട‌്  വീതം ക്രമസമാധാനപാലന മൊബൈൽ യൂണിറ്റുകളും ബൈക്ക് പട്രോളിങ് യൂണിറ്റുകളും സുരക്ഷക്കുണ്ടായി.  
കണ്ണൂർ റൂറൽ എസ‌്പി ഡോ. നവനീത് ശർമ, ഇരിട്ടി ഡിവൈഎസ‌്പി  സജേഷ‌് വാഴവളപ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ.  ഹൈക്കോടതി നിർദേശമുള്ള എല്ലാ ബൂത്തുകളിലും വിഡിയോ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തി. വൈകിട്ട‌് ആറിനുശേഷം കോവിഡ‌് പോസിറ്റീവ‌് വോട്ടർമാരും വോട്ട‌് രേഖപ്പെടുത്തി. 
വോട്ടെണ്ണൽ ഇന്ന‌്
ഇരിട്ടി
ജില്ലാ പഞ്ചായത്ത‌് തില്ലങ്കേരി ഡവിഷൻ വോട്ടെണ്ണൽ വെള്ളിയാഴ‌്ച രാവിലെ എട്ട‌് മുതൽ ഇരിട്ടി ബ്ലോക്ക‌് പഞ്ചായത്ത‌് ഹാളിൽ. വോട്ടിങ് മെഷീനുകൾ വ്യാഴാഴ‌്ച രാത്രിയോടെ പൊലീസ‌് സുരക്ഷയിൽ  ഉദ്യോഗസ്ഥർ ബ്ലോക്ക‌് പഞ്ചായത്തിലെത്തിച്ചു. മെഷീനുകളിലെ വോട്ടുകൾ ഇരിട്ടി ബ്ലോക്ക‌് പഞ്ചായത്ത‌് കേന്ദ്രത്തിലും തപാൽ, പ്രത്യേക കോവിഡ‌് തപാൽ വോട്ടുകൾ കലക്ടറേറ്റിലും എണ്ണും.  ഉച്ചയോടെ ഫലമറിയാം. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ‌് കുര്യനാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. യുഡിഎഫ‌് സ്ഥാനാർഥി ലിൻഡ ജെയിംസ‌്. ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശാണ‌് എൻഡിഎ സ്ഥാനാർഥി. സ്വതന്ത്രരടക്കം ഏഴ‌് സ്ഥാനാർഥികളുണ്ട‌്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top