26 April Friday

സ്വാദൂറും സ്‌നേഹം, മനം നിറച്ചുണ്ണാം

സ്വന്തം ലേഖികUpdated: Sunday Sep 20, 2020
കണ്ണൂർ
അറുനൂറിൽപ്പരം രോഗികളുള്ള ദിവസങ്ങളുണ്ടായിരുന്നു അഞ്ചരക്കണ്ടി കോവിഡ്‌ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ. 200 ജീവനക്കാരുൾപ്പെടെ ആകെ എണ്ണൂറിലേറെ പ്പേർ. കോവിഡ്‌ ബാധിതരെ പൂർണ ആരോഗ്യവാന്മാരാക്കി വീട്ടിലേക്ക്‌ പറഞ്ഞയക്കാൻ  ഉറപ്പിച്ച സർക്കാരിന്‌ അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. ഒരു രൂപപോലും  വാങ്ങാതെ  മരുന്നിനും പരിചരണത്തിനുമൊപ്പം നല്ല  ഭക്ഷണവും നൽകി പറഞ്ഞയക്കാൻ സർക്കാർ സംവിധാനത്തിനാകുന്നു. മനംനിറഞ്ഞ്‌  പടിയിറങ്ങിവരുടെ പുഞ്ചിരിക്കുപിന്നിൽ അനേകം മനുഷ്യരുടെ വിയർപ്പും കഷ്ടപ്പാടുമുണ്ട്‌. 
അനുഭമെഴുതാം,പരാതിയും
പ്രാതലിന്‌ ഇഡ്‌ലി, പുട്ട്‌, അപ്പം, ദോശ, ഇടിയപ്പം തുടങ്ങിയ ഇനങ്ങൾ ഓരോദിവസവും മാറിമാറി വരും. 11 ന്‌ ചായയും നേന്ത്രപ്പഴവും. ഉച്ചയ്‌ക്ക്‌ ചോറും പച്ചക്കറിയും വറവും അച്ചാറും. ആഴ്‌ചയിൽ ഒരുദിവസം ബിരിയാണിയും ഒരുദിവസം മീൻകറിയുമുണ്ട്‌. വൈകിട്ട്‌ ചായയും പലഹാരവും. 
അത്താഴത്തിന്‌ മിക്കദിവസങ്ങളിലും ചപ്പാത്തിയും കറിയുമാണ്‌. ആഴ്‌ചയിൽ ഒരുദിവസം നെയ്‌ചോറും ചിക്കൻ കറിയും. കുഞ്ഞുങ്ങൾക്ക്‌ പാലും എത്തിക്കുന്നു‌. കേന്ദ്രീകൃത ജലശുദ്ധീകരണ സംവിധാനവും ചൂടുവെള്ളമുണ്ടാക്കുന്ന സംവിധാനവും സർക്കാർ സ്ഥാപിച്ചു. രോഗികൾക്കും ജീവനക്കാർക്കും ക്യൂആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ ഭക്ഷണത്തെക്കുറിച്ച്‌ അഭിപ്രായം രേഖപ്പെടുത്താമെന്ന്‌ നോഡൽ ഓഫീസർ ഡോ. സി അജിത്‌ പറഞ്ഞു. പരാതികൾ പറയാനുള്ള നമ്പർ  ഓരോ വാർഡിലും പ്രദർശിപ്പിച്ചിട്ടുണ്ട്‌. അനുഭവമെഴുതാൻ രജിസ്‌റ്ററുമുണ്ട്‌.  
ആശുപത്രിക്കിടക്കയിൽ നല്ല ഭക്ഷണം കിട്ടുന്ന സന്തോഷം പറയാൻ വാക്കുകളില്ലെന്ന്‌‌ ചികിത്സയിൽ കഴിയുന്ന അഴീക്കോട്‌ ‌സ്വദേശി പറഞ്ഞു. ആദ്യം നൽകുന്നതിന്‌ പുറമേ ആവശ്യപ്പെട്ടാൽ വീണ്ടും തരാനുള്ള കരുതൽ അധികൃതർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറുമാസക്കാലമായി  എല്ലാവർക്കും തൃപ്‌തികരമായി ഭക്ഷണം നൽകാൻ കഴിഞ്ഞെന്ന്‌ ക്യാന്റീൻ നടത്തിപ്പുകാരൻ കെ വി  മുജീബ്‌ പറഞ്ഞു. ‘‘ മുന്നറിയിപ്പില്ലാതെ കൂടുതൽ രോഗികൾ വന്നപ്പോൾ അൽപം വൈകിയെന്നല്ലാതെ കാര്യമായ പരാതിയുണ്ടായില്ല. ചിലർ നേരിട്ട്‌ വിളിച്ച്‌ നല്ല ഭക്ഷണമാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഓണസദ്യയും ഒരുക്കിയിരുന്നു’’ –- മുജീബ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top