27 April Saturday

വിൽക്കുന്നയാൾക്ക്‌ മിച്ചം വാങ്ങുന്നയാൾക്ക്‌ മെച്ചം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

തലശേരി നഗരസഭാ കാർഷികോൽപ്പന്ന സംഭരണ വിതരണ സഹകരണ സംഘത്തിന്റെ പഴയ സ്റ്റാൻഡിലെ
 വിപണന കേന്ദ്രം

തലശേരി
കർഷകന്‌ ന്യായവിലയും ഉപഭോക്താവിന്‌ മിതമായ നിരക്കിൽ പച്ചക്കറിയും ഉറപ്പുവരുത്തുകയാണ്‌ തലശേരി നഗരസഭാ കാർഷികോൽപ്പന്ന സംഭരണ വിതരണ സഹകരണ സംഘം. വിപണനത്തിന്‌ വഴിയില്ലാതെ വലയുന്ന കർഷകർക്ക്‌ അത്താണിയാണിന്ന്‌ ഈ സംരംഭം. ജനകീയാസൂത്രണം നാടിന്‌ നൽകിയ നേട്ടങ്ങളിലൊന്നായ സംഘം കർഷകർക്കൊപ്പം ഉപഭോക്താവിനും ആശ്വാസമാകുന്നു. 
 ജനകീയാസൂത്രണ പദ്ധതിയിൽ 2.10 ലക്ഷം രൂപ നഗരസഭ ഷെയറോടെയാണ്‌ സംഘത്തിന്‌ രൂപം നൽകിയത്‌. 1998ൽ ആരംഭിച്ച സംഘം ജനവിശ്വാസമാർജിച്ചാണ്‌ പടിപടിയായി വളർന്നത്‌. കുട്ടിമാക്കൂൽ, പൊന്ന്യം, കുണ്ടുചിറ, ധർമടം, കൂത്തുപറമ്പ്‌, മുഴപ്പിലങ്ങാട്‌ പ്രദേശങ്ങളിൽനിന്നാണ്‌ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്നത്‌. ഒന്നരക്കോടി രൂപയുടെ പച്ചക്കറിയാണ്‌ 2020–-21ൽ സംഭരിച്ചത്‌. 
ചീര, വെണ്ട, തക്കാളി,  വെള്ളരി എന്തുമാകട്ടെ കർഷകർക്ക്‌ ന്യായവില ഉറപ്പ്‌. ഇതോടെ കുറഞ്ഞ വിലക്ക്‌ യഥേഷ്ടം പച്ചക്കറി തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിനും ലഭിച്ചു. വിപണിയെ നിയന്ത്രിക്കുന്ന സംവിധാനമായി  സംഘം മാറി. തലശേരി പഴയ സ്റ്റാൻഡിലും മഞ്ഞോടിയുമായി രണ്ട്‌ വിപണന കേന്ദ്രത്തിൽ 13 പേർ ജോലിചെയ്യുന്നു. 247 അംഗങ്ങൾക്ക്‌ 20 ശതമാനം ലാഭവിഹിതം നൽകാനുമായി.  
രജതജൂബിലി വർഷത്തിൽ പാലും പഴവർഗ വിൽപ്പനയും തുടങ്ങുമെന്ന്‌ സംഘം പ്രസിഡന്റ്‌ സുരാജ്‌ ചിറക്കരയും സെക്രട്ടറി പി പി വൈശാഖും പറഞ്ഞു. പുതിയ വിപണനകേന്ദ്രവും പരിഗണനയിലുണ്ട്‌.  യുവജനങ്ങളെ പച്ചക്കറി കൃഷിയിലേക്ക്‌ ആകർഷിക്കാനും പുതിയ സാങ്കേതിക വിദ്യയിൽ അറിവ്‌ പകരാനും ഫാർമേഴ്‌സ്‌ മീറ്റ്‌ സംഘടിപ്പിക്കും.  ഫാർമേഴ്‌സ്‌ ക്ലബ്‌ രൂപീകരിച്ച്‌ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും സംഘം മുന്നിട്ടിറങ്ങുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top