26 April Friday

സമീർ യാത്ര തുടരും... 
സ്വപ്‌നങ്ങളെ തൊടുംവരെ

ജസ്‌ന ജയരാജ്‌Updated: Monday May 16, 2022
 
കണ്ണൂർ
ഒരു രാത്രി ഉറങ്ങിയുണരുമ്പോഴേക്കും  മാറിമറിയുകയായിരുന്നു സമീറിന്റെ ജീവിതം. സ്വപ്‌നങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള ഓട്ടത്തിനിടെ പാതിവഴിയിൽ  തളർന്നുപോയ  ചെറുപ്പക്കാരൻ മരണത്തോളമെത്തിയിട്ടും തോറ്റില്ല. സ്വയം പൊരുതി ജീവിതത്തിലേക്ക്‌ തിരികെയെത്തിയ സമീർ   അതിജീവനം അടയാളപ്പെടുത്തുന്നത്‌ ‘ബെൽസ്‌നാപിലെ വലിയമരം’ എന്ന ആദ്യനോവലിലൂടെ. കൂത്തുപറമ്പ്‌ കൈതേരി സ്വദേശിയായ സമീറിന്‌ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ  സിനിമയായിരുന്നു സ്വപ്‌നം. ഹ്രസ്വചിത്രങ്ങളും സീരിയലുകളും പരസ്യങ്ങളും എഴുതിയും സംവിധാനം ചെയ്‌തും സിനിമയിൽ ഇടമുറപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ്‌ ദുരന്തം ജീവിതത്തിലെത്തിയത്‌. എട്ടുവർഷം മുമ്പ്‌ സീരിയൽ ചിത്രീകരണത്തിനായി  ഖത്തറിലെത്തിയ സമീർ പെട്ടെന്നൊരു ദിവസം കിടക്കയിൽനിന്ന്‌ എഴുന്നേൽക്കാനാവാത്ത വിധം തളർന്നു. തുടർന്ന്‌ മൂന്നുവർഷം കിടപ്പിലായ സമീറിന്‌  എല്ലുകൾ കൂടിച്ചേർന്ന്‌ സന്ധികളുടെ ചലനശേഷി നഷ്‌ടമാവുന്ന ആങ്ക്‌ലോസിസ്‌ എന്ന രോഗമാണെന്ന്‌ സ്ഥിരീകരിച്ചു. ശരീരഭാരം കുറഞ്ഞ്‌ പരിചയക്കാർക്ക്‌ പോലും തിരിച്ചറിയാനാവാത്ത വിധംമാറി. പതിയെ  ചലനശേഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ  പ്രചോദനമായത്‌ വായനയോടും എഴുത്തിനോടുമുള്ള  പ്രിയം. രണ്ടുവർഷം മുമ്പാണ്‌ നോവൽ എഴുതിത്തുടങ്ങിയത്‌. മനസ്‌ കരുതുംപോലെ കൈ ചലിപ്പിക്കാനാവുന്നില്ലെന്ന്‌ തോന്നിയപ്പോൾ ലാപ്‌ടോപ്പിൽ ടൈപ്പ്‌ ചെയ്‌തുതുടങ്ങി.  അനുദിനം അരക്ഷിതമാവുന്ന സ്‌ത്രീജീവിതത്തെക്കുറിച്ചുള്ള ആശങ്കകളാണ്‌ ‘ബെൽസ്‌നാപിലെ  വലിയമരം’ നോവൽ പറയുന്നത്‌.   ‘എവിൻസ്‌’ പ്രസിദ്ധീകരിച്ച നോവൽ ആമസോൺ, ഫ്ളിപ്‌കാർട്ട്‌ തുടങ്ങിയ ഓൺലൈൺ വിപണികളിൽ ലഭ്യമാണ്‌.  
‘‘ എന്റെ നോവലിന്‌ പക്വതയുണ്ടോയെന്നത്‌ വായനക്കാരാണ്‌ പറയേണ്ടത്‌. പക്ഷെ എനിക്ക്‌ അത്‌ എന്റെ ജീവിതത്തിലേക്ക്‌ തിരിച്ചുവരവായിരുന്നു. പലതവണ എഴുത്ത്‌ മതിയാക്കാൻ തോന്നിയെങ്കിലും അതൊക്കെ മറികടന്നു. ’’ സമീർ പറഞ്ഞു. 
ചെറിയ ഷൂട്ടിങ്‌ വർക്കുകളും സുഹൃത്തുക്കളുടെ സഹായവും കൊണ്ടാണ്‌ സമീറിന്റെയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ടുപോവുന്നത്‌. 60 ശതമാനം ശാരീരിക ബുദ്ധിമുട്ടുകൾ നിലനിൽക്കുമ്പോഴും പുറത്തിറങ്ങി നടക്കാനും ടൂവീലർ ഓടിക്കാനുമൊക്കെ ഇപ്പോൾ സാധിക്കുന്നു. കഴുത്ത്‌ ഇരുവശവും തിരിക്കാനാകില്ല. എങ്കിലും ജീവിക്കാൻ ഇറങ്ങിത്തിരിച്ചവന്റെ നിശ്‌ചയദാർഢ്യമുണ്ട്‌ സമീറിന്റെ വാക്കുകളിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top