08 May Wednesday

വിജയം കൊയ്യാൻ 
ശാസ്‌ത്രീയ കൃഷി

പി സുരേശൻUpdated: Wednesday Aug 10, 2022

പി വി രതീശന്റെ പച്ചക്കറി കൃഷി. ഇൻസെറ്റിൽ രതീശൻ

കണ്ണൂർ

മട്ടന്നൂർ കീഴൂർ ചാവവേശി വട്ടക്കയത്തെ പി വി രതീശന്‌ കൃഷി  ആഡംബരമല്ല. ഉപജീവന ഉപാധിയാണ്‌.  വാണിജ്യാടിസ്ഥാനത്തിൽ പരമാവധി കൃഷി ചെയ്‌ത്‌ ഇരട്ടി വരുമാനമുണ്ടാക്കുകയാണ്‌ ഈ കർഷകൻ. കൃഷി ലാഭകരമാക്കാൻ അമിത രാസവളം, കീടനാശിനി  പ്രയോഗങ്ങളില്ല.  ചെടി പോഷക സമ്പുഷ്ടമെങ്കിൽ  കീടശല്യം ഏശില്ലെന്നതാണ്‌ രതീശന്റെ അനുഭവം.  ചെടിയുടെ ആരോഗ്യത്തിനാവശ്യമായ മൂലകങ്ങൾ മണ്ണിൽചേർത്ത്‌ കൊടുത്താൽ ഉൽപ്പാദനത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും. ചെലവ്‌ കുറച്ച്‌ ഉൽപ്പാദനം കൂട്ടുന്ന അഡ്‌ജുവന്റ്‌  സാങ്കേതിക വിദ്യയാണ്‌ പിന്തുടരുന്നത്‌. വെള്ളത്തിന്റെയും വളത്തിന്റെയും അളവ്‌ കുറക്കുന്നതാണ്‌ ഈ സാങ്കേതിക വിദ്യ.  ഉൽപ്പാദന ഉപാധികൾക്ക്‌ വൻ വിലയുള്ള കാലത്ത്‌ ഇത്തരം രീതിയാണ്‌ ഫലപ്രദം. 
  പരമ്പരാഗത കർഷക കുടുംബത്തിലെ അംഗമായ രതീശൻ വളരെ ചെറുപ്പത്തിൽ കൃഷിയിൽ ആകൃഷ്ടനായി. പുതിയ കൃഷി രീതികൾ പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്‌ത കർഷകനാണ്‌.  ശാസ്‌ത്രീയ കൃഷിക്കാണ്‌ ഊന്നൽ.   വിപണിയറിഞ്ഞുള്ള  കാർഷിക വൃത്തിയാണ്‌  രതീശന്റേത്‌. വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ പ്രമോഷൻ കൗൺസിൽ കേരള (വിഎഫ്‌പിസികെ) വഴിയാണ്‌  പച്ചക്കറിയും നേന്ത്രവാഴ കുലകളും വിപണനം നടത്തുന്നത്‌. വിഎഫ്‌പിസികെയുടെ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്‌. ഇരട്ടി വരുമാനം ലഭിച്ച കർഷകനെന്ന നിലയിൽ കണ്ണൂർ  കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആദരവും ഏറ്റുവാങ്ങിയിരുന്നു.
  പാവൽ, പയർ, വെള്ളരി, വെണ്ട എന്നിവയാണ്‌ മുഖ്യ വിളകൾ. ഇടവിളയായി  ചീരയും പച്ചമുളകുമുണ്ട്‌.   മഴക്കാലത്ത്‌ പറമ്പത്തും വേനലിൽ വയലിലുമാണ്‌ കൃഷി.  സ്വന്തമായുള്ള 75 സെന്റ്‌ സ്ഥലത്തും പാട്ടത്തിനെടുത്ത നാലേക്കറിലും പച്ചക്കറിയും നേന്ത്രവാഴയും തഴച്ചുവളരുന്നു.  സീസണിൽ 10 സെന്റിൽനിന്ന്‌ 18 ക്വിന്റലോളം പാവൽ ലഭിക്കും.  10 ക്വിന്റൽ പയറും കിട്ടാറുണ്ട്‌. വെള്ളരി ഉൽപ്പാദനം  സെന്റിൽ ഒന്നര ക്വിന്റലോളം വരും. വർഷകാലത്ത്‌ ഹൈബ്രീഡ്‌ പാവലും വേനലിൽ നാടനുമാണ്‌ കൃഷി ചെയ്യുന്നത്‌.  
രണ്ടായിരത്തോളം നേന്ത്രവാഴയുമുണ്ട്‌. സ്വർണമുഖി നേന്ത്രവാഴയും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്‌. 
  മണ്ണ്‌ പരിശോധനയുടെ അടിസ്ഥാനത്തിലാണ്‌ വളപ്രയോഗം. കാട്ടുപന്നിശല്യം രൂക്ഷമായതിനാൽ ചാണക വളവും എല്ലുപൊടിയും  ചേർക്കാൻ പറ്റാത്ത അവസ്ഥയുണ്ട്‌. അതിനാൽ കോഴിവളവും പിണ്ണാക്ക്‌ പുളിപ്പിച്ചതുമാണ്‌  ഉപയോഗിക്കുന്നത്‌. കൃഷി കൂടുതൽ വിപുലപ്പെടുത്തുന്നതിന്‌ പന്നിശല്യം തടസ്സമാകുന്നു.  കായ്‌ ഈച്ചകളെ പ്രതിരോധിക്കാൻ ഫെറമോൺ കെണിയും മറ്റ്‌ കീടങ്ങളെ  തുരത്താൻ ഹരിതകഷായവും ഉപയോഗിക്കുന്നു. കൃഷി വിജ്ഞാന കേന്ദ്രം   പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നത്‌ ഏറെ സഹായകമായിട്ടുണ്ടെന്ന്‌ രതീശൻ പറഞ്ഞു.   കൃഷിഭവനും ആവശ്യമായ പിന്തുണ നൽകുന്നു. സമ്മിശ്ര കൃഷിയിലൂടെയാണ്‌  ഇരട്ടി വരുമാനം സാധ്യമായത്‌. ഭാര്യ പി കെ ധന്യയും കൃഷിയിൽ സജീവമാണ്‌.  ഫോൺ: 9947699725.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top