26 April Friday

അലയടിച്ച്‌ ഓർമത്തിര

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

പയ്യാമ്പലത്ത്‌ കോടിയേരി ബാലകൃഷ്‌ണന്‌ ചിതയൊരുക്കിയ സ്ഥലത്തെത്തുന്നവർ

കണ്ണൂർ
പയ്യാമ്പലത്ത്‌ ചിതയെരിഞ്ഞടങ്ങിയെങ്കിലും കനലോർമകൾ ജ്വലിച്ചുനിൽക്കുകയാണ്‌. ആ വിപ്ലവകാരി ഓർമയായെങ്കിലും, നിത്യനിദ്രകൊള്ളുന്ന കടൽത്തീരത്തേക്ക്‌ ബുധനാഴ്‌ചയും ജനപ്രവാഹമായിരുന്നു. വന്നുചേരുന്ന ആബാലവൃദ്ധം മുഷ്ടിചുരുട്ടി പറയുന്നുണ്ട്‌–- പ്രിയ സഖാവേ, നിങ്ങളുണ്ടെപ്പോഴും ഞങ്ങളിൽ. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ശവസംസ്കാരം നടന്ന പയ്യാമ്പലത്തേക്ക്‌ വികാരഭരിതരായാണ്‌ ആളുകൾ എത്തുന്നത്‌. 
   ഓർമകളുടെ വേലിയേറ്റമാണ്‌ പയ്യാമ്പലത്ത്‌. തിരകളുടെയും കാറ്റിന്റെയും ശബ്ദത്തിനുമേൽ വേദനയുടെ മൗനം നിറയുന്നുമുണ്ട്‌. ഒറ്റയ്‌ക്കും കൂട്ടമായും കുടുംബമായുമാണ്‌ ജനപ്രവാഹം. കോടിയേരിയുടെ ചിതയെരിഞ്ഞ സ്ഥലത്തേക്ക്‌ നോക്കുമ്പോൾ കണ്ണീരണിയുന്നവർ. ഒരുനിമിഷം എല്ലാം മറന്ന്‌ നിൽക്കുന്നവർ. തങ്ങൾക്ക്‌ കോടിയേരി എന്തായിരുന്നുവെന്ന്‌ ഓർത്തെടുക്കുന്നവർ. എത്രമേൽ പ്രിയനായിരുന്നുവെന്ന്‌ പറയാതെ പറയുന്നവർ. ഓർമകളുണരുന്ന തീരത്ത്‌ പ്രിയനേതാവിനെ തേടിയെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്‌.
      കോടിയേരിക്ക്‌ ചെന്നൈ മുതൽ കണ്ണൂർ പയ്യാമ്പലംവരെ നൽകിയ വികാരനിർഭര യാത്രയയപ്പിന്റെ തുടർച്ചയാകുകയാണ്‌ പയ്യാമ്പലത്തെ കാഴ്‌ചകൾ. ശനിയാഴ്‌ച ചെന്നൈയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം തിങ്കൾ വൈകിട്ടാണ്‌ പയ്യാമ്പലത്ത്‌ തീനാളങ്ങൾ ഏറ്റുവാങ്ങിയത്‌. കണ്ണൂർ ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം ഒഴുകിയെത്തിയ പതിനായിരങ്ങളാണ്‌ യാത്രാമൊഴിയേകിയത്‌. തിരക്കൊഴിവാക്കാൻ, നേതാക്കളും കുടുംബാംഗങ്ങളുമടക്കം കുറച്ചുപേർക്കുമാത്രമാണ്‌ പയ്യാമ്പലത്ത്‌ സംസ്‌കാരച്ചടങ്ങ്‌ നടന്ന സ്ഥലത്തേക്ക്‌ പ്രവേശനം അനുവദിച്ചത്‌. അനുശോചനയോഗത്തിനുശേഷം രാത്രിയിലാണ്‌ സ്ഥലത്തേക്ക്‌ പൊതുജനങ്ങൾക്ക്‌ പ്രവേശനം അനുവദിച്ചത്‌. ആ സമയം മുതൽ ജനങ്ങളുടെ ഒഴുക്കായിരുന്നു. ചൊവ്വയും ബുധനും ഒരുനേരവും ഒഴിവായിട്ടില്ല. പയ്യാമ്പലത്തെത്തുന്ന മറ്റുള്ളവരും കോടിയേരിയുടെ സംസ്കാരസ്ഥലത്തെത്തിയാണ്‌ മടങ്ങുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top