26 April Friday

ഓപ്പറേഷൻ ആഗ്‌ ’ കുടുങ്ങിയത്‌
260 ഗുണ്ടകൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കണ്ണൂർ
ജില്ലയിൽ ‘ഓപ്പറേഷൻ ആഗി’ൽ കുടുങ്ങിയത്‌ 260 ഗുണ്ടകൾ. കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ 130 പേരും റൂറലിൽ 130 പേരുമാണ് അറസ്റ്റിലായത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ നിയമത്തിനുമുന്നിലെത്തിക്കുന്നതിനും ഗുണ്ടകൾക്കെതിരായ നിയമനടപടി ശക്തമാക്കുന്നതിന്റെയും ഭാഗമായാണ്‌ പൊലീസിന്റെ ഓപ്പറേഷൻ ആഗ്‌. 
കണ്ണൂർ സിറ്റി പരിധിയിൽ 225 പേരെയാണ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. വിശദമായി പരിശോധിച്ചതിൽ 130 പേർ അറസ്‌റ്റിലായി.  തുടർച്ചയായ ക്രിമിനൽ കേസിലും  ലഹരിക്കടത്തിലും ഉൾപ്പെട്ടവരാണ്‌ അറസ്‌റ്റിലയാതെന്ന്‌ സിറ്റി പൊലീസ്‌ കമീഷൻ അജിത്‌ കുമാർ പറഞ്ഞു. അറസ്‌റ്റിലായവരിൽ കാപ്പ നിയമത്തിലെ നിബന്ധനകൾ ലംഘിച്ച അഞ്ചുപേരും പിടികിട്ടാപ്പുള്ളികളായ ആറുപേരുമുണ്ട്‌. ഹോട്ടലുകൾ, ലോഡ്‌ജുകൾ, ബാറുകൾ, ഡിജെ പാർട്ടികൾ എന്നിങ്ങളെ 25 ഇടങ്ങളിലായിരുന്നു സിറ്റി പൊലീസിന്റെ പരിശോധന. അഞ്ഞൂറോളം വാഹനങ്ങളും പരിശോധിച്ചു. അറസ്‌റ്റിലായവരുടെയും കസ്‌റ്റഡിയിലെടുത്തവരുടെയും കേസ് ഡയറി വിശദമായി പരിശോധിച്ചശേഷം തുടർനടപടികളെടുക്കും. ഇവരെ പൂർണമായും പൊലീസ്‌ നിരീക്ഷിക്കും. 
കണ്ണൂർ റൂറൽ ജില്ലയിൽ കൂടുതൽ പ്രശ്‌നക്കാരായ 130 പേരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ പൊലീസ്‌ മേധാവി എം ഹേമലത അറിയിച്ചു. തളിപ്പറമ്പ് സബ് ഡിവിഷനിൽ 42 പേരും ഇരിട്ടി സബ് ഡിവിഷൻ 33, പേരാവൂർ 28, പയ്യന്നൂർ 27 പേരുമാണ് അറസ്റ്റിലായത്.  പിടികിട്ടാപ്പുള്ളികളായ ഏഴുപേരും അറസ്റ്റിലായി. റൂറൽ ജില്ലയിൽ 480 പേരാണ് ഗുണ്ടാ ലിസ്റ്റിലുള്ളത്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് 265 പേരും ഉണ്ട്. 
സിറ്റി, റൂറൽ ജില്ലകളിൽ ശനി രാത്രി പത്തിന് തുടങ്ങിയ ഓപ്പറേഷൻ ഞായർ പുലർച്ചെ 4.30നാണ് അവസാനിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top