26 April Friday
കോൾ സെന്റർ

പഞ്ചായത്തുതല ഉദ്‌ഘാടനം സി കെ വിനീത്‌ നിർവഹിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കണ്ണൂർ
‘‘എല്ലാവരും വെറുതെ വീട്ടിൽ ഇരിക്കുകയല്ലേ.. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ ഇപ്പോഴെങ്കിലും ചെയ്യണം’’–- അവശ്യ സാധനങ്ങളെത്തിച്ചുനൽകുന്നതിന്‌ ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്ററിലിരുന്ന്‌  ഫുട്‌ബോൾ താരം സി കെ വിനീത് പറയുന്നു. പറയുന്നതിനിടെ ഒരു കോൾ. ‘മത്സ്യമുണ്ടോ?’ ഇല്ലെന്നു മറുപടി. ‘ചെമ്മീൻ ഉണ്ടാവുമോ’ എന്നായി അടുത്ത ചോദ്യം. വിനീത് ആവശ്യക്കാരന്റെ പേരും വേണ്ട സാധനങ്ങളുടെ ലിസ്റ്റും എഴുതിയെടുത്തു. കൂട്ടത്തിൽ മത്സ്യം ഉണ്ടെങ്കിൽ എത്തിക്കാമെന്ന ഉറപ്പും.
വിവിധ ആവശ്യങ്ങളുമായാണ് ആളുകൾ കോൾ സെന്ററിനെ സമീപിക്കുന്നത്. വിളിക്കുന്നവരെ നിരാശപ്പെടുത്താതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് അധികൃതർ. പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കോൾ സെന്ററിന്റെ   ഉദ്ഘാടനം സി കെ വിനീത് നിർവഹിച്ചു. പെരിങ്ങോം–- വയക്കര പഞ്ചായത്ത് ആരംഭിക്കുന്ന കോൾ സെന്ററിന്റേതായിരുന്നു ആദ്യ കാൾ.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നും നിരവധി കോളുകളാണ് ദിവസവും എത്തുന്നത്. അതിനാൽ കോൾ സെന്ററിന്റെ സേവനം എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുകയാണെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് പറഞ്ഞു. ആവശ്യക്കാരന്റെ പേര്, നമ്പർ, വേണ്ടവയുടെ ലിസ്റ്റ് എന്നിവ ചോദിച്ചറിയും. വാട്‌സ് ആപ്പിലും ലിസ്റ്റ് അയക്കുന്നുണ്ട്. മറ്റ് പഞ്ചായത്തുകളിൽനിന്നു വിളിക്കുന്നവർക്ക് അതത് പഞ്ചായത്ത്  കോൾ സെന്ററിലെ നമ്പർ നൽകും. മരുന്നിന് വേണ്ടിയും നിരവധി ആളുകൾ വിളിക്കുന്നു. ലെയ്‌സിനും മിഠായികൾക്കും വേണ്ടി ചെറിയ കുട്ടികളുടെ വിളിയുമെത്തുന്നുണ്ട്‌. 
ആവശ്യം വരുകയാണെങ്കിൽ വരും ദിവസങ്ങളിലും കോൾ  സെന്ററിലെത്തുമെന്ന്‌ വിനീത് പറഞ്ഞു. ഗായിക സയനോര ഫിലിപ്പും സി കെ വിനീത് ഉണ്ടെന്നറിഞ്ഞ് അവിടെ എത്തിയിരുന്നു. കുശലാന്വേഷണത്തിന് ശേഷം അവർ തന്റെ ജോലികളിൽ മുഴുകി. സയനോര നേരത്തെ തന്നെ  സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top