02 May Thursday

ആക്രി വില്‍ക്കാനുണ്ടോ... വാങ്ങാന്‍ 
ഇരട്ടയാര്‍ റെഡിയാണേ

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022

വാത്തിക്കുടി പഞ്ചായത്തിൽനിന്ന് ഏറ്റെടുത്ത പാഴ്‍വസ്‍തുക്കൾ ഇരട്ടയാറിലേക്ക് കൊണ്ടുപോകാൻ ലോറിയിൽ കയറ്റുന്നു

 
തൊടുപുഴ
ഇരട്ടയാർ പഞ്ചായത്ത് ഹരിതകര്‍മസേന ആക്രി വ്യാപാരത്തിലേക്ക്. തൊഴില്‍ സംരംഭമെന്ന നിലയില്‍ പഞ്ചായത്തിന്റെ മേല്‍വിലാസത്തില്‍ ആക്രിവ്യാപാരം തുടങ്ങാൻ ഭരണസമിതി അനുമതി നല്‍കി. പ്രസിഡന്റ് ജിന്‍സൻ വര്‍ക്കിയുടെ കട്ട സപ്പോര്‍ട്ട് ഊര്‍ജമായി. കുടുംബശ്രീ മൈക്രോ സംരംഭമായി രജിസ്റ്റർ ചെയ‍്‌ത് യൂണിറ്റ് പ്രവർത്തനവുമാരംഭിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പാഴ്‌വസ്തുക്കൾ ഏറ്റെടുത്ത് കച്ചവടത്തിന് തുടക്കവുമിട്ടു. ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച തരംതിരിച്ചതും അല്ലാത്തതുമായ 600 കിലോ പാഴ്‍വസ്‍തുക്കളാണ് ഏറ്റെടുത്തത്. ഇവ ഇരട്ടയാർ പഞ്ചായത്തിന്റെ റിസോഴ്‌സ് റിക്കവറി സൗകര്യം ഉപയോ​ഗിച്ച് തരംതിരിച്ച് പുനരുല്‍പാദനത്തിന് കൈമാറും. മറ്റേത് ഏജൻസികളും നൽകുന്നതിനേക്കാൾ കൂടിയ വില നൽകിയാണ് ഹരിതകർമ സേന പ്ലാസ്റ്റിക്കും പാഴ്‍വസ്തുക്കളും ഏറ്റെടുക്കുന്നതെന്ന് ഭാരവാഹികളായ പി ടി നിഷമോൾ, ലിജിയമോൾ ജോസഫ് എന്നിവർ പറഞ്ഞു. ഗുളികയുടെ സ്ട്രിപ്പുകളും മൾട്ടിലെയർ പ്ലാസ്റ്റിക്കും എടുക്കുന്നുണ്ട്. 
പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ പാടുപെടുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് കൂടുതൽ വരുമാനമുണ്ടാക്കാനാണ് തൊഴിൽ യൂണിറ്റ് ആരംഭിച്ചത്. പാമ്പാടുംപാറ പഞ്ചായത്തും പാഴ്‍വസ്‍തുക്കൾ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ഏറ്റെടുക്കും. പ്രസിഡന്റ് ജിൻസൺ വർക്കി പറഞ്ഞു. ഹരിതകർമ സേനാംഗങ്ങളായ എ എസ് അനിത, നിഷ രാജേന്ദ്രൻ, സുനി സിബി, ട്രിൻസി ജിനേഷ് എന്നിവരാണ് യൂണിറ്റിലെ മറ്റംഗങ്ങൾ. ഇവരടക്കമുള്ള പഞ്ചായത്തിലെ എല്ലാ ഹരിതകർമ സേനാംഗങ്ങൾക്കും പാഴ്‍വസ്‍തുക്കൾ തരംതിരിക്കുന്നതിൽ ഹരിതകേരളം മിഷൻ പരിശീലനം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top