26 April Friday

രാജ്യത്തിന്റെ ബഹുസ്വരത ചോദ്യംചെയ്യപ്പെടുന്നു: എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
തൊടുപുഴ
ബിജെപി ഭരണത്തിൽ രാജ്യത്തിന്റെ ബഹുസ്വരത ചോദ്യംചെയ്യപ്പെടുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ. സിപിഐ എം തൊടുപുഴ ഏരിയ സമ്മേളനത്തിന്റെ സമാപനത്തോട്‌ അനുബന്ധിച്ചുള്ള പ്രകടനത്തിനുശേഷം തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ കെ എസ്‌ കൃഷ്‌ണപിള്ള രക്തസാക്ഷി അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഇ എം എസ്‌ സർക്കാരിനെ പുറത്താക്കിയ അതേ ജനാധിപത്യവിരുദ്ധ മാതൃകയിലാണ് രാജ്യത്ത് ഇന്ന് ബിജെപി ഭരണം നടത്തുന്നത്. 
    മോദിസർക്കാർ എല്ലാ മേഖലകളിലും ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നേറുകയാണ്‌. ജനാധിപത്യത്തെ കശാപ്പുചെയ്‌ത്‌ പതിനാറോളം നിയമങ്ങളാണ് കേന്ദ്രസർക്കാർ ശബ്‌ദ വോട്ടോടെ പാർലമെന്റിൽ പാസാക്കിയത്. കർഷകരെ ചൂഷണത്തിന്‌ വിധേയരാക്കുന്ന കാർഷികബിൽ കുത്തകകൾക്കുവേണ്ടിയാണ്‌ പാസാക്കിയത്‌. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും ഭയന്നാണ്‌ കാർഷിക ബില്ലുകൾ പിൻവലിച്ചത്. ബിജെപിക്കെതിരെ ശബ്‌ദം ഉയർത്തുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു. വർഗീയതക്കെതിരായ കോൺഗ്രസ്‌ നിലപാടും ഉറച്ചതല്ല. പാർലമെന്റിൽ ഗാന്ധി പ്രതിമയ്‌ക്ക് എതിരെയാണ് ഗാന്ധി ഘാതകന്റെ പ്രതിമ ബിജെപി സ്ഥാപിച്ചത്. അതിനെതിരെ ശബ്ദമുയർത്താൻപോലും കോൺഗ്രസിന്‌ കഴിയുന്നില്ല. രാജ്യത്തെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ്‌. കെ എസ് കൃഷ്ണപിള്ളയെ പോലെയുള്ളവർ പൊരുതിയും ജീവൻ നൽകിയുമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയതെന്നും എം എം മണി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top