06 May Monday

വിജയഭേരി

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023

ജനകീയ വിജയസന്ദേശ യാത്ര ചെറുതോണിയിൽ എത്തിയപ്പോൾ ജാഥ ക്യാപ്റ്റൻ സി വി വർഗീസിനെ തുറന്ന ജീപ്പിൽ സ്വീകരണ വേദിയിലേക്ക്‌ ആനയിക്കുന്നു

ചെറുതോണി
നാടിനെയാകെ തൊട്ടുണർത്തി, കർഷക ജനതയുടെ ഉജ്വല വരവേൽപ്പ് ഏറ്റുവാങ്ങി ജനകീയ വിജയ സന്ദേശ യാത്രയ്‌ക്ക്‌  എട്ട-ാം ദിനം പ്രൗഢോജ്വല വരവേൽപ്പ്‌. ഭൂ നിയമ ഭേദഗതിയിലൂടെ രൂപപ്പെടുന്ന പുതിയ ഇടുക്കിയും അതിലൂടെയുണ്ടാകുന്ന പുതിയ മുന്നേറ്റവും ജനങ്ങളുമായി നേരിട്ട് സംവദിച്ച് പതിനായിരങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ്‌ മലയോര മേഖലയിലെ പര്യടനം പൂർത്തിയാക്കി ചെറുതോണിയിൽ സമാപിച്ചത്‌. കാർഷിക മേഖലയുടെ ഉയർച്ച താഴ്ചകൾ കണ്ടറിഞ്ഞ തോപ്രാംകുടിയിൽ നിന്നായിരുന്നു വ്യാഴാഴ്ചത്തെ പര്യടനത്തിന് തുടക്കം.  കൃഷി ചെയ്തും വീടുവച്ചും മാത്രം ജീവിക്കാൻ അനുവാദം നൽകിയ 1960 ലെ പ്രതിലോമകരമായ നിയമം 63 വർഷത്തിന്ശേഷം മാറ്റിയെഴുതിയതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് ഗ്രാമാന്തരങ്ങളിലൂടെ കാൽനടയായി ജാഥ മുന്നേറുന്നത്. കൃഷിയോടൊപ്പം വാണിജ്യ സ്ഥാപനങ്ങൾകൂടി നിർമിക്കാനുള്ള നിയമം നിലവിൽ ഉണ്ടായിരുന്നില്ല. അതാണ് ഏകകണ്ഠേന ഭൂ നിയമ ഭേദഗതി ബിൽ പാസക്കി നിയമമാക്കി സർക്കാരിന് കൈമാറുന്നത്. ഗവർണർ കൂടി ഒപ്പിട്ടാൽ നിയമം നടപ്പാക്കാൻ സർക്കാരിന് അധികാരം ലഭിക്കുകയാണ്. ബില്ലിന് അംഗീകാരം ലഭിച്ചാലുടൻ ചട്ടഭേദഗതിയും പൂർത്തിയാക്കും. ഭൂ നിയമ ഭേദഗതിയുടെ വസ്തുതകൾ അറിയുന്നതിനായി നിരവധിയായ കർഷകർ സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. 
 
നാനാവിഭാഗങ്ങൾ 
ഒത്തുചേരുന്നു
തോപ്രാംകുടിയിലെ പൊതുസമ്മേളന സ്ഥലത്തേക്ക് രാവിലെ ക്യാപ്റ്റൻ സി വി വർഗീസ് എത്തിയപ്പോഴേയ്‌ക്കും ടൗണിൽ നാനാവിഭാഗം ജനങ്ങളുടെ നിറസാന്നിധ്യമായിരുന്നു. കുടിയേറ്റ കാലം മുതൽ സിപിഐ എം ജനങ്ങളെ മലയോരമണ്ണിൽ ഉറപ്പിച്ചുനിർത്താൻ എടുത്ത നിലപാടുകളും പോരാട്ടങ്ങളും എണ്ണമറ്റ സമരങ്ങളും വിശദീകരിച്ചു. ആദ്യകാല കുടിയേറ്റ കർഷകർ, കേരള കോൺഗ്രസ്‌ പ്രവർത്തകർ, ഘടകകക്ഷി നേതാക്കൾ തുടങ്ങി പാർടിക്ക് പുറത്തുനിന്നുള്ള ഒട്ടേറെപ്പേർ സി വി വർഗീസിനെ ഹാരമണിയിച്ചും പൂക്കൾ നൽകിയും സ്വീകരിക്കാനെത്തി. ഇതിനുശേഷം ആയിരങ്ങൾ പങ്കെടുത്ത ജാഥ വാത്തിക്കുടി, പടമുഖം, കള്ളിപ്പാറ, മുരിക്കാശേരി, പതിനാറാംകണ്ടം, ചാലിസിറ്റി എന്നിവിടങ്ങളിൽ പര്യടനം നടത്തി കരിമ്പനിലെത്തി. പഴയരിക്കണ്ടത്തുനിന്നും ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ നയിച്ച ഉപജാഥയും കരിമ്പനിൽ സംഗമിച്ച് പ്രധാന ജാഥയോടൊപ്പം ചേർന്നു. തുടർന്ന് തടിയമ്പാട്, വെള്ളക്കയം വഴി സമാപന കേന്ദ്രമായ ചെറുതോണിയിലെത്തി. വൻജനാവലിയുടെ സാന്നിധ്യത്തിൽ ജാഥയെ ചെറുതോണി പട്ടണം വരവേറ്റു. വാദ്യമേള താളങ്ങളുടെ അകമ്പടിയോടെയാണ് ടൗൺ കവാടത്തിൽനിന്നും ജാഥയെ വരവേറ്റത്. സമാപന സമ്മേളനം മുൻ എംപി അഡ്വ. ജോയ്സ് ജോർജ്‌ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ സംസാരിച്ചു. ബി ബിനു അധ്യക്ഷനായി.  ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് സംസാരിച്ചു. ഏരിയ കമ്മറ്റിയംഗം എം വി ബേബി സ്വാഗതം പറഞ്ഞു.
ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ മാനേജർ കെ വി  ശശി, വൈസ്‌ ക്യപ്‌റ്റൻ ഷൈലജ സുരേന്ദ്രൻ, ജാഥാംഗങ്ങളായ പി എസ് രാജൻ, കെ എസ്‌ മോഹനൻ, റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു, എൻ വി  ബേബി, അഡ്വ. എ  രാജ എംഎൽഎ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top