09 May Thursday

സൃഷ്ടിക്കാം പുതിയ ഇടുക്കി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

കട്ടപ്പനയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തുന്നു. മന്ത്രിമാരായ എം എം മണി, ഡോ. തോമസ് ഐസക്ക്‌ എന്നിവർ സമീപം

 ഇടുക്കി

മലയോര മണ്ണിന്റെയാകെ പ്രതീക്ഷ കാത്ത് സംസ്ഥാന സർക്കാരിന്റെ ഇടുക്കി പാക്കേജ്. കാർഷികം, ടൂറിസം, വ്യാപാരം തുടങ്ങി ജില്ലയിലെ സർവമേഖലകളെയും സ്‌പർശിച്ചായിരുന്നു 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപനം. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാക്കേജ് പ്രഖ്യാപിച്ചു. പ്രളയവും തുടർന്നെത്തിയ കോവിഡും തകർത്ത ഇടുക്കിയുടെ തിരിച്ചുവരവിന് കരുത്തേകുന്നതാണ് പാക്കേജ്. ഈ തുകയെല്ലാം കാര്യക്ഷമമായി വിനിയോഗിച്ചാൽ ഇടുക്കിയുടെ മുഖച്ഛായതന്നെ മാറ്റാൻ സാധിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി പാക്കേജിന്റെ നടത്തിപ്പിനായി സ്പെഷ്യൽ ഓഫീസറെ നിയമിച്ച്‌ എല്ലാ മാസവും പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.  
     ജില്ല നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ പര്യാപ്‌തമാണ്‌ പാക്കേജ്. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമുണ്ടാകും. ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കും. തൊഴിലില്ലായ്‌മ കുറയ്‌ക്കാനും പരിസ്ഥിതി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും നമുക്ക്‌ കഴിയണം. ഈ ലക്ഷ്യങ്ങളാണ്‌ പാക്കേജിന്റെ ഭാഗമായി നേടിയെടുക്കാനുള്ളത്‌. ഇടുക്കി പാക്കേജ്‌ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നതല്ല. നടപ്പാക്കാനുള്ളതാണ്‌. ജനങ്ങളാകെയും കക്ഷി–- രാഷ്‌ട്രീയ ഭേദമന്യേ ഒരുമിച്ചുനിന്ന്‌ പുതിയൊരു ഇടുക്കിയെ സൃഷ്‌ടിക്കാം. മുഖ്യമന്ത്രി പറഞ്ഞു. 
   മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ്‌ മലയോരജനത സ്വീകരിച്ചത്‌. മന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായി. മന്ത്രി എം എം മണി മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ എസ്‌ രാജേന്ദ്രൻ, ഇ എസ്‌ ബിജിമോൾ എന്നിവ സംസാരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ്‌ ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസുകുട്ടി കണ്ണമുണ്ടയിൽ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, സ്വാഗതസംഘം ജനറൽ കൺവീനർ സി വി വർഗീസ്‌ തുടങ്ങിയവർ പങ്കെടുത്തു. റോഷി അഗസ്റ്റിൻ എംഎൽഎ സ്വാഗതവും കലക്ടർ എച്ച്‌ ദിനേശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top