26 April Friday
ഹർത്താൽ 27ന്‌

കേന്ദ്രത്തിന്‌ താക്കീതാകും

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കട്ടപ്പന 
കർഷകർ ഡൽഹിയിലും രാജ്യത്താകെയും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച 27ന് ആഹ്വാനംചെയ്‌ത ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന്‌ സംയുക്ത ടേഡ് യൂണിയൻ സമിതി ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഒമ്പത് മാസമായി ഡൽഹിയിൽ കർഷകർ സമരം നടത്തുകയാണ്‌.
    എന്നാൽ, കേന്ദ്രസർക്കാർ സമരം ഒത്തുതീർക്കാനുള്ള ശ്രമമൊന്നും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഭാരത്‌ ബന്ദ്‌ ദിനത്തിൽ കേരളത്തിൽ ഹർത്താൽ ആചരിക്കും. 27ന് പകൽ 10.30 മുതൽ 11 വരെ തൊഴിലാളികളും കർഷകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റോഡുകളിൽ അണിനിരക്കും. 26ന് വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനവും നടത്തും. 
      കാർഷിക മേഖലയെ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ജീവൻമരണ സമരത്തിലാണ്. 2020 നവംബർ ആറ്‌ മുതൽ രാജ്യതലസ്ഥാനത്ത്‌ 500 കർഷകസംഘടനകൾ ചേർന്ന സംയുക്ത കിസാൻ മോർച്ചയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി. തൊഴിൽ നിയമഭേദഗതിയും ഇതേ രീതിയിൽ പാസാക്കി. കാർഷിക ഉൽപ്പന്നവ്യാപാരം കുത്തകളുടെ നിയന്ത്രണത്തിലാക്കുന്നതാണ് നിയമം.
     കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമം കൊണ്ടുവന്നു. കരാർ കൃഷിരംഗത്ത് വരുന്നതോടെ ചെറുകിട കൃഷിക്കാർ പുറന്തള്ളപ്പെടും. കോടതികൾക്കും ഇടപെടാനാകില്ല. ആവശ്യവസ്തു ഭേദഗതി നിയമം മൂലം കാർഷിക, ഭക്ഷ്യ ഉൽപ്പന്നങ്ങൾ സംഭരിച്ച്‌ പൂഴ്‌ത്തിവച്ച് വില വർധിപ്പിക്കാൻ വൻകിട വ്യാപാരികൾക്ക്‌ അവസരം ലഭിക്കുന്നു. താങ്ങുവില നൽകുന്നതിനുള്ള സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് അവഗണിക്കുന്നതും ഭക്ഷ്യസുരക്ഷ തകർക്കുന്നതുമാണ് പുതിയ നിയമങ്ങൾ. 
വെെദ്യുതി ഭേദഗതി ബില്ലും 
പിൻവലിക്കണം
വൈദ്യുതി ചാർജ് വൻതോതിൽ ഉയർത്തുന്ന ഭേദഗതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഉജ്വല സമരങ്ങളുടെ ഫലമായുണ്ടായ 29 തൊഴിൽനിയമങ്ങൾ നാല് ലേബർ കോഡുകളാക്കി മോദി സർക്കാർ മാറ്റി. മിനിമംവേതന നിയമവും ബോണസ് നിയമവും ഓവർ ടൈം അലവൻസ് നിയമവും കൂലികൊടുക്കൽ നിയമങ്ങളും കൂട്ടിച്ചേർത്ത് ഒറ്റ നിയമമാക്കി.
      ജോലി സമയം എട്ടിൽനിന്ന്‌ 12 മണിക്കൂറായി വർധിപ്പിക്കാൻ മുതലാളിക്ക് സ്വാതന്ത്ര്യം നൽകുന്നതാണ്‌ കോഡ് ഓൺ വേജസ്. മറ്റൊരു കോഡ് 13 നിയമങ്ങൾ കൂട്ടിച്ചേർത്തതാണ്. പ്ലാന്റേഷൻ ലേബർ ആക്ട്, ഫാക്ടറീസ് ആക്ട്, വെൽഡിങ്‌ ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട്, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട്, ബീഡി സിഗർ വർക്കേഴ്സ് ആക്ട്, സിനി വർക്കേഴ്സ് ആൻഡ് സിനിമ തിയറ്റർ വർ-ക്കേഴ്സ് ആക്ട് എന്നീ നിയമങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. 
  രൂക്ഷമായ വിലക്കയറ്റം മൂലം ജീവിതം വഴിമുട്ടുമ്പോൾ ജനതയെയാകെ നരകത്തീയിലേക്ക്‌ തള്ളിയിടുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ നടത്തുന്ന ഹർത്താലിൽ മുഴുവൻ തൊഴിലാളികളും പണിമുടക്കി പകൽ 10.30 മുതൽ 11 വരെ റോഡുകളിൽ കോവിഡ് മാനദ-ണ്ഡങ്ങൾ പാലിച്ച് അണിനിരക്കണമെന്ന്‌ ട്രേഡ് യൂണിയൻ നേതാക്കളായ വാഴൂർ സോമൻ എംഎൽഎ, കെ എസ് മോഹനൻ, എ പി ഉസ്മാൻ, പി മുത്തുപാണ്ടി, ടി എസ് ബിസി, എം സി ബിജു എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top