27 April Saturday

പൊലീസിനിത് പെടപെടയ്ക്കും ചാകര

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
വണ്ടൻമേട്
ലോക്ക്‌ഡൗൺ കാലത്ത് ശുദ്ധമായ പെടയ്‌ക്കുന്ന ചാകര. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന വിളവെടുപ്പിൽ 500 കിലോയോളം മീൻ ലഭിച്ചു. സാമൂഹ്യ അകലം പാലിച്ച് സ്റ്റേഷൻ വളപ്പിലെ പടുതാക്കുളത്തിലെ മീൻകൃഷി വിളവെടുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ഊർജദായക ഭക്ഷ്യോൽപ്പാദനം സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഘട്ടത്തിൽ മത്സ്യകൃഷിയിൽ ഉൾപ്പെടെ മികച്ചനേട്ടം കൊയ്ത വണ്ടൻമേട് പൊലീസ് സ്റ്റേഷൻ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. സ്റ്റേഷനിലെ അടുക്കളയിലേക്കാവശ്യമായ മീൻ എടുത്തശേഷം ബാക്കി സ്റ്റേഷനിലെ ജീവനക്കാർ വിലയ്ക്കുവാങ്ങി. 
കഴിഞ്ഞ ജൂണിൽ 500 അസംവാളയാണ് കൃഷിക്ക് ഉപയോഗിച്ചത്. കുഴൽകിണറിനു പുറമെ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന്‌ വീഴുന്ന മഴവെള്ളവും പൈപ്പ് ഉപയോഗിച്ച് കുളത്തിൽ എത്തിക്കുന്നു. മീൻകുളത്തിലെ വെള്ളം കണികാ ജലസേചന സംവിധാനത്തിലൂടെ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നു. ഫിഷറീസ്‌ വകുപ്പും ജില്ലാ പൊലീസ് സഹകരണസംഘവും ചേർന്നാണ്‌ മീൻകൃഷി നടത്തുന്നത്‌. കൃഷിക്കായി 40,018 രൂപ ഫിഷറീസിൽനിന്ന്‌ സബ്‌സിഡി ലഭിച്ചു. രണ്ടാംഘട്ടത്തിൽ ആറുമാസംകൊണ്ട് വിളവെടുക്കാവുന്ന ഗിഫ്റ്റ് തിലോപ്പിയ മീൻകുഞ്ഞുങ്ങളെ വളർത്താനാണ് പദ്ധതി. വണ്ടൻമേട്ടിലെത്തുന്ന ഓരോ പൊലീസ് ഉദ്യോഗസ്ഥരും കൃഷിയെ മനസ്സറിഞ്ഞ് സ്‌നേഹിക്കുന്ന കർഷകരായി മാറുകയാണ്. ഇതിൽനിന്ന്‌ ലഭിക്കുന്ന വരുമാനം സ്റ്റേഷന്റെ ചെറിയ നവീകരണങ്ങൾക്കും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്. 
അഡീഷഷണൽ ജില്ലാ പൊലീസ്‌ മേധാവി എ രാജൻ, കട്ടപ്പന ഡിവൈഎസ്‌പി എൻ സി രാജ്മോഹൻ, എസ്എച്ച്ഒ സുനീഷ്, കെ തങ്കച്ചൻ, എസ്ഐമാരായ പി എസ് നൗഷാദ്, പി എൻ മുരളീധരൻ നായർ, ഡിജു ജോസഫ്, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ്‌ ജാൻസി റെജി, ഫിഷറീസ് അസിസ്റ്റന്റ്‌ എക്‌സ്റ്റൻഷൻ ഓഫീസർ പി കണ്ണൻ, ഓഫീസ് അസിസ്റ്റന്റ് പ്രദീഷ്, മത്സ്യഫെഡ് കോ ഓർഡിനേറ്റർ അരുൺകുമാർ എന്നിവർ വിളവെടുപ്പിലും വിപണനത്തിലും പങ്കെടുത്തു. പച്ചക്കറി കൃഷിയിൽ കഴിഞ്ഞവർഷം സംസ്ഥാന തലത്തിൽ മികച്ച സ്ഥാപനത്തിനുള്ള രണ്ടാംസ്ഥാനവും വണ്ടൻമേടിനായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top