06 May Monday

നവമുന്നേറ്റമേ സ്വാഗതം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

ജനകീയ വിജയ സന്ദേശയാത്ര അണക്കരയിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ സി വി വർഗീസിനെ കാളവണ്ടിയിൽ സമ്മേളന നഗരിയിലേക്ക് ആനയിക്കുന്നു

 തൂക്കുപാലം/അണക്കര

കുടിയേറ്റ അതിജീവന ചരിത്രം ഇതിഹാസമാക്കിയ മലനാടിന്റെ അതിർത്തി ഗ്രാമങ്ങളിലൂടെ ചെമ്പതാകയിലൊത്തുചേർന്ന്‌ ആയിരങ്ങൾ. വികസനത്തിന്റെയും സംരക്ഷണത്തിന്റെയും സുവ്യക്തമായ നേർക്കാഴ്‌ചയുടെയും വിനാശനാളുകൾക്കന്ത്യമേകിയ ചുവടുവയ്‌പ്പിന്റേയും സന്ദേശം പകർന്ന്‌ ‘പുതിയ ഇടുക്കി പുതു മുന്നേറ്റമെന്ന’ മുദ്രാവാക്യവുമായി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ക്യാപ്‌റ്റനായ ജനകീയ വിജയ സന്ദേശ യാത്രക്ക്‌ എങ്ങും സ്‌നേഹോഷ്‌മള സ്വീകരണം. നേരിന്റെയും സുതാര്യതയുടെയും വികസന രാഷ്‌ട്രീയത്തിന്‌ ഹൃദയാഭിവാദ്യമർപ്പിക്കാനെത്തുന്നത്‌ നാനാ തുറകളിലുള്ളവർ. തെറ്റിദ്ധാരണ പരത്തി കർഷക മനസ്സുകളിൽ ആശങ്കനിറയ്‌ക്കുന്ന വലതുരാഷ്‌ട്രീയ–- മാധ്യമ കൂട്ടുകെട്ടിനെ തുറന്നുകാട്ടിയാണ്‌ ജാഥയുടെ മുന്നേറ്റം.വർഗീയ ഭിന്നിപ്പിലൂടെ ജനതയെയും നാടിനേയും വേർതിരിക്കുന്ന കേന്ദ്രഭരണ കൊടുംചതികെൾക്കെതിരേയും പ്രതിരോധമുയർത്തുന്നുണ്ട്‌.
ഇതര പാർടികളും 
പൊതുസമൂഹവും 
വരവേറ്റ്‌
ജാഥയുടെ നാലാംദിനത്തിലും സമാനതകളില്ലാത്ത സ്വീകരണം നൽകാൻ ഓരോ കേന്ദ്രത്തിലും ജനസഞ്ചയം കാത്തുനിന്നു. നെടുങ്കണ്ടം ഏരിയയിലെ തൂക്കുപാലമായിരുന്നു ആദ്യകേന്ദ്രം. ഇതിനുശേഷം കൂട്ടാർ, കമ്പംമെട്ട്‌ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വണ്ടൻമേട്‌ ഏരിയയിലെ പുറ്റടിയിലും അണക്കരയിലും ജാഥയെ വരവേറ്റു. പാർടി വീടൊരുക്കുന്ന ഷാമിലയും കുടുംബവും ക്യാപ്‌റ്റനെ സ്വീകരിച്ചു. കൂടാതെ ഗിന്നസ്‌ റെക്കൊഡുലഭിച്ച സഹോദരങ്ങളായ നിരഞ്ജനും നിഹാലും സ്വീകരിച്ചു. കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ജോസ്‌ പാലത്തിനാൽ, ജനതാദൾ ജില്ലാ പ്രസിഡന്റ്‌ സനൽകുമാർ മംഗലശേരിൽ എന്നിവർ വരവേൽക്കാനെത്തി. തൂക്കുപാലത്ത്‌ ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ, കൂട്ടാറിൽ ടി ഉണ്ണികൃഷ്‌ണൻ, കമ്പംമെട്ടിൽ വി എസ്‌ ബിനു, പുറ്റടിയിൽ കെ ടി ഭാസിഎന്നിവർ അധ്യക്ഷരായി. നെടുങ്കണ്ടം ഏരിയയിൽ കർഷകരും മറ്റ്‌ പൊതുസമൂഹം എത്തിയെങ്കിൽ വണ്ടൻമേട്ടിൽ പ്രധാനമായും തോട്ടം തൊഴിലാളികൾ ഒഴുകിയെത്തി. വാഹനങ്ങളുടെ അകമ്പടിയോടെ ആയിരങ്ങൾ അണക്കരയിൽ ജാഥയെ സമാപന സമ്മേളനവേദിയിലേക്ക് ആനയിച്ചു.
അണക്കരയിൽ സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി എസ് ബിസി അധ്യക്ഷനായി. അജി പോളച്ചിറ സ്വാഗതം പറഞ്ഞു. കെ ആർ സോദരൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ക്യാപ്‌റ്റനുപുറമെ എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, മുൻ എംപി ജോയ്‌സ്‌ ജോർജ്‌, വൈസ്‌ ക്യാപ്‌റ്റൻ ഷൈലജ സുരേന്ദ്രൻ, ജാഥാംഗങ്ങളായ പി എസ്‌ രാജൻ, റോമിയോ സെബാസ്‌റ്റ്യൻ, എം ജെ മാത്യു, വി എൻ മോഹനൻ, മാനേജർ കെ വി ശശി, എൻ വി ബേബി, ഏരിയ സെക്രട്ടറി വി സി അനിൽ,  കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി രാരിച്ചൻ നീറണാംകുന്നേൽ, ഉൾപ്പെടെയുള്ളവവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവർ ജാഥയെ അനുഗമിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top