26 April Friday

ഓട്ടം നിലച്ചെങ്കിലും കൈവിടാതെ...

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
കരിമണ്ണൂർ
കേരളത്തിന്റെ ഗ്രാമീണവീഥികളിൽ കൊമ്പുകുലുക്കി ഭാരവണ്ടികൾ വലിച്ചിരുന്ന കാളകൾ അപ്രത്യക്ഷമായിട്ട‌് അരനൂറ്റാണ്ടാകുന്നു. മോട്ടോർ വാഹനങ്ങൾ നിരത്തുകൾ കീഴടക്കിയെങ്കിലും പരമ്പരാഗതമായി ലഭിച്ച കാളവണ്ടി കാത്ത‌ു പരിപാലിക്കുകയാണ‌് കോടിക്കുളം തണ്ടേൽ രാമന്റെയും ല‌ളിതയുടെയും മകൻ ബിബിൻ. ഓട്ടം നിലച്ചെങ്കിലും ബിബിന്റെ മനസ്സിൽ ഇപ്പോഴും ഈ വണ്ടി ഓടുന്നുണ്ട്‌. പാരമ്പര്യമായി ഇവർക്ക‌് രണ്ടു കാള‌വണ്ടികളാണ്  ഉണ്ടായിരുന്നത‌്. ഭാരവണ്ടിയും സവാരി വണ്ടിയും. ഇതിൽ ഭാരവണ്ടി കുറച്ചുനാൾ മുമ്പ‌് വിറ്റു. സവാരി വണ്ടി വിൽക്കാതെ ചേർത്തുപിടിക്കുകയാണ്‌ ബിബിൻ.
പുളിയരി, ചോളത്തവിട‌്, പരുത്തിപ്പിണ്ണാക്ക‌്, വൈക്കോൽ എന്നിവയ്‌ക്കായി ദിവസേന നല്ലൊരു തുക കാളകളുടെ പരിപാലനത്തിന്‌ ചെലവാക്കേണ്ടിവരും. വരുമാനം തികയാതെ വന്നതോടെ മനസ്സില്ലാമനസ്സോടെയാണ്‌ കാളകളെ വിറ്റത‌്. കാളകൾ ഇല്ലെങ്കിലും താൻ ഇഷ്ടപ്പെടുന്ന വണ്ടി തൂത്തുമിനുക്കി വീട്ടുമുറ്റത്ത‌് സൂക്ഷിക്കുകയാണ‌് ബിബിൻ. പിന്തുണയുമായി ഭാര്യ ഹരിതയും. കേരളത്തിലും തമിഴ‌്നാട്ടിലും നടന്നിരുന്ന കാളവണ്ടി ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത‌് ബിബിന‌് ഹരമായിരുന്നു. നിരവധി സമ്മാനങ്ങളും നേടി. കാളവണ്ടി ഓട്ടമത്സരങ്ങൾ പുനരാരംഭിക്കുമെന്നാണ‌് പ്രതീക്ഷയെന്നും അങ്ങനെ വന്നാൽ എന്തു വിലകൊടുത്തും കാളകളെ വീണ്ടും വാങ്ങുമെന്നും ബിബിൻ പറഞ്ഞു. 
വിലയിലും താരങ്ങൾ
ഒരു ജോടി വണ്ടിക്കാളകൾക്ക‌് മൂന്നുലക്ഷം രൂപ വരെയാണ‌് വില. ഒമ്പതു ലക്ഷം രൂപ വിലയുള്ള കാളകളുമുണ്ട‌്. സാധാരണ കാളവണ്ടിക്ക‌് ഒരു ലക്ഷത്തോളം രൂപ വിലവരും. കോവിഡും മൃഗസ‌്നേഹികളുടെ ഇടപെടലും സവാരി വണ്ടിയുടെ ഓട്ടവും നിലപ്പിച്ചതായി ബിബിൻ പറഞ്ഞു. ചില ‘ഫ്രീക്കന്മാർ’ വിവാഹത്തിനുശേഷം വധൂവരന്മാരെ ആനയിക്കാൻ കാളവണ്ടിയെ വിളിക്കും. 25,000 രൂപ വരെയാണ‌് ഇതിന‌് ഈടാക്കുന്നത‌്. 
ഓർമകളിൽ മായാതെ
മുമ്പ്‌ ഗ്രാമങ്ങളിലെ ചെറുകിട കച്ചവടക്കാർ ചന്തയിൽനിന്ന്‌ ഒരാഴ‌്ചത്തേക്കുള്ള വസ‌്തുക്കൾ വിൽപ്പനയ‌്ക്കായി വാങ്ങി എത്തിച്ചിരുന്നത‌് ഈ കാ‌ളവണ്ടികളിലായിരുന്നു. ചന്തയിൽ വിൽപ്പനയ‌്ക്കുള്ള ചരക്ക‌്, അറക്കമില്ലുകളിലേക്ക‌് തടി എന്നിവ എത്തിച്ചിരുന്നതും ഇതിൽതന്നെ. ഇണക്കവും അനുസരണയുമുള്ള കാളകൾ ഭാരവും യജമാനനെയും കൃത്യമായും സുരക്ഷിതമായും നിശ‌്ചിത സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്‌ ഇപ്പോഴും മായാതെ മനസ്സിൽ കിടക്കുകയാണെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top