07 May Tuesday
ആധാറിലെ ജനനത്തീയതി മൂന്നാമതും തിരുത്താം

ആശ്വാസതീരത്ത്‌ സരോജിനി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
തൊടുപുഴ
ആധാറിൽ മൂന്നാമതും ജനനത്തീയതി തിരുത്തിക്കാൻ നടത്തിയ നിയമപോരാട്ടം വിജയിച്ചതിൽ ആശ്വസിക്കുകയാണ്‌ തോട്ടംതൊഴിലാളിയായ സരോജിനി. മലങ്കര എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്ന തോട്ടത്തിൽ സരോജിനി(61)ക്ക്‌ പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളും താമസിയാതെ ലഭിക്കും.
 വിധവയായ സരോജിനി ഒറ്റയ്‌ക്കാണ്‌ താമസം. മകളെ പാലക്കാട്‌ വിവാഹം ചെയ്‌തയച്ചു. എസ്‌റ്റേറ്റിൽനിന്ന്‌ പിരിഞ്ഞ സരോജിനി വിരമിക്കൽ ആനുകൂല്യത്തിനും മറ്റുമായി അപേക്ഷ സമർപ്പിച്ചപ്പോഴാണ്‌ ആധാർകാർഡിലെ വയസ്സ്‌ തെറ്റിയത്‌ മനസ്സിലാകുന്നത്‌. ഇത്‌ തിരുത്താൻ തൊടുപുഴയിലെ അക്ഷയ കേന്ദ്രത്തിലെത്തി തിരുത്തൽ നൽകി. എന്നാൽ പറഞ്ഞുകൊടുത്ത ജനനത്തീയതി തെറ്റിപ്പോയി. രണ്ടാമതും അക്ഷയകേന്ദ്രത്തിൽ എത്തി ശരിയായ ജനനതീയതി പറഞ്ഞുകൊടുത്തെങ്കിലും ജീവനക്കാരുടെ പിഴവുമൂലം വീണ്ടും പിശകായി അച്ചടിച്ചുവന്നു. രണ്ടുതവണയിൽ കൂടുതൽ ആധാർ കാർഡിൽ ജനനത്തീയതി തിരുത്താൻ പാടില്ലെന്നാണ്‌ നിയമം. 
   ഇതോടെയാണ്‌ സരോജിനി സിപിഐ എം മ്രാല ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ്‌ അനന്തുവിനെ സമീപിച്ചത്‌. അനന്തു തൊടുപുഴ ഈസ്‌റ്റ്‌ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസലിനെ വിവരംധരിപ്പിച്ചു. തുടർന്ന്‌ പ്രത്യേക അപേക്ഷയുമായി ബംഗളൂരുവിലുള്ള സൗത്ത്‌ സോൺ ആധാർ ഓഫീസിൽ എത്തിയെങ്കിലും അനുകൂലതീരുമാനമായില്ല. തുടർന്ന്‌  തിരുവനന്തപുരത്തെ ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും രണ്ടുതവണ തിരുത്തിനൽകിയ കാർഡ്‌ തിരുത്താനാകില്ലെന്ന്‌ മറുപടി ലഭിച്ചു. 
  ഇതോടെ സിപിഐ എം സഹായത്തോടെ അഭിഭാഷകരായ ജിതിൻ ബോസ്‌, അമീർ സലിം, നസ്ലി നസീർ എന്നിവർ  മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. ഹർജിക്കാരിയുടെ സ്‌കൂൾ രേഖയും പ്രായവും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുടെ ലഭ്യതയും പരിഗണിച്ച്‌ മൂന്ന്‌ മാസത്തിനുള്ളിൽ ആധാർകാർഡ്‌ തിരുത്തിനൽകാൻ തിരുവനന്തപുരം ഡയറക്ടർ ഓഫ് അക്ഷയ സ്‌റ്റേറ്റ്‌ പ്രൊജക്‌ട്‌ ഓഫീസർക്കും ഡയറക്ടർ ഓഫ്‌ പ്രോജക്ട്‌ മാനേജർ അക്ഷയ എന്നിവർക്ക്‌ കോടതി നിർദ്ദേശംനൽകി. ഒരുവർഷത്തെ കാത്തിരിപ്പിന്‌ ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ്‌ സരോജിനി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top