26 April Friday

ജില്ല സമ്പൂർണ വാക്‌സിനേഷനിലേക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 21, 2021

തൊടുപുഴ വെങ്ങല്ലൂരിൽ വീട്ടിലെത്തി വാക്സിൻ നൽകുന്ന ആരോഗ്യപ്രവർത്തക (ഫയൽ ചിത്രം )

 
തൊടുപുഴ
കോവിഡ്‌ പ്രതിരോധത്തിന്‌ കരുത്തുപകർന്ന്‌ ജില്ലയിൽ വാക്‌സിനേഷൻ 95 ശതമാനം കടന്നു. ഇതുവരെ 8,30,901 പേരാണ്‌ ആദ്യ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചത്‌. 3,58,676 പേര്‌ രണ്ടാം ഡോസ്‌ വാക്‌സിനും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ, മറ്റ്‌ പ്രതിരോധ പ്രവർത്തകർ, 18 വയസ്സിന്‌ മുകളിലുള്ളവർ എന്നിവർ ഉൾപ്പെടെയുള്ള കണക്കാണിത്‌. 60 വയസ്സിന്‌ മുകളിലുള്ള എല്ലാവർക്കും 45 വയസ്സിന്‌ മുകളിലുള്ള 99 ശതമാനം പേർക്കും ആദ്യ ഡോസ്‌ നൽകിക്കഴിഞ്ഞു. 18നും 44നും ഇടയിലുള്ള 77 ശതമാനം പേർക്കും വാക്‌സിൻ നൽകി. 45 വയസ്സിന്‌ മുകളിലുള്ള 65 ശതമാനം പേർക്കും 18– 44 വയസ്സിന്‌ ഇടയിലുള്ള 35 ശതമാനം പേർക്കും രണ്ടാം ഡോസ്‌ നൽകി. 
ജില്ലയിലെ 54 തദ്ദേശസ്ഥാപനങ്ങളിൽ നാൽപത്തഞ്ചോളം ഇടത്തും ആദ്യ ഡോസ്‌ ഇതിനകം നൂറ്‌ ശതമാനം പൂർത്തിയാക്കി. മറ്റിടങ്ങളിൽ അടുത്ത രണ്ട്‌ ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ്‌ ശ്രമമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഉൾപ്പെടെ പ്രത്യേക ക്യാമ്പ്‌ നടത്തിയാണ്‌ വാക്‌സിനേഷൻ അവസാന ഘട്ടത്തിലെത്തിയത്‌. ജില്ലയിൽ ആകെ 71 വാക്‌സിൻ കേന്ദ്രങ്ങളാണുള്ളത്‌. ജനുവരി 16ന്‌ ആരംഭിച്ച വാക്‌സിനേഷന്റെ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെയും സർക്കാർ ജീവനക്കാരെയുമാണ്‌ പരിഗണിച്ചത്‌. പിന്നീട്‌ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വാക്‌സിനേഷന്‌ ഇളവുകൾ വന്നെങ്കിലും കൂടുതൽ പേർ എത്തിയിരുന്നില്ല. മാർച്ചിൽ മാസ്‌ ക്യാമ്പ്‌ ഉൾപ്പെടെ നടത്തിയെങ്കിലും വിജയം കണ്ടില്ല. കോവിഡ്‌ രണ്ടാം തരംഗം രൂക്ഷമായതോടെ കൂടുതൽ പേർ വാക്‌സിനെടുക്കാൻ എത്തുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top