27 April Saturday
രാത്രിയാത്ര നിരോധിച്ചു

അതീവ ജാഗ്രത, ജില്ല
സർവസജ്ജം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
ഇടുക്കി
സംസ്ഥാനത്ത് ബുധൻ മുതൽ ചുഴലിക്കാറ്റും കനത്ത മഴയും കാലാവസ്ഥ വിഭാഗം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. 24 വരെ രാത്രിയാത്ര നിരോധിച്ചതായി കലക്ടർ ഷീബാ ജോർജ്‌ അറിയിച്ചു. അടിയന്തരമായി ചേർന്ന ദുരന്തനിവാരണ സമിതിയോഗം ഒരുക്കങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ ഇടങ്ങളിൽ അതീവശ്രദ്ധ പുലർത്താൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇടുക്കിയുമായി ബന്ധപ്പെട്ട കോട്ടയം– --കുമളി റോഡിൽ ആവശ്യ സർവീസുകൾക്ക്‌ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്. ദേവികുളം– ഗ്യാപ് റോഡ് സ്ഥിതി വിലയിരുത്തി മാത്രം തുറക്കും. 
   മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ നിർബന്ധപൂർവം ക്യാമ്പുകളിലേക്ക് മാറ്റാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. ബുധൻ, വ്യാഴം ദിവസങ്ങളിൽ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ നിർബന്ധമായും ജോലിക്ക് എത്തണം. മെഡിക്കൽ ലീവ് ഒഴികെ അനുവദിക്കില്ലെന്നും കലക്ടർ വ്യക്തമാക്കി. ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ മണ്ണുമാന്തിയന്ത്രങ്ങൾ തയ്യാറാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം. ജില്ലയിൽ പാറമടകളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിപ്പിക്കാൻ പാടില്ല. അപകടനിലയിലുള്ള മരങ്ങൾ ഉണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് അവ വെട്ടിമാറ്റണം. ഇടിഞ്ഞുവീഴാറായ പാറക്കല്ലുകൾ സുരക്ഷിതമായി പൊട്ടിച്ചുനീക്കണം. ദേവികുളം താലൂക്കിൽ എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി സബ്‌ കലക്ടർ രാഹുൽ കൃഷ്ണശർമ അറിയിച്ചു. മാങ്കുളം, ആനവിരട്ടി പോലെ അതീവ അപകടസാധ്യതാ മേഖലകളിൽ കർശന ജാഗ്രത പുലർത്താൻ കലക്ടർ നിർദേശം നൽകി. മുല്ലപ്പെരിയാർ സാന്നിധ്യമേഖലയായ മഞ്ചുമലയിൽ പ്രത്യേക നിരീക്ഷണമുണ്ടാകും. 
ക്യാമ്പുകളിൽ കോവിഡ്‌ മുൻകരുതൽ
ഇടുക്കി
ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി. വാക്സിൻ ഇനിയും എടുക്കാത്തവർക്ക് നൽകാനും ആരോഗ്യ അധികൃതരെ ചുമതലപ്പെടുത്തി. ഇടുക്കി അണക്കെട്ട്‌ തുറന്നതുമായി ബന്ധപ്പെട്ട് വാഴത്തോപ്പ്, കീരിത്തോട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇവിടെ ഇപ്പോൾ 14 പേർ കഴിയുന്നു. ക്യാമ്പുകളിൽ മെഡിക്കൽ ടീം ഉണ്ടായിരിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലയിൽ ബുധൻ മുതൽ 24 വരെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യോഗത്തിൽ ജില്ലയിലെ തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും മറ്റ് ഇതര വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top